ADVERTISEMENT

കണ്ണൂർ ∙ പാർട്ടി കോൺഗ്രസിൽ സജീവ ചർച്ചയായ സിൽവർലൈൻ വിഷയം സിപിഎമ്മിന്റെ പുതിയ കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്യും. പാർട്ടി കോൺഗ്രസിൽ ചില സംസ്ഥാന ഘടകങ്ങൾ ആശങ്കകൾ ഉന്നയിച്ച പശ്ചാത്തലത്തിലാണിത്. സിൽവർലൈൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുകയും സാമൂഹികാഘാത പഠനത്തിന്റെ ഭാഗമായി കല്ലിടൽ പുരോഗമിക്കുകയും ചെയ്തെങ്കിലും കേന്ദ്ര നേതൃത്വം ഔദ്യോഗികമായി വിഷയം ഇതുവരെ ചർച്ച ചെയ്തിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതിന്റെ വിവരങ്ങൾ കേന്ദ്ര നേതൃത്വത്തെ ധരിപ്പിച്ചിരുന്നു. പദ്ധതി സംബന്ധിച്ചു കേന്ദ്ര സർക്കാരിന്റെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ലെങ്കിലും വൻകിട വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ സ്വീകരിക്കേണ്ട നയപരമായ ജാഗ്രത കേന്ദ്ര നേതൃത്വം ഓർമിപ്പിക്കും.

കേരളത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനും തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനും സിൽവർലൈൻ പദ്ധതി അനിവാര്യമാണെന്നാണു കേരള ഘടകം പാർട്ടി കോൺഗ്രസിൽ വാദിച്ചത്. എന്നാൽ സിംഗൂർ– നന്ദിഗ്രാം ഭൂവിഷയത്തിൽ കൈ പൊള്ളിയ ബംഗാളിനു പുറമേ തമിഴ്നാട്, തെലങ്കാന ഉൾപ്പെടെയുള്ള ഘടകങ്ങൾ ആശങ്ക പങ്കുവച്ചു. ബംഗാൾ ഘടകം കേന്ദ്ര നേതൃത്വത്തെ രേഖാമൂലം തന്നെ ആശങ്ക അറിയിച്ചു.

കേരള മോഡൽ വികസനത്തെ ദേശീയതലത്തിൽ ബദലായി ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും സിൽവർലൈൻ കാര്യത്തിൽ കേന്ദ്ര നേതൃത്വം അന്തിമ നിലപാടിലെത്തിയിട്ടില്ല. പദ്ധതിയുടെ കാര്യത്തിൽ അന്തിമ തീരുമാനം വ്യക്തമാക്കുന്നതിനു മുൻപ് കേന്ദ്ര കമ്മിറ്റിയിൽ വിശദമായ ചർച്ച നടത്തണമെന്ന ആവശ്യം മുതിർന്ന നേതാക്കളും മുന്നോട്ടുവച്ചിട്ടുണ്ട്.

വ്യക്തത വേണം: തമിഴ്നാട്

സിൽവർലൈൻ പദ്ധതി സംബന്ധിച്ചു കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നു തമിഴ്നാട്ടിൽ നിന്നുള്ള പ്രതിനിധികൾ പാർട്ടി കോൺഗ്രസിലെ ചർച്ചയിൽ ആവശ്യപ്പെട്ടു. പദ്ധതിയെ ബാധിക്കുന്ന ജന വിഭാഗങ്ങൾക്കിടയിൽ സമവായമുണ്ടാക്കണമെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയില്ലെങ്കിൽ വലിയ തിരിച്ചടിയുണ്ടാകുമെന്നുമായിരുന്നു അവരുടെ വാദം.

Content Highlight: CPM Party Congress 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com