ADVERTISEMENT

മലപ്പുറം ∙ പൗരത്വ നിയമം നടപ്പാക്കിയതിനെതിരെ നിയമപരമായും ഇന്ത്യ മുന്നണിയിലെ കക്ഷികളോടൊപ്പം യോജിച്ച പ്രക്ഷോഭങ്ങളിലൂടെയും പോരാടുമെന്ന് മുസ്‌ലിം ലീഗ്. പൗരത്വനിയമം തിരക്കിട്ട് നടപ്പാക്കില്ലെന്ന് സുപ്രീംകോടതിയിൽ കേന്ദ്ര സർക്കാർ തന്നെ നൽകിയ സത്യവാങ്മൂലം ലംഘിച്ചും പാർലമെന്റിനെ പോലും അറിയിക്കാതെയുമാണ് ഇപ്പോൾ പ്രാബല്യത്തിലാക്കിയത്. അത് നിയമവിരുദ്ധമാണ്. വിഷയത്തിൽ സിപിഎമ്മുമായി കേരളത്തിൽ ഒന്നിച്ചുള്ള സമരത്തെക്കുറിച്ച് ആലോചിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ ആര് സമരം ചെയ്താലും പിന്തുണയ്ക്കുമെന്നും നേതാക്കളായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി എന്നിവർ പറഞ്ഞു. 

പാർട്ടിയുടെ ദേശീയ രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് പൗരത്വ നിയമം നടപ്പാക്കാനുള്ള കേന്ദ്ര നീക്കം. തിരഞ്ഞെടുപ്പിൽ അപകടം മണക്കുന്നതിനാൽ ബിജെപി എല്ലാ കാർഡുകളും പുറത്തിറക്കുകയാണ്. പൗരത്വം നൽകുന്നതിൽ മതം മാനദണ്ഡമാക്കുന്നുവെന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇത് മുസ്‌ലിംകളുടെ മാത്രം വിഷയമല്ല. രാജ്യത്തിന്റെ മതനിരപേക്ഷതയെ തന്നെ തകർക്കുന്നതാണ്. അതേസമയം വിഷയത്തിലെ വൈകാരികമായ പ്രതികരണങ്ങൾ ബിജെപിക്കാണ് ഗുണം ചെയ്യുകയെന്നും വിവേകപൂർവമായാണ് നേരിടേണ്ടതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.

സംസ്ഥാനങ്ങളുടെ അധികാരം പോലും മറികടക്കുന്ന വിധത്തിലാണ് പുതിയ പൗരത്വ നിയമ നടപടികൾ. അതുകൊണ്ടു തന്നെ കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന എത്രത്തോളം നിയമപരമായി നിലനിൽക്കുമെന്ന് അറിയേണ്ടതുണ്ട്. എന്നാൽ ഈ നിയമം നടപ്പാക്കില്ലെന്ന കേരളത്തിന്റെ നയം നിയമസഭയിൽ ലീഗ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ കൂടി പിന്തുണച്ചതിന്റെ അടിസ്ഥാനത്തിലാണെന്നും ലീഗ് നേതാക്കൾ പറഞ്ഞു. 

English Summary:

Making religion a criterion for citizenship is unconstitutional says Muslim League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com