ADVERTISEMENT

ന്യൂഡൽഹി ∙ ക്രിമിനലുകളുടെ പശ്ചാത്തലവിവരം ഉൾപ്പെടുത്തിയുള്ള ‘ഹിസ്റ്ററി ഷീറ്റിൽ’ ജാതിയും പിന്നാക്കാവസ്ഥയും നോക്കി ആളുകളെ യാന്ത്രികമായി ഉൾപ്പെടുത്തുന്ന രീതി സുപ്രീം കോടതി വിലക്കി. നിരീക്ഷണത്തിൽ വയ്ക്കേണ്ട ക്രിമിനലുകളെ ഈ രീതിയിൽ പട്ടിക തിരിക്കുന്നതുമായി ബന്ധപ്പെട്ട നയം പുനഃപരിശോധിക്കണമെന്നു ജഡ്ജിമാരായ സൂര്യകാന്ത്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് സംസ്ഥാന സർക്കാരുകളോടു നിർദേശിച്ചു. 6 മാസത്തിനകം ഇക്കാര്യങ്ങളിൽ നടപടി സ്വീകരിക്കാനാണ് നിർദേശം. 

സാമൂഹിക, വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള നിഷ്കളങ്കരായ ആളുകളെപ്പോലും ഈ പശ്ചാത്തലത്തിന്റെ പേരിൽ കുറ്റവാളിഗണത്തിൽ പെടുത്തുന്ന പൊലീസിന്റെ നടപടിയാണു കോടതി വിമർശിച്ചത്. ഈ മുൻവിധി പലപ്പോഴും പൊലീസ് പുലർത്തുന്നതായി പഠനങ്ങളുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. 

നേരത്തേ ക്രിമിനൽ ട്രൈബ്സ് നിയമത്തിൽ ഉണ്ടായിരിക്കുകയും പിന്നീട് ഒഴിവാക്കപ്പെടുകയും ചെയ്ത സമുദായത്തിൽപ്പെട്ടവരെ ഈ രീതിയി‍ൽ പൊലീസ് ഡയറിയിൽ ഉൾപ്പെടുത്തുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം സമുദായങ്ങളെ സംരക്ഷിക്കാൻ സർക്കാരുകൾ നടപടി സ്വീകരിക്കണമെന്നും കോടതി നിരീക്ഷിച്ചു.

ഡൽഹി പൊലീസ് വ്യക്തിഹത്യ നടത്തുകയും കുറ്റവാളിപ്പട്ടിക തയാറാക്കുകയും ചെയ്തുവെന്നു ചൂണ്ടിക്കാട്ടി ലൈംഗികാതിക്രമം ഉൾപ്പെടെ കേസുകളിൽ പ്രതിയായ ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുല്ല ഖാൻ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഖാന്റെ ഭാര്യയുടെയും പ്രായപൂർത്തിയാകാത്ത മകന്റെയും പേര് വരെ ഉൾപ്പെടുത്തിയാണു ഡൽഹി പൊലീസ് പട്ടിക തയാറാക്കിയത്. ഇതു തിരുത്തുന്നതിനായി ഡൽഹി പൊലീസ് പുറപ്പെടുവിച്ച ഉത്തരവു സുപ്രീം കോടതി ശരിവച്ചു.

English Summary:

No need of caste specific criminal list: Supreme Court

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com