രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്; ഫലം ജൂലൈ 21ന്
Mail This Article
ന്യൂഡൽഹി ∙ രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18നു നടക്കും. വോട്ടെണ്ണൽ ജൂലൈ 21ന്. രാഷ്ട്രപതി റാം നാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24നാണ് അവസാനിക്കുന്നത്. മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജിവ് കുമാറാണ് തീയതി പ്രഖ്യാപിച്ചത്. വിജ്ഞാപനം ഈ മാസം 15നു പുറപ്പെടുവിക്കും. 29 വരെ നാമനിർദേശ പത്രിക നൽകാം. സൂക്ഷ്മപരിശോധന 30നു നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂലൈ 2.
എംപിമാരും എംഎൽഎമാരും അടങ്ങിയ ഇലക്ടറൽ കോളജാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. മൊത്തം 4809 വോട്ടർമാർ. ആകെ വോട്ടുമൂല്യം 10,86,431. പാർലമെന്റിലും അതതു സംസ്ഥാന നിയമസഭകളിലുമായിരിക്കും പോളിങ് കേന്ദ്രങ്ങൾ. ഇപ്പോഴത്തെ സാഹചര്യത്തിൽ ബിജെപിക്ക് പ്രാദേശിക കക്ഷികളുടെ സഹായത്തോടെ സ്വന്തം സ്ഥാനാർഥിയെ വിജയിപ്പിക്കാം. ഗോത്രവർഗ വനിതയാകും ബിജെപി സ്ഥാനാർഥിയെന്ന അഭ്യൂഹം ശക്തമാണ്. പ്രതിപക്ഷം പൊതു സ്ഥാനാർഥിയെ നിർത്താനുള്ള സാധ്യത ആലോചിക്കുന്നുണ്ട്. കോൺഗ്രസും പിന്തുണയ്ക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് എങ്ങനെ
രാജ്യസഭ, ലോക്‌സഭ, സംസ്‌ഥാന നിയമസഭകൾ എന്നിവിടങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ അടങ്ങുന്ന ‘ഇലക്‌ടറൽ കോളജാണ്’ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ലോക്‌സഭയിലെ 543 അംഗങ്ങളും രാജ്യസഭയിലെ 233 അംഗങ്ങളും സംസ്‌ഥാന നിയമസഭകളിലെ 4,033 ജനപ്രതിനിധികളും ഇലക്‌ടറൽ കോളജിലെ അംഗങ്ങളായിരിക്കും. ആകെ 4,809 പ്രതിനിധികൾ എല്ലാ പാർലമെന്റ് അംഗങ്ങളുടേയും വോട്ടിന്റെ മൂല്യം തുല്യമായിരിക്കും. നിയമസഭാംഗങ്ങളുടെ വോട്ടിന്റെ മൂല്യം അതത് സംസ്‌ഥനത്തിലെ ജനസംഖ്യയുടെ അടിസ്‌ഥാനത്തിലാണ്. ഏറ്റവും കൂടുതൽ മൂല്യമുള്ള യുപിയിലെ നിയമസഭാഗംത്തിന്റെ വോട്ടിനു മൂല്യം 208. ഏറ്റവും കുറവ് സിക്കിമിലേത് 7.
English Summary: President election 2022