ADVERTISEMENT

ബെംഗളൂരു ∙ പ്രജ്വൽ രേവണ്ണ എംപി പീഡിപ്പിച്ച 200 സ്ത്രീകൾ ഉൾപ്പെട്ട മൂവായിരത്തോളം വിഡിയോകൾ പെൻഡ്രൈവിലാക്കി പ്രചരിപ്പിച്ചെന്ന കേസിൽ 2 ബിജെപി പ്രവർത്തകരെ ഹാസനിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. ബിജെപി മുൻ എംഎൽഎ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളായ ചേതൻ, ലിഖിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്. ഇരുവരുടെയും വീടുകളിൽ തെളിവെടുപ്പ് നടത്തി. മറ്റു മൂന്നുപേർകൂടി ഈ കേസിൽ പ്രതികളായുണ്ട്. 

ദൾ എംപിയായ പ്രജ്വൽ, സ്വയം പകർത്തിയ വിഡിയോകൾ ഏപ്രിൽ 21നാണ് ചോർന്നത്. പ്രജ്വലിന്റെ ഫോണിൽ നിന്ന് മുൻ ഡ്രൈവറായ കാർത്തിക് പകർത്തിയ ദൃശ്യങ്ങൾ ബിജെപി നേതാവും അഭിഭാഷകനുമായ ദേവെരാജെ ഗൗഡയ്ക്ക് കൈമാറി. ഇത് ആയിരക്കണക്കിനു പെൻഡ്രൈവുകളിലേക്ക് പകർത്തി ഹാസനിലെ പാർക്കുകളിലും ബസ് സ്റ്റാൻഡുകളിലും മറ്റും വിതറുകയായിരുന്നു.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ, പ്രജ്വലിന്റെ പിതാവും ദൾ എംഎൽഎയുമായ എച്ച്.ഡി.രേവണ്ണയ്ക്കെതിരെ ബിജെപി സ്ഥാനാർഥിയായിരുന്ന ദേവരാജെ ഗൗഡ പരാജയപ്പെട്ടിരുന്നു. ഇപ്പോൾ രണ്ടു പാർട്ടികളും സഖ്യത്തിലാണ്. ഇതിനിടെ, നിയമസഹായം തേടിയ യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ച കേസിൽ ദേവരാജെ ഗൗഡയെ 24 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. 

പ്രജ്വൽ രേവണ്ണയെ തിരഞ്ഞ് വിദേശത്തേക്കു പോകേണ്ടതില്ലെന്ന് പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചു. ഇന്റർപോൾ വഴി നടപടികൾ പൂർത്തിയാക്കും. ജർമനിയിലേക്കു കടന്ന പ്രജ്വൽ തുടർന്ന് ദുബായിൽ എത്തിയതായി അഭ്യൂഹമുണ്ട്. സിബിഐക്ക് കേസ് കൈമാറണമെന്ന ബിജെപി–ദൾ സഖ്യത്തിന്റെ ആവശ്യം മുഖ്യമന്ത്രി സിദ്ധരാമയ്യ തള്ളി.

ദളിന്റെ എംഎൽസി സീറ്റ് ബിജെപി ഏറ്റെടത്തു

ദൾ എംപി പ്രജ്വൽ രേവണ്ണ, പീഡനക്കേസിൽ ഉൾപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ നിമയനിർമാണ കൗൺസിൽ തിരഞ്ഞെടുപ്പിനുള്ള ദളിന്റെ സീറ്റ് ഏറ്റെടുത്ത് സഖ്യകക്ഷിയായ ബിജെപി. 6 സീറ്റുകളിലേക്കു നടക്കുന്ന തിരഞ്ഞെടുപ്പിൽ ദളിന് മത്സരിക്കാൻ നീക്കിവച്ചത് ഒരു സീറ്റ് മാത്രം. നേരത്തേ നൽകാമെന്നേറ്റ, ദൾ സിറ്റിങ് സീറ്റിലും ബിജെപി സ്ഥാനാർഥിയെ നിയോഗിച്ചു. ജൂൺ 3നാണ് തിരഞ്ഞെടുപ്പ്.

English Summary:

Prajwal Revanna case: BJP workers who shared the videos arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com