ADVERTISEMENT

ജൊഹാനസ്ബർഗ് ∙ ഭാവിയിലെ വെല്ലുവിളികൾ നേരിടാൻ ബ്രിക്സ് രാജ്യങ്ങൾ സജ്ജമാകണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ബ്രിക്സ് (ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക) വാർഷിക ഉച്ചകോടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ അംഗരാജ്യങ്ങളുടെയും സമ്മതത്തോടെ ബ്രിക്സ് കൂട്ടായ്മ വിപുലപ്പെടുത്തണമെന്നും മോദി അഭിപ്രായപ്പെട്ടു. 55 അംഗ ആഫ്രിക്കൻ യൂണിയനെ ജി20 അംഗമാക്കാനുള്ള ഇന്ത്യയുടെ നിർദേശത്തിന് അദ്ദേഹം ബ്രിക്സ് രാജ്യങ്ങളുടെ പിന്തുണ തേടി. ബ്രിക്സ് രാജ്യങ്ങളെല്ലാം ജി20 അംഗങ്ങളാണ്. 

ബ്രിക്സ് വിപുലീകരണത്തെ സ്വാഗതം ചെയ്ത ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് നടപടികൾ വേഗത്തിലാക്കണമെന്നും അഭ്യർഥിച്ചു. ലോകമെങ്ങും നീതിപൂർവവും മാന്യവുമായ ഭരണസംവിധാനം ഉണ്ടാകുന്നതിന് ഇത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. 

യുക്രെയ്നിൽ റഷ്യ നടത്തുന്ന യുദ്ധത്തെ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കുന്ന പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ന്യായീകരിച്ചു. യുക്രെയ്നിന്റെയും യുഎസിന്റെയും ശത്രുതാപരമായ നിലപാട് യുദ്ധത്തിനു റഷ്യയെ നിർബന്ധിതരാക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 

ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് സിറിൽ റാമഫോസയുമായി നടത്തിയ ഉഭയകക്ഷി ചർച്ചയിൽ മോദി വ്യത്യസ്ത തലങ്ങളിലുള്ള സഹകരണത്തിന്റെ സാധ്യത തേടി. പ്രതിരോധം, കൃഷി, വ്യാപാരം, നിക്ഷേപം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാൻ ധാരണയായി. ലാറ്റിനമേരിക്ക, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ രാജ്യങ്ങളുടെ വികസനത്തിനായി സഹകരിച്ചു പ്രവർത്തിക്കാനും തീരുമാനിച്ചു.

ഗാന്ധിജി, ചന്ദ്രയാൻ, ചീറ്റപ്പുലി 

ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി മഹാത്മാ ഗാന്ധി നൽകിയ സംഭാവനകളെ അനുസ്മരിച്ചാണ് ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറിൽ റാമഫോസ മോദിയുടെ പ്രസംഗത്തോടു പ്രതികരിച്ചത്. ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെ പാരമ്പര്യ മരുന്നുകൾക്ക് ഒരുപാടു സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചാന്ദ്രദൗത്യം വിജയിച്ചതിൽ അഭിനന്ദിച്ച റാമഫോസ ഇന്ത്യയ്ക്ക് കൂടുതൽ ചീറ്റപ്പുലികളെ നൽകാമെന്ന് വാഗ്ദാനം ചെയ്തു. 

മൂവർണക്കൊടി പിടിച്ച് മോദി 

സമ്മേളനവേദിയിൽ ഓരോ നേതാവും നിൽക്കേണ്ട സ്ഥലം സൂചിപ്പിക്കുന്നതിന് സ്റ്റേജിൽ അതതു രാജ്യങ്ങളുടെ പതാക വച്ചിരുന്നു. ദക്ഷിണാഫ്രിക്കയുടെ സിറിൽ റാമഫോസ തന്റെ രാജ്യത്തിന്റെ പതാകയെടുത്ത് ഉദ്യോഗസ്ഥനെ ഏൽപിച്ചപ്പോൾ മോദി ഇന്ത്യയുടെ പതാകയെടുത്ത് ചടങ്ങ് തീരും വരെ കൈയിൽ പിടിച്ചു. 

English Summary : Narendra Modi addresses BRICS summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com