Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആറ്റുകാലമ്മയ്ക്ക് ഭക്ത‌ലക്ഷങ്ങളുടെ പൊങ്കാല

Attukal-Pongala ഭക്തിലഹരിയിൽ മടക്കം: ആറ്റുകാൽ ദേവീക്ഷേത്രത്തിൽ പൊങ്കാലയ്ക്ക് എത്തിയ ഭക്തരുടെ തിരക്ക്. ഭക്തർക്കു തിരികെ മടങ്ങാനുള്ള കെഎസ്ആർടിസി ബസിന്റെ നീണ്ട നിരയും കാണാം. (വാർത്ത പേജ് മൂന്ന്) . ചിത്രം മനോരമ

തിരുവനന്തപുരം∙ ആത്മസമർപ്പണത്തിന്റെ പൊങ്കാലക്കലങ്ങൾ ദേവിക്കു മുന്നിൽ വ്രതസാഫല്യമായി തിളച്ചുതൂവി. ദേവിയുടെ അനുഗ്രഹ തീർഥം പൊങ്കാലക്കലങ്ങളിലും മനസ്സുകളിലും ഏറ്റുവാങ്ങി ആറ്റുകാലിൽ പൊങ്കാല സമർപ്പിച്ചതു ഭക്തലക്ഷങ്ങൾ. നിവേദ്യശേഷം ഭക്തരുടെ മടക്കപ്രവാഹത്തിൽ തലസ്ഥാന നഗരം മണിക്കൂറുകളോളം നിശ്ചലമായി. ഇനി അടുത്ത വർഷത്തെ പൊങ്കാലയ്ക്കായുള്ള കാത്തിരിപ്പ്. 

ആറ്റുകാൽ ക്ഷേത്രത്തിനു കിലോമീറ്ററുകൾ അകലെയും  പ്രധാന വീഥികളിലും ഇടവഴികളിലുമെല്ലാം പൊങ്കാലക്കലങ്ങൾ നിരന്ന കാഴ്ചയിലേക്കാണ് ഇന്നലെ തലസ്ഥാനം കണ്ണുതുറന്നത്. ഭക്തരുടെ ഒഴുക്ക് രാവിലെയോടെ പാരമ്യതയിലെത്തി. ഇത്തിരി തണലും അത്യാവശ്യം സൗകര്യവുമുള്ള സ്ഥലങ്ങളിലെല്ലാം അടുപ്പുകൾ കൂട്ടി അവർ കാത്തിരുന്നു. പൊങ്കാല സമർപ്പണത്തിനു മുന്നോടിയായി രാവിലെ ക്ഷേത്ര പരിസരം ശുദ്ധപുണ്യാഹം തളിച്ചു ശുദ്ധിയാക്കി. പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ അവതരിപ്പിച്ചതിനു പിന്നാലെ പൊങ്കാല അർപ്പണത്തിനു വേണ്ട ‌ഒരുക്കങ്ങളായി. 

ക്ഷേത്ര തന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അദ്ദേഹം അഗ്നി പകർന്നു. ശേഷം ദീപം സഹമേൽശാന്തിക്കു കൈമാറി. ഈ സമയം കരിമരുന്നു പ്രയോഗമുണ്ടായി. അമ്മയെ സ്തുതിച്ചുള്ള മന്ത്രോച്ചാരണങ്ങളുമായി കാത്തുനിന്ന ഭക്തരുടെ വായ്ക്കുരവകളുടെ അകമ്പടിയിൽ സഹമേൽശാന്തി ക്ഷേത്രത്തിനു മുൻവശം പണ്ടാര അടുപ്പിലേക്കു തീ പകർന്നു. ചെണ്ടമേളം മുഴങ്ങി. 

പണ്ടാരയടുപ്പിൽ നിന്നു കത്തിച്ച ദീപം പകർന്നു കൈമാറി ലക്ഷോപലക്ഷം ഭക്തരുടെ അടുപ്പുകളെയും ജ്വലിപ്പിച്ചു. അതിന്റെ പുകച്ചുരുളുകൾ നിമിഷങ്ങൾക്കകം നഗരവീഥികളിലാകെ മൂടിക്കെട്ടി. കുംഭച്ചൂടും പുകയുമൊന്നും പക്ഷേ ഭക്തരെ തളർത്തിയില്ല. വിവിധതരം വിഭവങ്ങൾ തയാറാക്കാനുള്ള തിരക്കിലായിരുന്നു അവർ.  ഇവ തയാറായതോടെ നിവേദ്യത്തിനായുള്ള കാത്തിരിപ്പായി. 

രണ്ടരയ്ക്കാണു പൊങ്കാല നിവേദ്യം നടത്തിയത്. മുന്നൂറോളം ശാന്തിക്കാരെ ഇതിനായി നിയോഗിച്ചിരുന്നു. ശേഷം ഇഷ്ടവരം നേടിയ സംതൃപ്തിയോടെ മഹാപ്രവാഹമായി മടക്കം. പ്രത്യേക സർവീസുകളുമായി കെഎസ്ആർടിസിയും റെയിൽവേയും ഒരുങ്ങിയിരുന്നെങ്കിലും ഭക്തരുടെ തിരക്കിൽ മണിക്കൂറുകളോളം നഗരം നിശ്ചലമായി. രാത്രി ഏഴേമുക്കാലോടെ കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത് ആരംഭിച്ചു. ശേഷം ഗജരാജൻ പാമ്പാടി രാജന്റെ പുറത്തേറി ദേവി മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. ഇന്നു രാത്രി ഒൻപതിനു കാപ്പഴിച്ചു കുടിയിളക്കിയശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകും.

രാത്രിയോടെ നഗരം മുഴുവൻ ശുചിയാക്കി കോർപറേഷൻ വീണ്ടും മാതൃകയായി. അടുപ്പുകൂട്ടാൻ ഉപയോഗിച്ച ഭൂരിഭാഗം ചുടുകട്ടയും പൊങ്കാലയ്ക്കുശേഷം പാവപ്പെട്ടവർക്കു വീടു നിർമിച്ചു നൽകാനായി കോർപറേഷന്റെ നേതൃത്വത്തിൽ ശേഖരിച്ചു. ഭക്തരുടെ സുരക്ഷയ്ക്കായി  വനിതകളടക്കം 4200 പൊലീസ് സേനാംഗങ്ങളെയാണു വിന്യസിച്ചിരുന്നത്.