ADVERTISEMENT

ബെംഗളൂരു∙ വോട്ടർമാർക്കു പണം നൽകിയാണു ബിജെപി തന്നെ പരാജയപ്പെടുത്തിയതെന്നു മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ. ബിജെപി സീറ്റു നിഷേധിച്ചതിനെ തുടർന്ന് ഹൂബ്ലി–ധാർവാഡ് സെൻട്രൽ മണ്ഡ‍ലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിച്ച ഷെട്ടർ ബിജെപിയുടെ മഹേഷ് തേങ്കിനക്കായിയോട് 34,289 വോട്ടുകൾക്കു പരാജയപ്പെട്ടിരുന്നു. ബിജെപിയുടെ പണക്കൊഴുപ്പും സമ്മർദ തന്ത്രങ്ങളുമാണു പരാജയത്തിന്റെ കാരണം. വീടുകൾ തോറും കയറി ബിജെപി പ്രവർത്തകർ പണം നൽകി. തന്റെ പരാജയം ഉറപ്പാക്കാൻ നടത്തിയ കഠിന പ്രയത്നം ബിജെപിയുടെ വമ്പൻ പരാജയത്തിനു കാരണമായി. 

‘ബെള്ളാരി ഖനി’ കോൺഗ്രസിന്

ബെംഗളൂരു ∙ ബെള്ളാരി ഖനി ലോബിയിലെ സഹോദരങ്ങളിൽ ബിജെപിക്കൊപ്പം നിന്ന സോമശേഖര റെഡ്ഡിയും (ബെള്ളാരി സിറ്റി) കരുണാകര റെഡ്ഡിയും (ഹരപ്പനഹള്ളി) തോറ്റു; കെആർപിപി എന്ന സ്വന്തം പാർട്ടിയുമായി മത്സരിച്ച ജനാർദന റെഡ്ഡി (ഗംഗാവതി) ജയിച്ചു. സോമശേഖര റെഡ്ഡിയും ജനാർദന റെഡ്ഡിയുടെ ഭാര്യ അരുണ ലക്ഷ്മിയും തമ്മിലുള്ള കുടുംബപ്പോരിലൂടെ ശ്രദ്ധേയമായ ബെള്ളാരി സിറ്റിയിൽ വിജയിച്ചത് കോൺഗ്രസിന്റെ നാര ഭാരത് റെഡ്ഡി.

കെട്ടുകെട്ടിക്കാൻ വന്നു; കെട്ടിവച്ച കാശ് പോയി

ബെംഗളൂരു∙ കനക്പുരയിലെ സിറ്റിങ് എംഎൽഎ കെപിസിസി അധ്യക്ഷൻ ഡി.െക ശിവകുമാറിനെ കെട്ടുകെട്ടിക്കാൻ ബിജെപി രംഗത്തിറക്കിയ വൊക്കലിഗ നേതാവും മുൻ മന്ത്രിയുമായ ആർ.അശോകയ്ക്ക് കെട്ടിവച്ച കാശ് നഷ്ടപ്പെടും. 19753 വോട്ടുകൾ നേടിയ അശോക മൂന്നാംസ്ഥാനത്താണെത്തിയത്. എന്നാൽ, സിറ്റിങ് സീറ്റായ പത‌്മനാഭനഗറിൽ ജയിച്ചതിനാൽ എംഎൽഎയായി നിയമസഭയിലുണ്ടാകും. 

ഇരട്ട ആഘാതത്തിൽ സിദ്ധരാമയ്യയുടെ എതിരാളി

കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയെ തറപറ്റിക്കാൻ ബിജെപി രംഗത്തിറക്കിയ മുൻ മന്ത്രി സോമണ്ണയ്ക്ക് മത്സരിച്ച രണ്ടു മണ്ഡലങ്ങളിലും (വരുണ, ചാമരാജ്നഗർ) അടിതെറ്റി. വരുണയിൽ 46163 വോട്ടുകൾക്കാണ് സിദ്ധരാമയ്യ സോമണ്ണയെ പരാജയപ്പെടുത്തിയത്.  ചാമരാജ്നഗറിൽ കോൺഗ്രസിലെ പുട്ടരംഗഷെട്ടിയോട് 7533 വോട്ടുകൾക്കായിരുന്നു സോമണ്ണയുടെ പരാജയം. 

സംവരണ മണ്ഡലങ്ങളിൽ ജയിക്കാതെ ബിജെപി

ബെംഗളൂരു∙ 15 പട്ടികവർഗ സംവരണ മണ്ഡലങ്ങളിൽ ഒന്നിൽപ്പോലും വിജയിക്കാനാകാതെ ബിജെപി. ഇതിൽ 14 സീറ്റുകളും കോൺഗ്രസ് നേടിയപ്പോൾ ഒരെണ്ണം ജനതാദളിനു (എസ്) ലഭിച്ചു. 36 പട്ടികജാതി സംവരണ സീറ്റുകളിൽ 21 എണ്ണം നേടി കോൺഗ്രസ് മുന്നിലെത്തി. 12 എണ്ണത്തിൽ ബിജെപി വിജയിച്ചു. 3 സീറ്റുകൾ ദളിനു ലഭിച്ചു. 

പട്ടിക ജാതി സംവരണം 15ൽ നിന്ന് 17 ശതമാനമായും പട്ടിക വർഗത്തിന്റേത് 3ൽ നിന്ന് 7 ശതമാനമായും ബിജെപി സർക്കാർ ഉയർത്തിയിരുന്നു. ഇതിൽത്തന്നെ പട്ടിക ജാതിക്കിടയിൽ ഉപസംവരണം നടപ്പിലാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ഇവ തിരഞ്ഞെടുപ്പിൽ വോട്ടായില്ലെന്നാണ് ഫലങ്ങൾ തെളിയിക്കുന്നത്.

മോദിയുടെ പരാജയമല്ല: ബൊമ്മെ

ബെംഗളൂരു∙ ബിജെപിക്കേറ്റ തിരിച്ചടി വിശദമായി അവലോകനം ചെയ്യുമെന്ന് പടിയിറങ്ങിയ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മേഖല, മണ്ഡല അടിസ്ഥാനത്തിൽ പാർട്ടിയുടെ പ്രകടനം വിലയിരുത്തും. കോൺഗ്രസ് വിശേഷിപ്പിച്ചതു പോലെ ഇതു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാജയമല്ല. അദ്ദേഹം രാജ്യത്തിന്റെ മുഴുവൻ നേതാവാണ്. ബെംഗളൂരുവിലെ പാർട്ടി ആസ്ഥാനത്ത് നടന്ന യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ അധ്യക്ഷനായിരുന്നു.

English Summary: Top BJP Defector Jagadish Shettar's Accusation After Karnataka Results

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com