ADVERTISEMENT

അഞ്ചുകിലോമീറ്റർ നീളത്തിൽ കാവിനിറത്തിൽ പതഞ്ഞൊഴുകിയ പുഴ. അതോ കാവിത്തിരയടിച്ച കടലോ? പത്രിക സമർപ്പിക്കുന്നതിന്റെ തലേന്നാൾ പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽ നടത്തിയ റോഡ് ഷോ ശരിക്കും ആൾക്കടലായി മാറി. ബനാറസ് ഹിന്ദു സർവകലാശാലയുടെ നാലാം ഗേറ്റിൽ നിന്നു വൈകിട്ട് അഞ്ചിന് സർവകലാശാലാ സ്ഥാപകൻ മദൻ മോഹൻ മാളവ്യയുടെ പ്രതിമയിൽ പുഷ്പാർച്ചനയോടെ തുടക്കം. ‘എല്ലാ ഹൃദയത്തിലും മോദി, ഇത്തവണ നാനൂറിലേറെ സീറ്റ്’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി ആരാധകർ. 400 ലേറെ സീറ്റെന്ന മോഹം ബിജെപി തന്നെ കൈവിട്ടെങ്കിലും ആരാധകർ വിട്ടുകളഞ്ഞിട്ടില്ല. ഭോജ്പുരി ഭാഷയിൽ ഹമാർ കാശി, ഹമാർ മോദി (നമ്മുടെ കാശി, നമ്മുടെ മോദി) മുദ്രാവാക്യവും മുഴങ്ങി. 

ബനാറസ് സാരി വിൽക്കുന്ന ധ്രുവ് പാണ്ഡെ 39 ഡിഗ്രി ചൂടിൽ നാലഞ്ചു മണിക്കൂർ കാത്തുനിന്നത് മോദിയെ കാണാനാണ്. അങ്ങനെ കാത്തുനിന്ന ആയിരങ്ങൾക്കു മുന്നിലൂടെ ശിവന്റെ സംഗീതോപകരണമായ ഡമരു കൊട്ടിയും വിളക്കുകൾ തെളിച്ചും ഘോഷയാത്ര കടന്നു പോയി. മോദിയുടെയും ശിവഭഗവാന്റെയും മുഖംമൂടി ധരിച്ച ആരാധകർ. ഉസ്താദ് ബിസ്മില്ലാ ഖാൻ ജീവിച്ചിരുന്ന മദാനപുരയിലെത്തിയപ്പോൾ സംഗീതം ഷെഹനായിക്കു വഴിമാറി. ഇടയ്ക്ക് നാടോടിപ്പാട്ട്. വാരാണസിയുടെ പാരമ്പര്യം വിളിച്ചോതുന്ന റോഡ് ഷോ! 

വാരാണസിയിൽ മൂന്നാം തവണയാണു മോദി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിജയത്തെക്കുറിച്ച് ആർക്കും ആശങ്കയില്ല; തുന്നൽ ജോലി ചെയ്യുന്ന അസ്ഗർ അലിയെപ്പോലെ. ‘‘എതിരാളികൾക്ക് കെട്ടിവച്ച കാശുപോലും കിട്ടില്ല’’– അസ്ഗറിന്റെ വാക്കുകൾ. 2019 ൽ നൂറിലേറെ സ്ഥാനാർഥികളാണ് ഇവിടെ മോദിക്കെതിരെ മത്സരിച്ചത്. 

അലങ്കരിച്ച വാഹനത്തിൽ മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്രസിങ്ങുമുണ്ടായിരുന്നു. കൈവീശിയും വിജയചിഹ്നം കാണിച്ചും ചിലയിടത്ത് കൈകൾ കൂപ്പി അനുഗ്രഹം തേടിയുമായിരുന്നു മോദിയുടെ വരവ്. 200 ലേറെ അമ്പലങ്ങൾക്കും 60 ആശ്രമങ്ങൾക്കു മുന്നിലൂടെ നീങ്ങിയ റോഡ് ഷോ കാശി വിശ്വനാഥക്ഷേത്രത്തിനു മുന്നിൽ അവസാനിച്ചു. മോദി അവിടെ ഭക്തനായി മാറി. ഇന്ന് 11.40നു ഗംഗയിൽ മുങ്ങിക്കുളിച്ച് കാലഭൈരവനോടു പ്രാർഥിച്ച് മോദി പത്രിക സമർപ്പിക്കും. 

മോദി പട്ന സാഹിബ് ഗുരുദ്വാര സന്ദർശിച്ചു

പട്ന ∙ പ്രധാനമന്ത്രി നരേന്ദ്ര മോദി പട്ന സാഹിബ് ഗുരുദ്വാര സന്ദർശിച്ചു. സിഖ് വിശ്വാസികളുടെ പത്താമത്തെ ഗുരു ഗോബിന്ദ് സിങിന്റെ ജന്മസ്ഥാനമെന്ന നിലയിൽ പ്രാധാന്യമുള്ളതാണ് പട്ന സാഹിബ് ഗുരുദ്വാര. ഓറഞ്ച് നിറത്തിലെ തലപ്പാവ് ധരിച്ചെത്തിയ നരേന്ദ്ര മോദി ഗുരുദ്വാരയിലെ അന്നദാന ചടങ്ങിൽ പങ്കെടുത്ത ശേഷമാണു മടങ്ങിയത്. റോഡ് ഷോയിലും തിരഞ്ഞെടുപ്പു റാലികളിലും പങ്കെടുക്കാനാണു മോദി ബിഹാറിലെത്തിയത്. 

English Summary:

Narendra Modi will submit his nomination for loksabha election 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com