ADVERTISEMENT

തൃശൂർ ∙ മലയാള മനോരമ ‘കർഷകശ്രീ’ മുൻ എഡിറ്റർ–ഇൻ–ചാർജും കേന്ദ്ര കൃഷിവകുപ്പു മുൻ ജോയിന്റ് ഡയറക്‌ടറുമായ ആർ.ടി. രവിവർമ (98) തൃക്കുമാരകുടം ഹരിശ്രീ നഗർ ശ്രീപാദത്തിൽ നിര്യാതനായി. സംസ്കാരം നടത്തി. പ്രമുഖ കൃഷി എഴുത്തുകാരനായിരുന്ന അദ്ദേഹം ‘സീരി’ എന്ന തൂലികാനാമത്തിൽ എഴുതിയ ലേഖനങ്ങളും പുസ്തകങ്ങളും കൃഷി ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.

1926 ൽ തൃപ്പൂണിത്തുറയിലാണു ജനനം. മഹാരാജാസ് കോളജ്, പുണെ അഗ്രികൾചറൽ കോളജ്, അമേരിക്കയിലെ വിസ്കോൻസെൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. തുടർന്നു സംസ്ഥാന കൃഷി വകുപ്പ്, കേന്ദ്ര കൃഷി മന്ത്രാലയം, കേരള സർവകലാശാല, കേരള കാർഷിക സർവകലാശാല എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഇന്റൻസീവ് അഗ്രികൾചർ ജേണൽ എന്ന പ്രസിദ്ധീകരണത്തിന്റെയും കാർഷിക സർവകലാശാല പ്രസിദ്ധീകരണ വിഭാഗത്തിന്റെയും എഡിറ്ററായിരുന്നു. പിന്നീട്, മലയാള മനോരമയുടെ ‘കർഷകശ്രീ’ മാസികയുടെ എഡിറ്റർ – ഇൻ–ചാർജ് ആയി ചുമതലയേറ്റു. 18 വർഷത്തെ സേവനത്തിനു ശേഷം 2013 ൽ വിരമിച്ചു.

ഭാര്യ: പൂഞ്ഞാർ കാഞ്ഞിരമറ്റം കൊട്ടാരത്തിൽ പരേതയായ ലീല വർമ (ലീല തമ്പുരാട്ടി). പരേതനായ കേണൽ ഗോദവർമ രാജയുടെ (ജി.വി.രാജാ) സഹോദരിയാണ്. മക്കൾ: നന്ദകുമാർ വർമ (മുൻ ചീഫ് ന്യൂസ് എഡിറ്റർ, യുഎൻഐ, ഡൽഹി), വൃന്ദ വർമ (റിട്ട.ഉദ്യോഗസ്ഥ, ഏജീസ് ഓഫിസ്, തൃശൂർ). മരുമക്കൾ: കൊടുങ്ങല്ലൂർ കോവിലകത്ത് സുധ വർമ, കൊടുങ്ങല്ലൂർ കോവിലകത്ത് രഘുനാഥ്. 

സഹോദരങ്ങൾ: പരേതനായ ഡോ.രാമവർമ (റബർ ബോർഡ് മുൻ ചെയർമാൻ), പരേതനായ ക്യാപ്റ്റൻ കേരള വർമ, പരേതനായ ആർ.വി.തമ്പുരാൻ, പരേതനായ കുഞ്ഞുക്കുട്ടൻ തമ്പുരാൻ, പരേതയായ പത്മിനി തമ്പുരാൻ, കൊച്ചമ്മിണി തമ്പുരാൻ, ഭദ്ര തമ്പുരാൻ, പരേതയായ കുഞ്ഞിപ്പിള്ള കുട്ടി തമ്പുരാൻ. മലയാള മനോരമയ്ക്കുവേണ്ടി തൃശൂർ കോ–ഓർഡിനേറ്റിങ് എഡിറ്റർ എ.ജീവൻ കുമാറും കർഷകശ്രീക്കുവേണ്ടി എഡിറ്റർ–ഇൻ–ചാർജ് ടി.കെ.സുനിൽ കുമാറും ആദരാഞ്ജലിയർപ്പിച്ചു.

English Summary:

RT Ravivarma passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com