നേപ്പാൾ കറൻസിയിൽ ഇന്ത്യയുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം; വിവാദം, രാജി
Mail This Article
കഠ്മണ്ഡു ∙ ഇന്ത്യയുടെ ഭൂപ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം വച്ചു പുതിയ 100 രൂപ നോട്ട് അടിക്കാനുള്ള നേപ്പാൾ സർക്കാർ തീരുമാനത്തെ വിമർശിച്ചതു വിവാദമായതോടെ, പ്രസിഡന്റ് റാം ചന്ദ്ര പൗഡേലിന്റെ സാമ്പത്തികകാര്യ ഉപദേഷ്ടാവ് ചിരഞ്ജീവി രാജിവച്ചു.
കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നീ ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തിയ ഭൂപടം വച്ചു പുതിയ 100 രൂപ നോട്ട് അടിക്കാനുള്ള തീരുമാനത്തിന് കഴിഞ്ഞയാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് അംഗീകാരം നൽകിയത്. ഈ നീക്കത്തോട് ഇന്ത്യ ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. ചിരഞ്ജീവിയുടെ വിമർശനത്തിനെതിരെ വിവിധ നേതാക്കളും സംഘടനകളും രംഗത്തുവന്നതോടെയാണു രാജി നൽകിയത്.
കെ.പി. ശർമ ഒലി സർക്കാരിന്റെ കാലത്ത് 2020 മേയിലാണു ഇന്ത്യൻ പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ ഭൂപടം പരിഷ്കരിച്ചത്. ഇന്ത്യയുടെ പ്രതിഷേധം അവഗണിച്ച് ഔദ്യോഗിക രേഖകളിലെല്ലാം പുതിയ ഭൂപടം ഉപയോഗിക്കാനും തുടങ്ങി. സിക്കിം, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ 5 സംസ്ഥാനങ്ങളുമായി 1850 കിലോമീറ്റർ അതിർത്തിയാണു നേപ്പാളുമായുള്ളത്. നേപ്പാളിന്റെ നടപടി ചരിത്രവസ്തുകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു.
അതിനിടെ, രാഷ്ട്രീയഭിന്നതകളുടെ പേരിൽ നേപ്പാൾ ഉപപ്രധാനമന്ത്രിയും മധേശി നേതാവുമായ ഉപേന്ദ്ര യാദവ് രാജിവച്ചു. യാദവിന്റെ കക്ഷിയായ ജനതാ സമാജ്‌വാദി പാർട്ടി നേപ്പാൾ (ജെഎസ്പി–നേപ്പാൾ) പ്രധാനമന്ത്രി പുഷ്പ കമൽ പ്രചണ്ഡയുടെ കൂട്ടുകക്ഷി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. കഴിഞ്ഞയാഴ്ച യാദവിന്റെ പാർട്ടി പിളർത്തി മുതിർന്ന നേതാവ് അശോക് റായിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ജനതാ സമാജ്‌വാദി പാർട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷൻ അംഗീകാരം നൽകിയിരുന്നു. യാദവിന്റെ കക്ഷി പോയെങ്കിലും നിലവിൽ സർക്കാരിനു പ്രതിസന്ധിയില്ല.