Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊങ്കാലക്കലങ്ങളിൽ പുണ്യം നിറഞ്ഞു; ആറ്റുകാലിൽ ഭക്തിനിർഭരം നിവേദ്യസമർപ്പണം

Attukal Pongala പണ്ടാര അടുപ്പിലേക്ക് അഗ്നി പകരുന്നു. (ടിവി ദൃശ്യം)

തിരുവനന്തപുരം∙ ആറ്റുകാലമ്മയ്ക്കു പൊങ്കാല സമർപ്പിച്ച് ഭക്തജനങ്ങൾ. രാവിലെ പത്തേകാലോടെ പണ്ടാര അടുപ്പിൽ അഗ്നിപകർന്ന് ആരംഭിച്ച പൊങ്കാല സമർപ്പിക്കൽ രണ്ടരയോടെ കലങ്ങളിൽ പുണ്യാഹം തളിച്ച് അവസാനിച്ചു. വ്രതനിഷ്ഠയോടെ കാത്തിരുന്ന ലക്ഷോപലക്ഷം ഭക്തർ നിർവൃതിയായി നിവേദ്യവുമായി മടങ്ങി.

View Photos: ചിത്രങ്ങൾ കാണാം

Attukal Pongala ആറ്റുകാൽ ക്ഷേത്രത്തിൽനിന്നുള്ള കാഴ്ച. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

Read More: ആറ്റുകാൽ പൊങ്കാല: നിവേദ്യത്തിന് വിഭവങ്ങൾ 12 തരം; ചടങ്ങുകൾ ഇങ്ങനെ

കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേർന്ന രാവിലെ 10.15 നാണ് അടുപ്പുവെട്ടു നടന്നത്. 9.45നു ക്ഷേത്രത്തിൽ ശുദ്ധ പുണ്യാഹ ചടങ്ങുകൾ നടന്നു. തുടർന്നു തോറ്റംപാട്ടിനു പിന്നാലെ ക്ഷേത്രംതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽനിന്നു ദീപം പകർന്നു മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറി.

Read More: ഇഷ്ടകാര്യസിദ്ധിയ്ക്ക് ആറ്റുകാൽ പൊങ്കാല; വ്രതം എങ്ങനെ?, അറിയേണ്ടതെല്ലാം!

Attukal Pongala പൊങ്കാല സമർപ്പിക്കുന്ന ഭക്തജനം. ചിത്രം: മനോജ് ചേമഞ്ചേരി

ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ അഗ്നി പകർന്ന ശേഷം മേ‍ൽശാന്തി കൈമാറിയ അതേ ദീപം സഹമേൽശാന്തി വലിയ തിടപ്പള്ളിയിലെയും ക്ഷേത്രത്തിനു മുൻവശം ഒരുക്കിയ പണ്ടാര അടുപ്പിലേക്കും പകർന്നു. ഉച്ച തിരിഞ്ഞു രണ്ടരയ്ക്കായിരുന്നു പൊങ്കാല നിവേദ്യം. ഈ സമയം ആകാശത്തുനിന്നു പ്രത്യേക വിമാനത്തിൽ പുഷ്പവൃഷ്ടിയുണ്ടായി. മുന്നൂറോളം ശാന്തിമാരെ നിവേദ്യത്തിനായി നിയോഗിച്ചിരുന്നു.

Attukal Pongala ആറ്റുകാൽ പൊങ്കാലയ്ക്കായി എത്തിയിരിക്കുന്ന ഭക്തജനം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ.

കുത്തിയോട്ട വ്രതം അനുഷ്ഠിക്കുന്നവർക്കുള്ള ചൂരൽകുത്ത് രാത്രി 7.45ന് ആരംഭിക്കും. ഇതു പൂർത്തിയാകുന്ന മുറയ്ക്കു മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കുള്ള ദേവിയുടെ എഴുന്നള്ളത്ത് ആരംഭിക്കും. ഗജരാജൻ പാമ്പാടി രാജൻ ആണ് ഇക്കുറിയും ദേവിയുടെ തിടമ്പേറ്റുന്നത്. അടുത്ത ദിവസം പുലർച്ചെ ശാസ്താ ക്ഷേത്രത്തിലെ പൂജ കഴിഞ്ഞു ദേവി തിരിച്ചെഴുന്നള്ളും. ശനിയാഴ്ച രാത്രി ഒൻപതിനു കാപ്പഴിച്ചു കുടിയിളക്കിയ ശേഷം നടത്തുന്ന കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകും.

Attukal Pongala പൊങ്കാലയ്ക്കായി എത്തിയിരിക്കുന്ന ഭക്തജനം. ചിത്രം: വിഷ്ണു സനൽ

പൊങ്കാല ചടങ്ങുകൾ ഇങ്ങനെ...

ആദ്യം നിലവിളക്കു തെളിച്ചു പടുക്കവയ്ക്കണം. അടുപ്പ് തീർഥം തളിച്ചു ശുദ്ധിയാക്കണം. വ‍ൃത്തിയുള്ള വിറകുവേണം പൊങ്കാല തയാറാക്കാൻ ഉപയോഗിക്കേണ്ടത്. 

Attukal Pongala പൊങ്കാല അടുപ്പുകൾ കൂട്ടി കാത്തിരിക്കുന്ന ഭക്തജനം. ചിത്രം: മനോജ് ചേമഞ്ചേരി

ദേവീ പ്രസീദ ..ദേവീ പ്രസീദ.. .. എന്നു ജപിച്ചുകൊണ്ട് അരി ഇടുന്നതാണു നല്ലത്. സർവ മംഗളമംഗല്യേ, ശിവേ സർവാർഥ സാധികേ.. .. എന്നുതുടങ്ങുന്ന മന്ത്രവും ജപിക്കാം. തേങ്ങയും ശർക്കരയും വീട്ടിൽ നിന്നു തയാറാക്കി കൊണ്ടുപോകുന്നത് ഉത്തമമല്ല. പൊങ്കാല തിളച്ചു തൂവണം എന്നാണു ശാസ്ത്രം. 

Attukal Pongala പൊങ്കാല സമർപ്പണത്തിനെത്തിയ ഭക്തജനം. ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ

തിളച്ചു തൂവുന്നതു വരാനിരിക്കുന്ന അഭിവ‍ൃദ്ധിയുടെ സൂചനയാണ്. ഏതു ദിശയ്ക്ക് അഭിമുഖമായിട്ടാണോ പൊങ്കാലയിടുന്നത് ആ ദിശയിലേക്കു പൊങ്കാല തൂകിയാൽ ഫലപ്രാപ്തി എന്നാണു വിശ്വാസം.  പൊങ്കാല സമർപ്പണം ആരംഭിക്കുന്നതിനു മുന്നോടിയായി കത്തിക്കുന്ന നിലവിളക്ക് നിവേദ്യം കഴിഞ്ഞു പൂവ് കൊണ്ടു കെ‌ട‌ുത്തണം. 

Attukal Pongala ആറ്റുകാൽ ക്ഷേത്രത്തിൽനിന്നുള്ള കാഴ്ച. ചിത്രം: വിഷ്ണു സനൽ

പൊങ്കാലയ്ക്കൊപ്പം വെള്ള നിവേദ്യം നിവേദിച്ചാൽ ആഗ്രഹ സാഫല്യം ലഭിക്കുമെന്നാണു വിശ്വാസം. പൊങ്കാല ഇടുന്നവർ നിവേദ്യം മാത്രം കഴിച്ചു തൊട്ടടുത്ത ദിവസം വരെ വ്രതം തുടരണം. ഏതെങ്കിലും ക്ഷേത്രത്തിൽ പോയി തൊഴുതു വ്രതം മുറിക്കുന്നതാണു നല്ലത്. 

Attukal Pongala ആറ്റുകാൽ പൊങ്കാലയ്ക്കായി ഭക്തജനം ഒരുങ്ങുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

കൂടാതെ നിവേദ്യത്തിന്റെ ഒരു പങ്ക് പൊങ്കാല സമർപ്പണത്തിനു പോകാൻ കഴിയാത്തവർക്കും മറ്റും നൽകുന്നതും ഉത്തമമെന്നാണു മറ്റൊരു വിശ്വാസം.