ADVERTISEMENT

മാസ വരുമാനക്കാർക്കു നിരാശ നൽകുന്ന ബജറ്റ്. ആദായനികുതി സ‌്ലാബുകളിൽ മാറ്റമില്ല. 2.5 ലക്ഷം രൂപ വരെയാണ് ആദായ നികുതി ഒഴിവിനുള്ള പരിധി– 60 വയസ്സ് തികഞ്ഞവർക്ക് പരിധി 3 ലക്ഷവും 80 വയസ്സ് തികഞ്ഞവർക്ക് 5 ലക്ഷവും. ഒഴിവിന്റെ പരിധി 2.5 ലക്ഷമാണെങ്കിലും 87 എ വകുപ്പ് പ്രകാരം (റിബേറ്റ്)12,500 രൂപ വരെ കിഴിവ് പരിഗണിക്കുമ്പോൾ 5 ലക്ഷത്തിൽ താഴെ വരുമാനമുള്ള വ്യക്തികൾ നികുതി അടയ്ക്കേണ്ടി വരില്ല. വരുമാനം 5 ലക്ഷം രൂപ കടന്നാൽ 2.5 ലക്ഷം രൂപ മുതലുള്ള നികുതി കണക്കാക്കി അടയ്ക്കേണ്ടി വരും.

കോവിഡ് ചികിത്സച്ചെലവ്

2019–2020 സാമ്പത്തിക വർഷം മുതൽ കോവിഡ് ചികിത്സയ്ക്ക് തൊഴിൽ ഉടമ ചെലവാക്കുന്ന തുക (50,000 രൂപയ്ക്ക് മുകളിൽ) ജീവനക്കാരന്റെ വരുമാനത്തിൽ പെർക്വിസിറ്റായി (വേതനാധിക മൂല്യം) കണക്കാക്കില്ല. മുൻപ് തുക കൈപ്പറ്റുന്ന ആളുടെ വരുമാനമായി പരിഗണിച്ചിരുന്നു. അതുപോലെ ഒരു വ്യക്തിക്ക് അയാളുടെയോ കുടുംബത്തിന്റെയോ കോവിഡ് ചികിത്സയ്ക്കായി ലഭിക്കുന്ന തുക വരുമാനത്തിൽ ഉൾപ്പെടുത്തില്ല. 2021 ജൂണിൽ ധന മന്ത്രാലയം പുറപ്പെടുവിച്ച മാർഗ നിർദേശങ്ങളിൽ മുൻകാല പ്രാബല്യത്തോടെയാണ് ഭേദഗതി വരുത്തിയത്.

കോവിഡ് മൂലം മരിച്ച വ്യക്തിയുടെ കുടുംബത്തിനു ലഭിക്കുന്ന 10 ലക്ഷം രൂപ വരെയുള്ള ധനസഹായത്തിനും ഇളവുണ്ട്. തുക ആർക്കാണോ കിട്ടുന്നത് ആ വ്യക്തിയുടെ വരുമാനമായി കണക്കാക്കില്ല. 10 ലക്ഷത്തിൽ കൂടുതലാണെങ്കിൽ വരുമാനമായി കണക്കാക്കും. മരിച്ച ആളുടെ തൊഴിൽ ഉടമയാണ് തുക നൽകുന്നതെങ്കിൽ പരിധിയില്ല. 12 മാസത്തിനുള്ളിൽ കിട്ടുന്ന തുകയ്ക്കാണ് ഇളവ്.

സർക്കാർ ജീവനക്കാർക്ക് ആനുകൂല്യം

നാഷനൽ പെൻഷൻ സ്കീം അക്കൗണ്ടിലേക്കു തൊഴിൽ ഉടമ, സർക്കാർ വിഹിതത്തിനു 80 സിസിഡി വകുപ്പ് പ്രകാരം വരുമാനത്തിൽ നിന്നു 50,000 രൂപ വരെ കിഴിവുണ്ട്. കേന്ദ്ര സർക്കാരാണ് വിഹിതം നൽകുന്നതെങ്കിൽ ശമ്പളത്തിന്റെ 14% വരെ കിഴിവിനു പരിഗണിച്ചിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ മറ്റ് തൊഴിൽ ഉടമകൾ എന്നിവരുടെ കാര്യത്തിൽ 10% വരെ കിഴിവ് മാത്രമാണ് പരിഗണിച്ചിരുന്നത്.

സമ്മാനങ്ങൾക്ക് സ്രോതസ്സിൽ നികുതി

പുതിയതായി ചേർത്തിട്ടുള്ള 194 ആർ വകുപ്പ് പ്രകാരം ബിസിനസ്, തൊഴിൽ എന്നിവയുടെ ഭാഗമായി നൽകുന്ന സമ്മാനം അല്ലെങ്കിൽ ആനുകൂല്യത്തിൽ നിന്നും (മൂല്യം 20,000 രൂപയിൽ കൂടിയാൽ) ഇത് നൽകുന്ന ആൾ 10% നിരക്കിൽ സ്രോതസ്സിൽ നികുതി പിടിക്കണം. ഭാഗികമായി പണവും ഭാഗികമായി സമ്മാനവുമാണു നൽകുന്നതെങ്കിലും സ്രോതസ്സിൽ നികുതി അടച്ചുവെന്ന് ഉറപ്പാക്കണം.

വസ്തു വാങ്ങുമ്പോൾ

ഏപ്രിൽ മുതൽ വസ്തു വിൽക്കുന്ന ആൾ റസിഡന്റ് ആണെങ്കിൽ മുദ്ര വില അഥവാ പ്രതിഫല തുക 50 ലക്ഷം രൂപയിൽ കൂടിയാൽ അധിക തുകയുടെ ഒരു ശതമാനം നികുതി സ്രോതസ്സിൽ പിടിക്കണം. വസ്തു വിൽക്കുന്ന ആൾ നോൺ റസിഡന്റ് ആണെങ്കിൽ 195 വകുപ്പ് പ്രകാരമാണ് സ്രോതസ്സിൽ 20% നികുതി പിടിക്കേണ്ടത്. 50 ലക്ഷം രൂപ എന്ന പരിധിയുടെ ആനുകൂല്യമില്ല.

സിനിമ: വിവരങ്ങൾ നൽകിയില്ലെങ്കിൽ പിഴ

285 ബി പ്രകാരം നിലവിൽ സിനിമ നിർമാതാക്കൾ 52 എ ഫോമിൽ സാമ്പത്തിക വർഷം അവസാനിച്ച് 30 ദിവസത്തിനുള്ളിൽ 50,000 രൂപയിൽ കൂടുതൽ പ്രതിഫലം ലഭിച്ച ഓരോ വ്യക്തിയുടെയും വിവരങ്ങൾ നൽകേണ്ടതുണ്ട്.

ott-theatre

ഈ നിയമം ഇവന്റ് മാനേജ്മെന്റ്, ഡോക്യുമെന്ററി നിർമാണം, ഒടിടി പ്ലാറ്റ്ഫോം, സ്പോർട്സ് ഇവന്റ് മാനേജ്മെന്റ് തുടങ്ങിയ മേഖലകളിലും നടപ്പാക്കി. വിവരങ്ങൾ സമർപ്പിക്കാൻ വൈകിയാൽ പ്രതിദിനം 500 രൂപയാണു പിഴ. മുൻപ് ഇത് 100 രൂപയായിരുന്നു.

ആദായ നികുതി വകുപ്പ് അയയ്ക്കുന്ന നോട്ടിസുകൾക്ക് മറുപടി നൽകാതിരിക്കുക, വിവരങ്ങൾ നൽകാതിരിക്കുക പരിശോധന അനുവദിക്കാതിരിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് 272 എ വകുപ്പ് പ്രകാരം പ്രതിദിനം 500 രൂപ പിഴ നൽകണം. നിലവിൽ 100 രൂപയാണ് .

നവീകരിച്ച റിട്ടേൺ

ഓഡിറ്റ് ബാധകമല്ലാത്തവർക്കു നവീകരിച്ച റിട്ടേൺ സമർപ്പിക്കാൻ അനുവദിച്ച തീയതി ജൂലൈ 31 ആണ്. ഓഡിറ്റുള്ളവർക്ക് ഒക്ടോബർ 31. (കോവിഡ് മൂലം ഈ വർഷം സമയം യഥാക്രമം ഡിസംബർ 31, മാർച്ച് 15 വരെ നീട്ടിയതാണ്). ജൂലൈ 31 വരെയാണ് സമയമെങ്കിലും മാർച്ച് 31 വരെ റിട്ടേൺ നൽകാം പക്ഷേ, പിഴ നൽകണം; നികുതി ബാക്കി അടയ്ക്കാനുണ്ടെങ്കിൽ പലിശയും.

technical-university-audit

ഇതിനിടയിൽ മുൻപ് സമർപ്പിച്ച റിട്ടേൺ റിവൈസ് ചെയ്യാം. അതായത് തെറ്റുകൾ തിരുത്തി പുതുക്കിയ റിട്ടേൺ നൽകാം. റിട്ടേൺ റിവൈസ് ചെയ്യുമ്പോൾ മുൻപ് നൽകിയ അതേ നിരക്കിൽ തന്നെയാണ് നികുതി അടയ്ക്കേണ്ടത്. മാർച്ച് 31 നു ശേഷം റിട്ടേൺ സമർപ്പിക്കാൻ സാധ്യമല്ല. 2020–21 സാമ്പത്തിക വർഷത്തേക്കുള്ള റിട്ടേൺ റിവൈസ് ചെയ്യാനുള്ള തീയതി 2022 മാർച്ച് ആണ്.

139 (8–എ) ആയി ചേർത്ത പുതിയ ഭേദഗതി പ്രകാരം റിവൈസ്ഡ് റിട്ടേൺ എന്നല്ല അപ്ഡേറ്റഡ് റിട്ടേൺ എന്നാണ് വിളിക്കുന്നത്. അപ്ഡേറ്റഡ് റിട്ടേൺ മേൽപറഞ്ഞ സമയ പരിധിക്കു ശേഷം സമർപ്പിക്കാമെങ്കിലും 140 ബി വകുപ്പ് പ്രകാരം കണക്കാക്കുന്ന അധിക നികുതിയും നൽകണം. അസസ്മെന്റ് വർഷത്തിനു ശേഷം 12 മാസത്തിനകം അപ്ഡേറ്റഡ് റിട്ടേൺ സമർപ്പിച്ചാൽ നികുതിയുടെ 25% അധിക നികുതിയാണ് അടയ്ക്കേണ്ടത്. അടുത്ത 12 മാസത്തിനകം നൽകിയാൽ നികുതിയുടെ 50% നൽകണം. 

സ്വമേധയാ മാത്രമേ അപ്ഡേറ്റഡ് റിട്ടേൺ നൽകാനാവൂ. റെയ്ഡ്, സെർച്, അഥവാ ബ്ലാക്മണി നിയമലംഘനം സംബന്ധിച്ചുള്ള വിവരം ഓഫിസർ കൈമാറിയ ശേഷം അപ്ഡേറ്റഡ് റിട്ടേൺ നൽകാനാവില്ല.

Content Highlight: Union Budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com