ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശ്വാസ്യത ഏറ്റവും താഴ്ന്ന സ്ഥിതിയിലാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആരോപിച്ചു. കമ്മിഷൻ പുറത്തുവിട്ട വോട്ടെടുപ്പിലെ കണക്കിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി ഇന്ത്യാസഖ്യം കക്ഷി നേതാക്കൾക്ക് അയച്ച കത്തിലാണ് ഖർഗെയുടെ വിമർശനം. ആദ്യ 2 ഘട്ടം തിരഞ്ഞെടുപ്പു കഴിഞ്ഞിട്ടും കണക്കുകൾ പുറത്തുവിടുന്നതിൽ കമ്മിഷന്റെ ഭാഗത്തുണ്ടായ കാലതാമസം ചൂണ്ടിക്കാട്ടിയ ഖർഗെ, കണക്കിലെ പൊരുത്തക്കേടുകൾക്കെതിരെ ശബ്ദമുയർത്തണമെന്നു നേതാക്കളോട് ആവശ്യപ്പെട്ടു.

ആദ്യ 2 ഘട്ടങ്ങളിലെയും അന്തിമ വോട്ടിങ് ശതമാനം കമ്മിഷൻ പുറത്തുവിട്ടത് 11 ദിവസത്തിനു ശേഷമാണ്. ഇതാദ്യമായാണ് ഇത്രയും വൈകുന്നത്. 24 മണിക്കൂറിനകം വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതാണ് രീതി. ഓരോ ലോക്സഭാ മണ്ഡലത്തിലും അതിന്റെ പരിധിയിൽ വരുന്ന നിയമസഭാ മണ്ഡലങ്ങളിലും എത്ര വീതമായിരുന്നു പോളിങ് എന്ന കാര്യവും അതിലുണ്ടായിരുന്നില്ല. മൂന്നാം ഘട്ടം മുതലുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടർപട്ടിക ലഭ്യമാക്കാത്തതും ഖർഗെ ചോദ്യം ചെയ്തു. 

ഭരണഘടനയ്ക്കായി ശബ്ദിക്കണം

അധികാരലഹരിയുള്ള സ്വേച്ഛാധിപത്യ സർക്കാർ ഭരണത്തിൽ തുടരാൻ ഏതുവരെയും പോകുമെന്ന് ജനത്തിന് അറിയമെന്നു ഖർഗെ പറഞ്ഞു. ജനാധിപത്യ, ഭരണഘടനാ സംസ്കാരം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തിന് വേണ്ടി ശബ്ദമുയർത്തണം– അദ്ദേഹം ചൂണ്ടിക്കാട്ടി

അഗ്നിവീർ പദ്ധതി സൈന്യത്തിന്റേതല്ല; പദ്ധതി റദ്ദാക്കും: രാഹുൽ

ഗുംല (ജാർഖണ്ഡ്) ∙ ഇന്ത്യാസഖ്യം അധികാരത്തിലെത്തിയാൽ സൈനികരെ തിരഞ്ഞെടുക്കുന്ന പുതിയ രീതിയായ അഗ്നിവീർ പദ്ധതി റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രഖ്യാപിച്ചു. അഗ്നിവീർ പദ്ധതി സൈന്യം ആവിഷ്കരിച്ചതല്ലെന്നും പ്രധാനമന്ത്രിയുടെ പദ്ധതിയാണെന്നും ജാർഖണ്ഡിലെ ഗുംലയിൽ തിരഞ്ഞെടുപ്പു റാലിയിൽ അദ്ദേഹം പറഞ്ഞു. ‘രക്തസാക്ഷികൾക്കിടയിൽ തരംതിരിവ് പാടില്ല. രാജ്യത്തിനു വേണ്ടി ജീവൻ നൽകുന്നവർക്ക് പെൻഷൻ നിഷേധിക്കാനും പാടില്ല’ – രാഹുൽ വ്യക്തമാക്കി. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ഗോത്ര വനിതയായതിനാൽ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിനും രാമക്ഷേത്ര പ്രതിഷ്ഠയ്ക്കും മോദി ക്ഷണിച്ചില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.

നികുതിബാധ്യത കുറയ്ക്കും

5 സ്​ലാബുകളുള്ള നിലവിലെ ജിഎസ്ടി സമ്പ്രദായത്തിൽ മാറ്റം കൊണ്ടുവരുമെന്ന് രാഹുൽ വ്യക്തമാക്കി. ഒരൊറ്റ സ്​ലാബിലേക്ക് മാറ്റും. ഇത് നികുതി ബാധ്യത കുറയ്ക്കും. – അദ്ദേഹം പറഞ്ഞു. 

English Summary:

Election Commission's credibility gone: Mallikarjun Kharge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com