ADVERTISEMENT

തിരുവനന്തപുരം ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലും പാർട്ടികളുടെ ആവേശകരമായ പ്രചാരണക്കൊഴുപ്പും വോട്ടർമാരെ ബൂത്തുകളിലെത്തിക്കാനുള്ള തിരഞ്ഞെടുപ്പു കമ്മിഷന്റെ പ്രോത്സാഹന പരിപാടികളും ഉണ്ടായിട്ടും പോളിങ് 70.80 ശതമാനത്തിലേക്കു താഴ്ന്നു. ഇന്ന് അന്തിമ കണക്കിൽ മണ്ഡലങ്ങളിലെയും സംസ്ഥാനത്തെയും പോളിങ് ശതമാനം മാറാം. ഇതിനു പുറമേ തപാൽ വോട്ടുകൾ കൂടി ചേർക്കുമ്പോൾ പോളിങ് ശതമാനം 72% പിന്നിട്ടേക്കാം. 

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ (2019) 77.84 ശതമാനമായിരുന്നു പോളിങ്. 30 വർഷത്തിനിടെയുള്ള റെക്കോർഡ് പോളിങ്ങായിരുന്നു അന്ന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ‌ (2021) കോവിഡ് പ്രതിസന്ധിക്കിടയിലും പോളിങ് 74.06 ശതമാനത്തിലെത്തിയിരുന്നു. 

കനത്ത ചൂടു കാരണം വോട്ടർമാർ‌ ബൂത്തുകളിലെത്താത്തതും മണിക്കൂറുകളുടെ കാത്തിരിപ്പു കാരണമുള്ള മടങ്ങിപ്പോക്കും വോട്ടിങ് ശതമാനം കുറയാൻ കാരണമായിട്ടുണ്ടെന്നാണു പൊതുവിലയിരുത്തൽ. വോട്ടിങ് മെഷീനിലെ തകരാറും ഉദ്യോഗസ്ഥരുടെ പരിചയക്കുറവു കാരണമുള്ള കാലതാമസവും പലയിടത്തും രാത്രി 9 വരെ വോട്ടെടുപ്പു നീളാനിടയാക്കി. തിരുവനന്തപുരം, വടകര മണ്ഡലങ്ങളിലെ ഒട്ടേറെ ബൂത്തുകളിൽ വോട്ടു ചെയ്യാൻ പതിവിൽ കൂടുതൽ സമയമെടുത്തെന്ന പരാതിയുമുണ്ട്.

രാത്രി 11 വരെ വോട്ട് !

∙ ആകെയുള്ള 25,231 പോളിങ് ബൂത്തുകളിൽ ആറായിരത്തിലധികം എണ്ണത്തിൽ 6 മണിക്കു ശേഷവും പോളിങ് തുടർന്നു. 

∙ രാത്രി 8 മണിക്കും വോട്ടിങ് പൂർത്തിയാകാൻ 10% ബൂത്തുകൾ ബാക്കിയുണ്ടായിരുന്നു.  

∙ 5% ബൂത്തുകളിൽ (ആയിരത്തിലേറെ) 9 മണി കഴിഞ്ഞും വോട്ടു ചെയ്യാൻ സമ്മതിദായകർ ബാക്കിയായി. 

∙ രാത്രി 11 മണിയോടെയാണ് വോട്ടിങ് പൂർത്തിയായത്. 

∙ വൈകിട്ട് 6ന് ക്യൂവിലുണ്ടായിരുന്ന മുഴുവൻ പേർക്കും വോട്ടു ചെയ്യാൻ അവസരം ഒരുക്കിയതായി തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു. 

∙ പോളിങ് ബൂത്തുകളിൽനിന്നു 140 കലക്‌ഷൻ സെന്ററുകളിൽ എത്തിച്ച വോട്ടിങ് യന്ത്രങ്ങൾ 20 കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകളിലേക്കു മാറ്റി. 

∙ ജൂൺ 4ന് വോട്ടെണ്ണൽ ദിനത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇനി സ്ട്രോങ് റൂം തുറക്കുക. 

9 മരണം: ഒറ്റപ്പെട്ട അക്രമം

∙ വോട്ടെടുപ്പിനിടെ 9 പേർ കുഴഞ്ഞുവീണും ഒരാൾ വോട്ട് ചെയ്യാനുള്ള യാത്രയ്ക്കിടെയുണ്ടായ അപകടത്തിലും മരിച്ചു.

∙ ഒറ്റപ്പെട്ട അക്രമങ്ങളുണ്ടായി. ആലപ്പുഴ ജില്ലയിൽ കുട്ടനാട് വടക്കൻ വെളിയനാട് പോളിങ് ബൂത്തിനു സമീപം സിപിഎം പ്രവർത്തകനു മഴുകൊണ്ടു വെട്ടേറ്റു. മുൻ സിപിഎം പ്രവർത്തകൻ അറസ്റ്റിലായി. 

കൂടുതൽ വടകര; കുറവ് പത്തനംതിട്ട

∙ ഏറ്റവും ഉയർന്ന പോളിങ്  വടകരയിൽ 77.66% രണ്ടാമത് കണ്ണൂർ 77.23%. 

∙ ഏറ്റവും കുറവ് പത്തനംതിട്ട: 63.35% 

∙ ശക്തമായ ത്രികോണ മത്സരം നടന്നിട്ടും തിരുവനന്തപുരത്ത് വോട്ടിങ് 66.43 % മാത്രം. (കഴിഞ്ഞ തവണ 73.37%) 

∙ ത്രികോണ മത്സരം നടന്ന തൃശൂരിൽ പോളിങ് 72.20% മാത്രം.(കഴിഞ്ഞ തവണ 77.94% )

∙ ആലപ്പുഴ, ചാലക്കുടി, തൃശൂർ, പാലക്കാട്, ആലത്തൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, വടകര, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളിൽ പോളിങ് 70% പിന്നിട്ടു. 

∙ വെയിൽ താഴ്ന്നുനിന്ന രാവിലെ 11നു മുൻപാണ് കാൽ ഭാഗം വോട്ടുകളും മെഷീനിൽ പതിഞ്ഞത്. 

∙ ഉച്ചയ്ക്കു ശേഷം 3ന് പോളിങ് 52% പിന്നിട്ടു. ബാക്കി 48% ശതമാനം വോട്ടുകളും അതിനു ശേഷമാണു രേഖപ്പെടു
ത്തിയത്. 

കള്ളവോട്ടിനു ശ്രമം: 3 പേർ അറസ്റ്റിൽ

ഇടുക്കി കുമളി ചക്കുപള്ളത്ത് കള്ളവോട്ട് ചെയ്യാൻ എത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിടിയിലായി. ആറാം മൈൽ സ്വദേശി ബിജു കൊല്ലമലയാണ് പിടിയിലായത്. 77-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ശേഷം 80-ാം നമ്പർ ബൂത്തിൽ എത്തിയപ്പോഴാണ് സംഭവം. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. കോഴിക്കോട് നാദാപുരം തൂണേരി കണ്ണങ്കൈ ഗവ.എൽപി സ്കൂൾ ബൂത്തിൽ കള്ളവോട്ടിനു ശ്രമിച്ച വെള്ളൂർ കോടഞ്ചേരി സ്വദേശി ടി.പി.ഹാഷിമിനെ (32) നാദാപുരം പൊലീസും വെള്ളിയോട് ഗവ.എൽപി സ്കൂൾ ബൂത്തിൽ കള്ളവോട്ടിനു ശ്രമിച്ച ചാത്തോത്ത് സാലിഹിനെ (18) വളയം പൊലീസും അറസ്റ്റ് ചെയ്തു. മറ്റുള്ളവരുടെ വോട്ട് ചെയ്യാനുള്ള ശ്രമത്തിനിടയിലാണ് അറസ്റ്റ്.

20 മണ്ഡലങ്ങളിലെ പോളിങ് ശതമാനം

തിരുവനന്തപുരം  66.43% 

(2019: 73.74) 

ആറ്റിങ്ങൽ  69.40% (2019: 74.48)

കൊല്ലം 67.97% (2019: 74.73)

പത്തനംതിട്ട 63.35% (2019: 74.3)

മാവേലിക്കര 65.91% (2019: 74.33)

ആലപ്പുഴ 74.41% (2019: 80.35)

കോട്ടയം 65.60% (2019: 75.47)

ഇടുക്കി 66.43% (2019: 76.36)

എറണാകുളം 68.27% (2019: 77.64)

ചാലക്കുടി 71.84% (2019: 80.51)

തൃശൂർ 72.20% (2019: 77.94)

പാലക്കാട്  73.37% (2019: 77.77)

ആലത്തൂർ 73.20% (2019: 80.47)

പൊന്നാനി 69.04% (2019: 74.98)

മലപ്പുറം  72.84% (2019: 75.5)

കോഴിക്കോട്  75.16% (2019: 81.7)

വയനാട്  73.26% (2019: 80.37

വടകര 77.66% (2019: 82.7)

കണ്ണൂർ 77.23% (2019: 83.28)

കാസർകോട് 75.29% (2019: 80.66)

(2019 ലേത് അവസാന വോട്ടുശതമാനം. ഇത്തവണത്തേത് ജില്ലാ പിആർഡി ലഭ്യമാക്കിയ വോട്ടുകളുടെ ആദ്യകണക്ക്. തപാൽ, വീട്ടുവോട്ടുകൾ ചേരുമ്പോൾ ശതമാനത്തിൽ വർധനയുണ്ടാകും)

English Summary:

Polling percentage in kerala less than loksabha elections 2019

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com