ADVERTISEMENT

തിരുവനന്തപുരം ∙ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ദല്ലാൾ നന്ദകുമാറിന്റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം രാഷ്ട്രീയവൃത്തങ്ങളിൽ വിവാദമായി കത്തിപ്പടരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ജയരാജൻ ബിജെപിയുമായി ചർച്ച നടത്തിയതെന്ന് കോൺഗ്രസ് ആരോപിക്കുന്നു. 

രാഷ്ട്രീയക്കാർ പലരെയും കാണും: എം.വി.ഗോവിന്ദൻ

രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി നേതാക്കൾ പലരെയും കാണാറുണ്ട്. ഞാനും ജാവഡേക്കറെ കണ്ടിരുന്നു. പിന്നീടാണ് ജാവഡേക്കറാണെന്നു മനസ്സിലായത്. കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിനായി പുതിയ വാദം കണ്ടുപിടിക്കുകയാണ് ഇപ്പോൾ. സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഇ.പിക്കുമെതിരായി കടന്നാക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. 

ഇ.പിയുടെ ഫ്ലാറ്റിൽ ചായക്കടയുണ്ടോ?: കെ.സുധാകരൻ

ജാവഡേക്കർ ഫ്ലാറ്റിൽ വന്നെന്ന് ഇ.പി സമ്മതിച്ചതിലുടെ കച്ചവടം നടന്നെന്ന് ഉറപ്പായില്ലേ? പാർട്ടിയിൽ തന്നെ പരിഗണിക്കുന്നില്ലെന്ന് ഇ.പിക്ക് നേരത്തേ പരാതിയുണ്ട്. മായ്ച്ചുകളഞ്ഞാലും മായാത്ത പ്രതികാരമാണ് ഇ.പിക്കുള്ളത്. ജാവഡേക്കർ ഫ്ലാറ്റിൽ വന്നത് ചായ കുടിക്കാൻ മാത്രമാണെന്നാണ് ഇപി പറഞ്ഞത്. ഇ.പിയുടെ ഫ്ലാറ്റിൽ ചായക്കടയുണ്ടോ?

ജയരാജനെ തോൽവിയുടെ ബലിയാടാക്കും: വി.ഡി. സതീശൻ

ജയരാജൻ ജാവഡേക്കറെ കണ്ടതു മുഖ്യമന്ത്രിയുടെ അറിവോടെയാണ്. പിടിക്കപ്പെട്ടപ്പോൾ കൂട്ടുപ്രതിയെ മുഖ്യമന്ത്രി തള്ളിപ്പറയുകയാണ്. 20 സീറ്റുകളും തോൽക്കുമ്പോൾ പിണറായി ജയരാജനെ ബലിയാടാക്കും. ജയരാജനെ വെറുക്കപ്പെട്ടവാനാക്കി മാറ്റി തിരഞ്ഞെടുപ്പു തോൽവിയുടെ കാരണക്കാരനാക്കി മാറ്റാനാണു പിണറായി ശ്രമിക്കുന്നത്. 

ജയരാജൻ ജാവഡേക്കറെ കണ്ടതിലും സംസാരിച്ചതിലും ഒരു കുഴപ്പവുമില്ലെന്നാണു മുഖ്യമന്ത്രി പറയുന്നത്. കേരളത്തിലെ ബിജെപി പ്രഭാരിയായ ജാവഡേക്കറുമായി എൽഡിഎഫ് കൺവീനർക്ക് എന്താണു സംസാരിക്കാനുള്ളത്? താനും എത്രയോ തവണ ജാവഡേക്കറെ കണ്ടിട്ടുണ്ടെന്നു മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രി എന്തിനാണു കേന്ദ്രമന്ത്രി അല്ലാത്ത ജാവഡേക്കറെ പല തവണ കണ്ടത്? ജാവഡേക്കറുമായി മുഖ്യമന്ത്രിയും എൽഡിഎഫ് കൺവീനറും എന്താണ് സംസാരിച്ചതെന്നതാണു യുഡിഎഫിന്റെ ചോദ്യം.

ഇതു മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ഡീൽ: കെ.സി.വേണുഗോപാൽ

ആലപ്പുഴ∙ എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി നടത്തിയതു മുഖ്യമന്ത്രിക്കു വേണ്ടിയുള്ള ‘ഡീൽ’ ആണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. രണ്ടോ മൂന്നോ സീറ്റിൽ ബിജെപിയെ സിപിഎം സഹായിക്കുകയാണെങ്കിൽ ലാവ്‌ലിൻ കേസും കരുവന്നൂർ കേസും ഒഴിവാക്കാമെന്ന ധാരണയുടെ പുറത്താണ് ഈ ഡീൽ. കേരളത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ബിജെപിയും പരസ്പരം സഹായിക്കുന്നുണ്ടെന്നും വേണുഗോപാൽ പറഞ്ഞു. 

ജയരാജന്റെ വെളിപ്പെടുത്തലും അതിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണവും കേരളത്തിൽ സിപിഎം-ബിജെപി ഡീൽ ഉണ്ടെന്നു സ്ഥിരീകരിക്കുകയാണ്. മുഖ്യമന്ത്രിയുടെ അറിവോടെയാണു ജാവഡേക്കറുമായി ചർച്ച നടത്തിയതെന്ന് ജയരാജനെ ന്യായീകരിച്ചുള്ള പ്രതികരണത്തിലൂടെ വ്യക്തമായി. ജാവഡേക്കറുമായി ചർച്ച നടത്തിയതു പൊതുചടങ്ങിനിടെയല്ല, ജയരാജന്റെ മകന്റെ ഫ്ലാറ്റിൽ നടത്തിയ സ്വകാര്യ കൂടിക്കാഴ്ചയിലാണ്. ഇതിനെയാണു മുഖ്യമന്ത്രി ‘ജാഗ്രതക്കുറവെ’ന്ന് ലാഘവത്തോടെ ന്യായീകരിക്കുന്നത്. 

ലാവ്‌ലിൻ കേസ് തുടർച്ചയായി മാറ്റിവയ്ക്കുന്നതും കരുവന്നൂർ തട്ടിപ്പ് കേസിൽ കേന്ദ്ര ഏജൻസികൾ തുടക്കത്തിലുണ്ടാക്കിയ പുകിൽ അവസാനിച്ചതുമെല്ലാം സിപിഎം–ബിജെപി ഡീൽ നടന്നതിന്റെ തെളിവാണെന്നും വേണുഗോപാൽ പറഞ്ഞു.

കൂടിക്കാഴ്ച പാടില്ലായിരുന്നു: ബിനോയ് വിശ്വം

പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ച ഇ.പി.ജയരാജൻ ഒഴിവാക്കേണ്ടതായിരുന്നു. അണികളെ പഠിപ്പിക്കുന്ന മൂല്യം സ്വയം പ്രാവർത്തികമാക്കാൻ നേതാക്കളും ബാധ്യസ്ഥരാണ്. ദല്ലാളന്മാരുടെ കരുനീക്കങ്ങൾക്കെതിരെ ഇടതുപക്ഷം കൂടുതൽ ജാഗ്രത പാലിക്കണം. വാക്കിലും പ്രവൃത്തിയിലും ജാഗ്രത പാലിക്കാൻ കടപ്പെട്ടവരാണ് ഇടതുപക്ഷ നേതാക്കൾ.

ജയരാജൻ മാനനഷ്ടക്കേസ് കൊടുക്കാത്തതെന്ത്?: ശോഭ സുരേന്ദ്രൻ

നന്ദകുമാർ ‘ഫ്രോഡാ’ണെന്നു പിണറായി വിജയനും എം.വി.ഗോവിന്ദനും പറഞ്ഞിട്ടും ഇ.പി.ജയരാജൻ അയാൾക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാത്തതിൽ പൊതുസമൂഹത്തിനു സംശയമുണ്ട്. ജയരാജന്റെ കൂടെ വന്ന ആൾ അത്രയും മോശമായതിനാലാണു ചർച്ച പരാജയപ്പെട്ടത്. ഈ ആളെക്കൂടി ബിജെപിയിൽ ചേർക്കണമെന്ന് ആവശ്യപ്പെട്ടതാകാം ഡൽഹിയിലെ ചർച്ച പരാജയപ്പെടാൻ കാരണം. കേരളത്തിൽ ഇരു മുന്നണികളിലുമായി 9 നേതാക്കളെ കണ്ടു ഞാൻ ചർച്ച നടത്തിയിരുന്നു. 

English Summary:

EP jayarajan's BJP relationship controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com