ADVERTISEMENT

കൊടുവള്ളി (കോഴിക്കോട്) ∙ ഇരു കൈകളുമില്ലാതെ ജനിച്ചശേഷമുള്ള അതിജീവനത്തിലൂടെ ഭിന്നശേഷി സമൂഹത്തിനാകെ പ്രചോദനമായ ആസിം വെളിമണ്ണയുടെ കന്നിവോട്ടും വ്യത്യസ്തം. കാലിലെ തള്ളവിരലിൽ മഷി പുരട്ടിയ ആസിം മൂക്കുകൊണ്ടാണ് യന്ത്രത്തിൽ വോട്ടു രേഖപ്പെടുത്തിയത്.

കഴിഞ്ഞ ഫെബ്രുവരി ഒന്നിനു 18 തികഞ്ഞ ആസിമിനായി വെളിമണ്ണ ഗവ. യുപി സ്കൂളിലെ ബൂത്തിൽ പ്രത്യേകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു. സ്റ്റൂളിൽ ഇരുന്ന ആസിമിന്റെ ഇടതുകാലിലെ വിരലിൽ പോളിങ് ഉദ്യോഗസ്ഥൻ മഷി പുരട്ടി, പിന്നെ വോട്ടു ചെയ്യാനായി നീങ്ങിയ ആസിമിന് വോട്ടിങ് യന്ത്രത്തിലേക്കു മുഖമെത്തിക്കാൻ ബെഞ്ചും ഒരുക്കിയിരുന്നു. ഭിന്നശേഷിക്കാർക്ക് തന്റെ വോട്ട് പ്രചോദനമാകട്ടെ എന്ന് ആസിം പ്രതികരിച്ചു. മുൻപു പെരിയാർ നീന്തിക്കടന്ന് വാർത്താതാരമായ ആസിം, സംസ്ഥാന സർക്കാരിന്റെ ഉജ്വല ബാല്യ പുരസ്കാര ജേതാവാണ്.

മായാമുദ്ര നേരത്തേ കാണിച്ചു; കൃഷ്ണനുണ്ണി വോട്ട് ചെയ്തു

കൃഷ്ണനുണ്ണി ഇന്നലെ വോട്ട് ചെയ്ത ശേഷം.
കൃഷ്ണനുണ്ണി ഇന്നലെ വോട്ട് ചെയ്ത ശേഷം.

മുക്കം (കോഴിക്കോട്) ∙ ഉത്രാടം കൈപ്പുറത്ത് കൃഷ്ണനുണ്ണി വ്യാഴാഴ്ച രാത്രി തന്നെ താഴക്കോട് ഗവ.എൽപി സ്കൂളിലെ പോളിങ് ബൂത്തിലെത്തി. 2020 ൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തതിന്റെ മഷിയടയാളം ഇപ്പോഴും മായാത്തതിനാൽ മുൻകൂട്ടി പോളിങ് ഉദ്യോഗസ്ഥരെ കാണാനെത്തുകയായിരുന്നു. നഖം വെട്ടിമാറ്റിയാലും പിന്നീട് വരുന്ന നഖത്തിൽ അതേ പോലെ മഷിയടയാളം വരുന്നതായി ബോധിപ്പിച്ചതിനാൽ ഉദ്യോഗസ്ഥർ ഇന്നലെ വോട്ട് ചെയ്യാൻ അനുവദിച്ചു. 

കൃഷ്ണനും മാക്കവും; 100 കടന്നിട്ടും കുറയാതെ ദേശപ്രേമം

വടകര ∙ 111 വയസ്സുള്ള കൃഷ്ണനും ഭാര്യ 100 വയസ്സുകാരി മാക്കം അമ്മയും വോട്ടുചെയ്യാനെത്തിയത് കന്നിവോട്ടറായ പേരക്കുട്ടി വൈഷ്ണവിക്കൊപ്പം. മേമുണ്ട കഞ്ഞിപ്പുര മുക്കിൽമീത്തലെ കുരുന്നുംമനക്കൽ കൃഷ്ണനും മാക്കം അമ്മയും വയോധികർക്കുള്ള ‘വീട്ടിലെ വോട്ട്’ അവസരം വേണ്ടെന്നുവച്ചാണു ബൂത്തിലെത്തിയത്.

കൃഷ്ണനും ഭാര്യ മാക്കം അമ്മയും കന്നിവോട്ടറായ പേരക്കുട്ടി വൈഷ്ണവിക്കൊപ്പം.
കൃഷ്ണനും ഭാര്യ മാക്കം അമ്മയും കന്നിവോട്ടറായ പേരക്കുട്ടി വൈഷ്ണവിക്കൊപ്പം.

മേമുണ്ട ചിറവട്ടം എൽപി സ്കൂളിലെ ബൂത്തിലേക്ക് ഇവരെത്തിയത് ‘ദേശപ്രേമി’ എന്നു പേരെഴുതിയ ഓട്ടോറിക്ഷയിൽ. ഗാന്ധിജിയെ നേരിട്ടുകണ്ടിട്ടുള്ള കൃഷ്ണൻ ഗാന്ധിത്തൊപ്പിയും ഖദർ ജുബ്ബയും ഖദർ മുണ്ടും ത്രിവർണക്കരയുള്ള ഷാളുമണിഞ്ഞാണു വോട്ടിനെത്തിയത്. മക്കളായ വിനോബന്റെയും വിശ്വനാഥന്റെയും രാജീവന്റെയും സഹായത്തോടെ ബൂത്തിലേക്കു കയറി. സഹായിയെ വച്ച് സമ്മതിദാനം രേഖപ്പെടുത്തുന്ന ഓപ്പൺ വോട്ടാണ് കൃഷ്ണനും മാക്കവും ചെയ്തത്. വോട്ടവകാശം കിട്ടുംമുൻപ് വിവാഹിതരായ ഇരുവരും കന്നിവോട്ട് ഒരേ ബൂത്തിൽ ഒരുമിച്ചു ചെയ്ത ചരിത്രമുണ്ട്.

111-ാം വയസ്സിലും വീട്ടുവോട്ട് വേണ്ട

എലപ്പുള്ളി (പാലക്കാട്) ∙ പ്രായം 111 കഴിഞ്ഞ തേനാരി മുതലിത്തറ ദണ്ഡപാണി, വീട്ടിൽ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരോടു പറഞ്ഞു, ‘വേണ്ട, ഞാൻ ബൂത്തിലെത്തി വോട്ട് കുത്തിക്കോളാം...!’ ഇന്നലെ ഉച്ചയ്ക്കു രണ്ടിനു പൊരിവെയിലിൽ മകൻ ശെൽവന്റെ കൈപിടിച്ചു ദണ്ഡപാണിയെത്തി. ബൂത്തിലേക്കു കയറുമ്പോൾ ബന്ധു വള്ളിയമ്മാളിനെ (കുഞ്ചിയമ്മ– 88) കണ്ടപ്പോൾ കൂടുതൽ സന്തോഷം. ആദ്യം വോട്ട് ചെയ്തത് എപ്പോഴാണെന്ന് ദണ്ഡപാണിക്ക് ഓർമയില്ല. ജവാഹർലാൽ നെഹ്റു ചിറ്റൂരിലെത്തിയപ്പോൾ സമ്മേളനത്തിൽ പങ്കെടുത്തതും നേരിൽ കണ്ടതും ഓർമയുണ്ട്. 90 വയസ്സു വരെ നെയ്ത്തുജോലി ചെയ്തു. 

English Summary:

Assim done vote using nose in loksabha elections 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com