ADVERTISEMENT

പുത്തൂർ ∙ വീടിന്റെ പൂമുഖുത്തു കൈകൂപ്പി നിന്ന എയർ ചീഫ് മാർഷൽ വിവേക് റാം ചൗധരി ശ്രീലക്ഷ്മിയോടു പറഞ്ഞു, ‘ഈ രാജ്യം നിങ്ങളുടെ കൂടെയുണ്ട്. എന്നും എപ്പോഴും.’ റോസാ പൂക്കൾ വിരിച്ചൊരുക്കിയ ചിതയിൽനിന്നു വ്യോമസേനാ സൈനികൻ ജൂനിയർ വാറന്റ് ഓഫിസർ കെ.പ്രദീപിനെ അഗ്നി ഏറ്റുവാങ്ങുകയായിരുന്നു അപ്പോൾ. മുന്നിലെ റോഡിൽ നൂറുകണക്കിനു ദേശീയ പതാകകൾ വീശിക്കൊണ്ടു നാട് ഉറക്കെ വിളിച്ചു, ‘പ്രദീപ് അമർ രഹേ’.

ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച എ. പ്രദീപിന്റെ സംസ്കാര ചടങ്ങിനു നേതൃത്വം നൽകാനാണ് എയർ ചീഫ് മാർഷൽ എത്തിയത്. അറയ്ക്കൽ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനായ പ്രദീപ് ജോലി കിട്ടിയതിനു ശേഷമാണ് ഈ കൊച്ചുവീടു പണിതത്. ഇവിടേയ്ക്ക് ഭൗതിക ശരീരം എത്തിച്ചത് വൈകിട്ടു 4.20നായിരുന്നു. റോസാ പൂക്കൾ വാരി വിതറി കുട്ടികളടക്കം നൂറുകണക്കിനാളുകളാണു കാത്തുനിന്നിരുന്നത്. പൂക്കൾ അലങ്കരിച്ച വാഹനം അവർക്കിടയിലൂടെ വീട്ടിലെത്താൻതന്നെ ഏറെ പ്രയാസപ്പെട്ടു.

പ്രദീപ് ഉപയോഗിച്ചിരുന്ന യൂണിഫോമും തൊപ്പിയും കൈമാറുന്നതിനു മുൻപു സേനാഗംങ്ങൾ ഓർമിപ്പിച്ചു: ആരും പടങ്ങൾ എടുക്കരുത്. തീർത്തും സ്വകാര്യമായൊരു നിമിഷമായിരുന്നു അത്. അതു നെഞ്ചോടടക്കിപ്പിടിച്ച് അകത്തുപോയ ശേഷമാണ് അന്തിമ സല്യൂട്ടിനായി ശ്രീലക്ഷ്മി എത്തിയത്. തുടർന്നു ചിത വരെയും അനുഗമിച്ചു. അവിടെ നടന്ന വിടവാങ്ങൽ സല്യൂട്ട് സമയത്തും ശ്രീലക്ഷ്മി പതറാതെ നിന്നു. ചിതയിലേക്കെടുത്തപ്പോൾ അവസാനമായി യാത്രാമൊഴി ചൊല്ലി.

കേരള പൊലീസിന്റെ ബ്യൂഗിൾ മുഴങ്ങി. വിറകിനു മുകളിൽ വിരിച്ച ചുവന്ന പൂമെത്തയിൽ തീജ്വാലകൾ പടർന്നു. അപ്പോഴും ‘അമർ ജവാൻ’ വിളികൾ മുഴങ്ങിക്കൊണ്ടിരുന്നു.

Content Highlight: Chopper crash, Pradeep funeral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com