ADVERTISEMENT

ന്യൂഡൽഹി ∙ ജി20 ഉച്ചകോടിയിൽ തർക്കവിഷയമായിരുന്ന സംയുക്ത പ്രഖ്യാപനത്തിൽ ധാരണയുണ്ടാക്കാൻ സഹായിച്ചത് വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മ. ഇന്തൊനീഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ സമവായമുണ്ടാക്കുന്നതിൽ മുഖ്യപങ്കു വഹിച്ചെന്ന് ഇന്ത്യൻ ഷെർപ അമിതാഭ് കാന്ത് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്കാണ് സംയുക്ത പ്രഖ്യാപനം സംബന്ധിച്ചു ധാരണയായത്. യുക്രെയ്ൻ വിഷയത്തിൽ അതതു രാജ്യങ്ങളുടെ നിലപാടിൽ ഉറച്ചുനിന്നുകൊണ്ടും യുഎൻ രക്ഷാസമിതി അംഗീകരിച്ച പ്രഖ്യാപനം ശരിവച്ചും നിലപാടെടുക്കുന്നെന്നാണു പ്രഖ്യാപനത്തിൽ പറയുന്നത്. 

പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയത്തെക്കുറിച്ചു പറയുന്നതിന്റെ ‘ഭാഷ’ തിരുത്തി ഇന്നലെ പുതിയ ഖണ്ഡിക ചേർത്തു. പ്രഖ്യാപനമുണ്ടാകുമോ എന്ന ആശങ്ക ഇന്നലെ ഉച്ചകോടി തുടങ്ങിയപ്പോഴും തുടർന്നപ്പോഴാണ് റഷ്യ–ചൈന കൂട്ടുകെട്ടിനും പാശ്ചാത്യരാജ്യങ്ങൾക്കും ഒരുപോലെ അംഗീകരിക്കാവുന്ന രീതിയിൽ പരിഷ്കരിച്ച കരട് വിതരണം ചെയ്തത്. വെള്ളിയാഴ്ച വിതരണം ചെയ്ത കരടിൽ ഈ വിഷയം പരാമർശിച്ചിരുന്നില്ല. 

സമ്മേളനത്തിൽ പങ്കെടുക്കാത്ത റഷ്യ–ചൈന രാഷ്ട്രത്തലവന്മാരുടെ എതിർപ്പാണ് സംയുക്ത പ്രഖ്യാപനത്തിൽ യുക്രെയ്ൻ വിഷയം സംബന്ധിച്ചു വിയോജിപ്പിനു കാരണമായത്. സംയുക്ത പ്രഖ്യാപനമുണ്ടായിരുന്നില്ലെങ്കിൽ നയതന്ത്രപരമായും ഇന്ത്യയ്ക്കു തിരിച്ചടിയാകുമായിരുന്നു. ഉച്ചകോടിയിൽ പ്രഖ്യാപനമുണ്ടാകുന്നില്ലെങ്കിൽ അത് സമ്മേളനത്തിന്റെ പരാജയമായി കണക്കാക്കപ്പെടുമെന്നതാണ് ഇന്ത്യയെ ഇക്കാര്യത്തിൽ കഠിന പ്രയത്നത്തിനു പ്രേരിപ്പിച്ചത്. 

നിരാശ; തിരുത്തലുമായി യുക്രെയ്ൻ

കീവ് ∙ ‘ഞങ്ങളുടെ ഭാഗത്തുനിന്നുള്ളവർ ഉണ്ടായിരുന്നെങ്കിൽ സ്ഥിതി വ്യക്തമായി മനസ്സിലാകുമായിരുന്നു’– ജി20 ഉച്ചകോടിയുടെ സംയുക്ത പ്രഖ്യാപനത്തിൽ നിരാശ പ്രകടിപ്പിച്ച് യുക്രെയ്ൻ വിദേശകാര്യ വക്താവ് ഒലെഹ് നികൊലെങ്കോ പറഞ്ഞു. പ്രഖ്യാപനത്തിൽ വിയോജിപ്പുള്ള ഭാഗങ്ങൾ വെട്ടി പകരം കൂടുതൽ എഴുതിച്ചേർത്തുള്ള പകർപ്പ് നികൊലെങ്കോ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ‘വാർ ഇൻ യുക്രെയ്ൻ’ എന്നിടത്ത് ‘വാർ എഗെയ്ൻസ്റ്റ് യുക്രെയ്ൻ’ എന്നും ‘ഓൾ സ്റ്റേറ്റ്സ്’ എന്നിടത്ത് ‘റഷ്യ’ എന്നുമുള്ള തിരുത്തലുകളാണു പ്രധാനം.

‘യുക്രെയ്ൻ പ്രതിസന്ധി സംബന്ധിച്ച് വ്യത്യസ്ത കാഴ്ചപ്പാടുകളും വിലയിരുത്തലുകളുമുണ്ട്’ എന്ന ഭാഗം വെട്ടി പകരം, ‘യുക്രെയ്നെതിരായ റഷ്യയുടെ അധിനിവേശത്തെ ജി20 രാജ്യങ്ങൾ ഏകകണ്ഠമായി അപലപിക്കുകയും യുദ്ധം ഉടൻ നിർത്താൻ മോസ്കോയോട് ആവശ്യപ്പെടുകയും ചെയ്യുന്നു’ എന്ന് എഴുതിച്ചേർത്തു.

Content Highlight : G20 summit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com