ADVERTISEMENT

തിരുവനന്തപുരം∙ മൂന്നാം ലോക്സഭാ സീറ്റ് വേണമെന്ന മുസ്‍ലിം ലീഗിന്റെ ആവശ്യം പറഞ്ഞുതീർക്കുമെന്ന ശുഭാപ്തി വിശ്വാസം ലീഗ്–കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നെങ്കിലും പോംവഴി ആയിട്ടില്ല. ഹൈക്കമാൻഡ് ഇടപെടാതെ തന്നെ പ്രശ്നപരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് കോൺഗ്രസ് നേതാക്കൾ പ്രകടിപ്പിക്കുന്നത്. നാളെ ഇരുപാർട്ടികളും സംസാരിക്കും.

പറഞ്ഞുപഴകിയ ആവശ്യം ഇത്തവണയെങ്കിലും യുഡിഎഫ് നിറവേറ്റണമെന്ന ശക്തമായ സമ്മർദമാണ് ലീഗ് നടത്തുന്നത്. മത്സരിക്കുന്ന പതിനാറിൽ പതിനഞ്ചും സിറ്റിങ് സീറ്റുകളാണെന്നും എങ്ങനെ അതിലൊന്നു വിട്ടുകൊടുക്കാൻ കഴിയുമെന്നുമുള്ള  കോൺഗ്രസിന്റെ ചോദ്യം ലീഗ് തള്ളുന്നില്ല. പക്ഷേ, ആ വിശദീകരണം കേട്ട് പിന്മാറാനുമില്ല. മലബാർ ജില്ലകളിൽ  കോൺഗ്രസിനൊപ്പം ശക്തമാണ് പാർട്ടിയെന്നതിനാൽ മലപ്പുറത്തിനു പുറത്തും ലോക്സഭാ സീറ്റു വേണമെന്നാണ് ആവശ്യം.

ലോക്സഭാ സീറ്റിനു വേണ്ടിയാണ് ലീഗ് സമ്മർദം ചെലുത്തുന്നതെങ്കിലും ജൂൺ–ജൂലൈയിൽ യുഡിഎഫിനു ലഭിക്കാനുള്ള ഏക രാജ്യസഭാ സീറ്റാണ് അവർ ഉന്നമിടുന്നതെന്ന് കോൺഗ്രസ് കരുതുന്നു. യുഡിഎഫിൽ നിന്ന് അകന്ന് പ്രത്യേക ബ്ലോക്കായി ഇടക്കാലത്തു മാറിയ കെ.എം.മാണിയുടെ പാർട്ടിയെ തിരിച്ചുകൊണ്ടുവരാനായി  ‘ഒറ്റത്തവണത്തേക്ക്’ എന്ന ഉപാധി വച്ച് വിട്ടുകൊടുത്തതാണ് ആ രാജ്യസഭാ സീറ്റ്. സംസ്ഥാന കോൺഗ്രസിന്റെ ആ തീരുമാനം ഹൈക്കമാൻഡിനു ദഹിച്ചില്ല. കോൺഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് ഘടകകക്ഷിക്കു കൊടുത്തതിൽ കോൺഗ്രസ് അധ്യക്ഷനായിരുന്ന രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തോടു ക്ഷോഭിച്ചു. ആ സീറ്റ് തിരിഞ്ഞുമറിഞ്ഞ് യുഡിഎഫിന് വീണ്ടും കിട്ടുമ്പോൾ ഘടകകക്ഷിക്കു കൊടുക്കുന്നതിന്റെ പ്രയാസമാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. 

നിലവിൽ ലീഗിനും കോൺഗ്രസിനും ഓരോ രാജ്യസഭാംഗമാണുള്ളത്. ഒന്നു കൂടി ലീഗിന് നൽകി രാജ്യസഭാംഗങ്ങളുടെ എണ്ണത്തിൽ അവർക്കു പിന്നിലാകാൻ കഴിയില്ലെന്ന് കോൺഗ്രസും ലീഗിന് ഒരേ സമയത്ത് രണ്ടു രാജ്യസഭാംഗങ്ങളുണ്ടായിരുന്ന കാര്യം ലീഗും ചൂണ്ടിക്കാട്ടുന്നു.

English Summary:

Loksabha Election 2024: Janaganamanam, Election Seat Discussions

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com