Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വ്രതസാഫല്യം; ആറ്റുകാലമ്മയ്ക്ക് ഇന്നു പൊങ്കാല

ponkala ആറ്റുകാൽ ദേവീക്ഷേത്ര വളപ്പ് പൊങ്കാല അടുപ്പുകളാൽ നിറഞ്ഞപ്പോൾ. ദിവസങ്ങൾക്കു മുമ്പേ എത്തി അമ്മയുടെ സന്നിധിയിൽ അടുപ്പുപൂട്ടി പൊങ്കാലയർപ്പിക്കാൻ കാത്തിരിക്കുന്ന ഭക്തർക്ക് ഇന്നാണു ചാരിതാർഥ്യത്തിന്റെ ആ പുണ്യമുഹൂർത്തം. ചിത്രം: മനോരമ.

തിരുവനന്തപുരം∙ ഭക്തിയുടെ, ആത്മസമർപ്പണത്തിന്റെ പൊങ്കാലക്കലങ്ങൾ ഇന്നു ദേവിക്കു മുന്നിൽ ഒരാണ്ടിന്റെ വ്രതസാഫല്യമായി തിളച്ചുതൂവൂം. അതിൽ അമ്മയുടെ സ്നേഹാനുഗ്രഹങ്ങൾ തീർഥത്തുള്ളികളാകും. ആ ധന്യനിമിഷങ്ങളിൽ അനന്തപുരിയും ദേവിയുടെ സവിധത്തിലേക്കു നാടിന്റെ നാനാഭാഗങ്ങളിൽ നിന്ന് ഓടിയെത്തിയ ആയിരക്കണക്കിനു ഭക്തരും വീണ്ടും ആറ്റുകാൽ പൊങ്കാലയുടെ സുകൃതമറിയും.

ആറ്റുകാൽ ക്ഷേത്രത്തിൽ നിന്നു കണ്ണെത്താ ദൂരത്തോളം വീഥികളിലും കൈവഴികളിലുമെല്ലാമായി നിരന്ന ലക്ഷോപലക്ഷം പൊങ്കാലയടുപ്പുകളിലേക്കാണ് ഇന്നു നഗരം കൺതുറക്കുന്നത്. അവയ്ക്കു മുന്നിൽ ഒരേ മനസ്സോടെ, ഒരേ ശരണമന്ത്രങ്ങളുമായി ഭക്തർ. വ്രതവിശുദ്ധമായ മനസ്സുകൾ ആറ്റുകാലമ്മയ്ക്കു മുന്നിൽ മറ്റൊരു പൊങ്കാലയടുപ്പായി എരിയും, അതിൽ ദേവിക്കുള്ള കാണിക്ക നൈവേദ്യമായി നിറഞ്ഞുതുളുമ്പും.

ക്ഷേത്രത്തിൽ പതിവു പൂജകൾക്കു ശേഷം രാവിലെ 9.45 നു ശുദ്ധപുണ്യാഹത്തോടെയാണു പൊങ്കാല സമർപ്പണ ചടങ്ങുകൾക്കു തുടക്കം. സംഹാരരുദ്രയായ ദേവി പാണ്ഡ്യരാജാവിനെ വധിക്കുന്ന ഭാഗം തോറ്റംപാട്ടുകാർ പാടിക്കഴിയുമ്പോൾ ക്ഷേത്രതന്ത്രി തെക്കേടത്തു പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാട് ശ്രീകോവിലിൽ നിന്നുള്ള ദീപം മേൽശാന്തി വാമനൻ നമ്പൂതിരിക്കു കൈമാറും. ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിനെയും പണ്ടാര അടുപ്പിനെയും അഗ്നി ജ്വലിപ്പിക്കുന്നതോടെ ചെണ്ടമേളം മുഴങ്ങും. 10.15 നാണ് ഈ അടുപ്പുവെട്ട് ചടങ്ങ്. ഭക്തരുടെ ലക്ഷോപലക്ഷം അടുപ്പുകളിലേക്ക് ഈ അഗ്നി കൈമാറിയെത്തുന്നതോടെ അനന്തപുരി യാഗശാലയാകും. 

ഉച്ചയ്ക്ക് രണ്ടരയ്ക്കു നൈവേദ്യം. ശേഷം സങ്കടങ്ങളൊഴിഞ്ഞ മനസ്സുമായി ഭക്തർ മടങ്ങുമ്പോൾ നഗരം ആ പ്രവാഹത്തിൽ സ്തംഭിക്കും. രാത്രി 7.45 ന് കുത്തിയോട്ട വ്രതക്കാരുടെ ചൂരൽകുത്ത്. ഇതു പൂർത്തിയായ ശേഷം മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്കു ദേവി എഴുന്നെള്ളും. നാളെ രാത്രി ഒൻപതിന് കാപ്പഴിച്ചു കുടിയിളക്കിയ ശേഷം കുരുതി തർപ്പണത്തോടെ ഈ വർഷത്തെ പൊങ്കാല ഉത്സവത്തിനു സമാപനമാകും.