ADVERTISEMENT

അയോധ്യ ∙ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ശക്തവും ദിവ്യവും മഹത്തരവുമായ ഇന്ത്യയുടെ അടിത്തറ പാകുന്ന പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനു ശേഷം അതിഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു മോദി. അടുത്ത 1000 വർഷത്തിനപ്പുറവും തിളങ്ങി നിൽക്കുന്ന വികസിത ഭാരതത്തിലേക്കുള്ള കാൽവയ്പാണിത്.

ക്ഷേത്രം നിർമിച്ചാൽ രാജ്യത്തു തീപടരുമെന്നു പറഞ്ഞവരുണ്ട്. അവർ ഇവിടെ വന്ന് ഇതു കാണണം. അനുഭവിച്ചറിഞ്ഞു പുനർവിചിന്തനമുണ്ടാകണം. ഇന്ത്യയുടെ ആത്മാവിലുള്ള സഹജ മനോഭാവത്തെ അവർക്കു കാണാൻ പറ്റാതെ പോയതു കൊണ്ടാണ് അങ്ങനെ തോന്നിയത്. ആരാണ് ഈ ശുഭവേളയ്ക്ക് അവസരമുണ്ടാക്കിയതെന്നു ലോകം കാണുന്നുണ്ട്. ഇന്ത്യൻ സംസ്കാരത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിന്റെ പ്രതീകമാണു പ്രാണപ്രതിഷ്ഠ. രാമൻ തീയല്ല, ഊർജമാണ്. വിവാദമല്ല, സമാധാനമാണ്. ഒരാളുടേതല്ല, എല്ലാവരുടേതുമാണ്. ഏതെങ്കിലുമൊരു കാലത്തേതല്ല, അനന്തകാലത്തേക്കുള്ളതാണ്– പ്രധാനമന്ത്രി പറഞ്ഞു. 

പുതിയ ഭാരതത്തിന്റെ സൂര്യോദയമാണു രാമക്ഷേത്രം. അമ്പലം നിർമിച്ചതുകൊണ്ടു ചുമതലകൾ അവസാനിക്കുന്നില്ല. എനിക്കെന്തു ചെയ്യാനാവുമെന്നു കരുതി മാറിനിൽക്കുന്നവർ ശ്രീരാമനു സേതു നിർമിക്കാൻ സഹായം നൽകിയ അണ്ണാറക്കണ്ണനെ ഓർക്കണം. ഇതാണു ശരിയായ സമയം. വികസിത ഭാരതത്തിന്റെ പ്രതിജ്ഞയെടുക്കേണ്ട സമയമാണിത്. രാഷ്ട്ര നിർമാണത്തിന്റെ പടിയാണിത്. ദേവനിൽനിന്നു ദേശം വരെയും രാമനിൽനിന്നു രാഷ്ട്രീയം വരെയുമെത്താൻ എല്ലാവരും പ്രയത്നിക്കണം– മോദി പറഞ്ഞു. 

നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനു ശേഷം രാമൻ വന്നിരിക്കുന്നു. രാംലല്ല, ഇനി ടെന്റിൽ കഴിയില്ല എന്നു പറഞ്ഞാണു മോദി പ്രസംഗം തുടങ്ങിയത്. ജനുവരി 22 വെറും തീയതിയല്ല, യുഗാരംഭമാണെന്നും മോദി പറഞ്ഞു. രാമക്ഷേത്ര നിർമാണം ഇത്രയും വൈകിയതിന് ശ്രീരാമനോടു ക്ഷമ ചോദിക്കുന്നതായി മോദി പറഞ്ഞു. രാമക്ഷേത്ര നിർമാണം സമയത്തു പൂർത്തീകരിക്കുന്നതിൽ ചില കുറവുകളുണ്ടായി. അതെല്ലാം ഇപ്പോൾ മറികടന്നിരിക്കുന്നു. ശ്രീരാമൻ ക്ഷമിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തൊഴിലാളികളെ ആദരിച്ചു

പൊതുസമ്മേളനം കഴിഞ്ഞു ക്ഷേത്രവളപ്പിലെ‍ ജടായു പ്രതിമ പ്രധാനമന്ത്രി അനാവരണം ചെയ്തു പുഷ്പാർച്ചന നടത്തി. തുടർന്ന്  തൊഴിലാളികളെ ആദരിക്കാനെത്തി. കുട്ടയിൽ പൂക്കളുമായി എത്തിയ അദ്ദേഹം തൊഴിലാളികൾക്കു മേൽ അതു വിതറി. പിന്നീട് കുബേർ തിലയിൽ പ്രാർഥിക്കാൻ പോയി.

മറ്റുള്ളവർക്കും അഭിപ്രായമുണ്ടെന്ന് മനസ്സിലാക്കണം: മോഹൻ ഭാഗവത്

അയോധ്യ ∙ രാംലല്ലയുടെ പ്രതിഷ്ഠയ്ക്കൊപ്പം ഇന്ത്യയുടെ സ്വരവും തിരിച്ചുവന്നുവെന്ന് ആർഎസ്എസ് അധ്യക്ഷൻ മോഹൻ ഭാഗവത് പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പറഞ്ഞു. ചെറിയ തർക്കങ്ങളും വിവാദങ്ങളും വലിയ യുദ്ധങ്ങളാക്കി മാറ്റാതെ രാഷ്ട്ര പുരോഗതിക്കായി പ്രവർത്തിക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്രതമെടുത്തിരുന്നു. ഇനി ആ വ്രതം രാഷ്ട്ര പുനർനിർമാണത്തിനായി നമ്മളെല്ലാവരും എടുക്കണം. ഒരുപാടു പേരുടെ നൂറ്റാണ്ടുകൾ നീണ്ട സഹനങ്ങൾക്കൊടുവിലാണ് രാംലല്ല ക്ഷേത്രത്തിൽ തിരിച്ചു വരുന്നത്. രാമൻ അയോധ്യ വിട്ടത് അവിടെ കലഹങ്ങളുണ്ടായപ്പോഴാണ്. തിരിച്ചു വന്നതു രാമരാജ്യ സ്ഥാപനത്തിനാണ്. ഇനിയും രാമരാജ്യമുണ്ടാകാൻ നിസ്സാര കാര്യങ്ങളുടെ പേരിലുള്ള തർക്കങ്ങളൊഴിവാക്കണം. നമുക്കു മാത്രമല്ല, മറ്റുള്ളവർക്കും അഭിപ്രായമുണ്ടെന്നു മനസ്സിലാക്കണം. സർക്കാരുകൾ നൽകുന്ന പദ്ധതികൾ അർഹർക്കു ലഭിക്കുന്നുവെന്നുറപ്പാക്കണം– ഭാഗവത് പറഞ്ഞു.

ത്രേതായുഗം തിരിച്ചെത്തിയെന്ന് യോഗി ആദിത്യനാഥ് 

അയോധ്യ ∙ 500 വർഷത്തെ കാത്തിരിപ്പിനുശേഷം ത്രേതായുഗം തിരിച്ചെത്തിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവഥ്പുരിയിൽ രാംല്ല തിരിച്ചെത്തിയത് രാമരാജ്യത്തിന്റെ പ്രഖ്യാപനമാണ്. രാമന്റെ കൃപ കൊണ്ട് അയോധ്യയിലെ തെരുവുകളിൽ ഇനി വെടിയൊച്ച മുഴങ്ങില്ല, കർഫ്യൂ ഭീതിയും വേണ്ട. തെരുവുകൾ ദീപോത്സവത്തിനും രാമോത്സവത്തിനും ശ്രീറാം സങ്കീർത്തനത്തിനും വേദിയാകും. വേർതിരിവില്ലാത്ത, യോജിപ്പുള്ള സമൂഹം രാമരാജ്യത്ത് ദൃശ്യമാകും. അയോധ്യാ നഗരം വൈകാതെ ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹന്ത് നൃത്യഗോപാൽ ദാസ്, രാമക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ്, ട്രഷറർ ഗോവിന്ദ് ഗിരി എന്നിവരും പ്രസംഗിച്ചു. 

ത്രേതായുഗം 

കൃത, ത്രേതാ, ദ്വാപര, കലി എന്നിങ്ങനെ 4 യുഗങ്ങൾ. കലിയുഗം കഴിഞ്ഞാൽ വീണ്ടും കൃതയുഗം. 71 ചതുർയുഗങ്ങൾ ചേരുന്നത് ഒരു മന്വന്തരം. ശ്രീരാമൻ ത്രേതായുഗത്തിലും ശ്രീകൃഷ്ണൻ ദ്വാപരയുഗത്തിലുമാണ് ജീവിച്ചിരുന്നത് എന്നു പുരാണേതിഹാസങ്ങൾ. 5125 വർഷം മുൻപാണ് കലിയുഗം തുടങ്ങിയത്. ഇതിഹാസ, പുരാണങ്ങളിൽ ഓരോ യുഗത്തിലെയും ആകെ വർഷങ്ങളുടെ കണക്ക് ഇങ്ങനെ: കൃതയുഗം– 17,28,000, ത്രേതായുഗം– 12,96,000, ദ്വാപരയുഗം– 8,64,000, കലിയുഗം– 4,32,000. എന്നാൽ, ഓരോ യുഗവും 10,80,000 വർഷമാണെന്ന് ആര്യഭടൻ. 

English Summary:

Sun rise of new bharat says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com