ADVERTISEMENT

തിരുവനന്തപുരം∙ എക്സാലോജിക്– സിഎംആർആൽ സാമ്പത്തിക ഇടപാടു സംബന്ധിച്ച വിവാദത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ പ്രത്യേക വിജിലൻസ് കോടതി ആവശ്യപ്പെട്ട രേഖകൾ മാത്യു കുഴൽനാടൻ എംഎൽഎ ഹാജരാക്കി. സിഎംആർഎൽ വിഷയത്തിൽ മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ മിനിറ്റ്സ് അടക്കമാണു ഹാജരാക്കിയത്. ശശിധരൻ കർത്തായുടെ സിഎംആർഎൽ കമ്പനിക്കെതിരെ റവന്യു വകുപ്പിറക്കിയ ഉത്തരവു ഹാജരാക്കി മാത്യുവിന്റെ വാദങ്ങളെ വിജിലൻസ് എതിർത്തു. ഹർജിയിൽ മേയ് 3നു പ്രത്യേക വിജിലൻസ് കോടതി വിധി പറയും

സിഎംആർഎല്ലിനു വേണ്ടി മുഖ്യമന്ത്രി ഇടപെട്ടു എന്നതിനു തെളിവായി വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എഴുതിയ മിനിറ്റ്സ്, ഈ യോഗത്തിനു ശേഷം ആലപ്പുഴ ജില്ലാ കലക്ടർ, ലാൻഡ് ബോർഡ് എന്നിവർ നൽകിയ റിപ്പോർട്ടിന്റെ പകർപ്പ്, ഇ വേ ബില്ലുകൾ, കേന്ദ്ര നിർദേശത്തെ തുടർന്നു സ്വകാര്യ കമ്പനികൾക്കു കരിമണൽ ഖനനത്തിന് അനുമതി നിഷേധിച്ചു മൈനിങ് വകുപ്പു വ്യവസായ വകുപ്പിനു നൽകിയ കത്ത്, മുഖ്യമന്ത്രി റവന്യു വകുപ്പിനോടു കർത്തായുടെ ഖനന അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദേശിച്ച യോഗത്തിന്റെ മിനിറ്റ്സിന്റെ പകർപ്പ്, കരിമണൽ ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് തുടങ്ങിയവ മാത്യുവിന്റെ അഭിഭാഷകൻ ഹാജരാക്കി.

കർത്തായുടെ കമ്പനിക്കെതിരെ റവന്യു വകുപ്പ് ഇറക്കിയ ഉത്തരവാണു സർക്കാർ നിലപാടു സാധൂകരിക്കാൻ വിജിലൻസ് കോടതിയിൽ സമർപ്പിച്ചത്. യോഗ മിനിറ്റ്സ് കോടതിയിൽ തെളിവായി സ്വീകരിക്കാൻ കഴിയില്ലെന്നും വിജിലൻസ് നിലപാടെടുത്തു. വിജിലൻസിന്റെയും മാത്യുവിന്റെയും വാദം കേട്ട ശേഷം ഹർജി വിധി പറയാനായി മാറ്റി.

സിഎംആർഎല്ലും സർക്കാർ നിയന്ത്രണത്തിലുള്ള കെആർഇഎംഎല്ലും ബന്ധിപ്പിക്കുന്ന ഘടകം എന്താണ്, സിഎംആർഎൽ ഭൂമി തിരിച്ചു പിടിക്കാതിരിക്കാൻ സർക്കാർ എന്തു സഹായം ചെയ്തു, വീണാ വിജയന്റെ കമ്പനിയായ എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുള്ള ബന്ധം എന്നിവയാണു കോടതി തേടിയത്.

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ കോടതി അന്വേഷണം നടത്തണമെന്നാണു മാത്യുവിന്റെ ഹർജിയിലെ ആവശ്യം. പിണറായി വിജയനും മകൾ വീണയും അടക്കം 7 പേരാണ് കേസിലെ എതിർകക്ഷികൾ. സേവനങ്ങളൊന്നും നൽകാതെയാണു സിഎംആർഎല്ലിൽ നിന്നു വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. ആറാട്ടുപുഴയിൽ ധാതുമണൽ ഖനനത്തിനായി സിഎംആർഎൽ സ്ഥലം വാങ്ങിയെങ്കിലും നിയമങ്ങൾ എതിരായതിനാൽ അനുമതി ലഭിച്ചില്ലെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഭൂമിക്ക് ഇളവു ലഭ്യമാക്കാൻ കർത്തായുടെ കമ്പനിയുടെ ശ്രമം പരാജയപ്പെട്ടതോടെയാണു വീണ സിഎംആർഎല്ലുമായി കരാറിൽ ഏർപ്പെടുന്നത്. ഇതിനുശേഷം മുഖ്യമന്ത്രി റവന്യു വകുപ്പിനോടു കർത്തായുടെ അപേക്ഷ വീണ്ടും പരിശോധിക്കാൻ നിർദേശിച്ചതായും ഹർജിയിൽ പറയുന്നു. 

English Summary:

CMRL Case: Mathew Kuzhalnadan Produces Documents; Judgment on May 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com