ബംഗാൾ: ബിജെപിക്കു മുന്നിൽ തൃണമൂൽ കോട്ട
Mail This Article
∙ 400 സീറ്റ് എന്ന വലിയ ലക്ഷ്യത്തിലേക്ക് ബംഗാളിൽനിന്നു ബിജെപി കണക്കുകൂട്ടിയത് 35 സീറ്റ്; കഴിഞ്ഞ തവണത്തെ പതിനെട്ടിന്റെ ഇരട്ടി. എന്നാൽ, മമതയുടെ നേതൃത്വത്തിൽ തൃണമൂൽ പ്രചാരണം കടുപ്പിക്കുമ്പോൾ 18 സീറ്റ് തന്നെ ബിജെപിക്കു നിലനിർത്താനാകുമെന്നു തീർച്ചയില്ല.
പോളിങ് പൂർത്തിയായ വടക്കൻ ബംഗാളിൽ കഴിഞ്ഞതവണത്തെ പ്രകടനം കാഴ്ചവയ്ക്കാൻ ബിജെപി ബുദ്ധിമുട്ടും. ഡാർജിലിങ്ങിൽ മുൻതൂക്കമുണ്ടെങ്കിലും മറ്റു മണ്ഡലങ്ങളിൽ തൃണമൂൽ ശക്തമായ പോരാട്ടമാണു കാഴ്ചവച്ചത്.
കോൺഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ മാൾഡയിലും ബഹാരംപുരിലും ത്രികോണ മൽസരം ഫലം പ്രവചനാതീതമാക്കുന്നു. ബഹാരംപുരിൽ തൃണമൂൽ യൂസുഫ് പഠാനെ ഇറക്കിയതോടെ ന്യൂനപക്ഷ വോട്ടുകൾ വിഘടിച്ചിട്ടുണ്ട്. മുർഷിദാബാദിൽ കോൺഗ്രസ് പിന്തുണയോടെ മൽസരിച്ച സിപിഎം സെക്രട്ടറി മുഹമ്മദ് സലിമും കടുത്ത മത്സരമാണ് നേരിട്ടത്. തൃണമൂലും കോൺഗ്രസ്-സിപിഎം സഖ്യവും നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലങ്ങളിൽ ബിജെപിക്ക് അതു നേട്ടമായേക്കാം. കോൺഗ്രസിന്റെ കുത്തക സീറ്റായിരുന്ന മാൾഡ നോർത്ത് അങ്ങനെയാണ് കഴിഞ്ഞതവണ ബിജെപി ജയിച്ചത്.
കൊൽക്കത്ത നഗരത്തിലെ വിവിധ മണ്ഡലങ്ങൾ ഉൾപ്പെടെ 24 മണ്ഡലങ്ങളിലാണ് ഇനി പോളിങ് നടക്കാനുള്ളത്. ബിജെപി പ്രതീക്ഷ വയ്ക്കുന്ന ബംഗാളി ഇതര വോട്ടർമാരുള്ള നഗര മണ്ഡലങ്ങളിൽ പക്ഷേ കഴിഞ്ഞതവണയും തൃണമൂലിനായിരുന്നു നേട്ടം.
നോർത്ത് 24 പർഗാനാസ്, നദിയ ജില്ലകളിലെ 5 സീറ്റുകളിൽ ബംഗ്ലദേശിൽനിന്നു പലായനം ചെയ്തെത്തിയ മാതുവ സമുദായത്തിനു നിർണായക സ്വാധീനമുണ്ട്. ബാംഗാവ്, റാണാഘട്ട് മണ്ഡലങ്ങളിൽ 40% വോട്ടർമാർ മാതുവ വിഭാഗക്കാരാണ്. കഴിഞ്ഞതവണ 2 സീറ്റിലും ബിജെപി ജയിച്ചു. ഇത്തവണ ഇവിടെ ബിജെപി പൗരത്വ ഭേദഗതി നിയമത്തിൽ പ്രതീക്ഷ വയ്ക്കുന്നു.
∙ ആകെ സീറ്റ്: 42
∙വോട്ടെടുപ്പ് നടന്നത്: 18
∙2019ലെ ബലാബലം
ബിജെപി: 10
∙ തൃണമൂൽ: 6
∙ കോൺഗ്രസ്: 2
∙വോട്ടെടുപ്പ്
നടക്കാനുള്ളത്: 24
ബിജെപി: 8
തൃണമൂൽ: 16