താൽക്കാലിക അധ്യാപക നിയമനം സ്കൂൾ പിടിഎ വഴി; എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി വിദ്യാഭ്യാസവകുപ്പ്
Mail This Article
തിരുവനന്തപുരം ∙ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കി സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വീണ്ടും ആയിരക്കണക്കിനു താൽക്കാലിക അധ്യാപക നിയമനങ്ങൾക്കു കളമൊരുങ്ങുന്നു. സ്കൂൾ തുറക്കാൻ മൂന്നാഴ്ച മാത്രം ശേഷിക്കെ ചട്ടപ്രകാരം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താൽക്കാലിക നിയമനത്തിനു പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശമൊന്നും നൽകിയിട്ടില്ല.
അടുത്തയാഴ്ചയോടെ സ്കൂൾ പിടിഎകൾ (അധ്യാപക– രക്ഷകർതൃ സമിതി) നിയമന നടപടികൾ ആരംഭിക്കും. സർക്കാർ വേതനം നൽകുന്ന താൽക്കാലിക – കരാർ നിയമനങ്ങളെല്ലാം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാകണമെന്നാണു ചട്ടമെങ്കിലും കഴിഞ്ഞവർഷം ഇതുപാലിക്കാതെ ഏകദേശം 11,000 നിയമനങ്ങളാണ് പിടിഎകൾ വഴി നടന്നത്. ഇതിൽ രാഷ്ട്രീയ താൽപര്യമുണ്ടെന്നു പരാതി ഉയരുമ്പോഴും ചട്ടം പാലിക്കാൻ നടപടിയില്ല. മറ്റു വകുപ്പുകളിലും സ്ഥിതി വ്യത്യസ്തമല്ല. ചട്ടമനുസരിച്ച്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് പട്ടികയിൽനിന്ന് അർഹരെ ലഭിച്ചില്ലെങ്കിൽ മാത്രമാണു പത്രപ്പരസ്യം നൽകി പൊതു അപേക്ഷകരിൽനിന്നു നിയമനം നടത്താനാവുക.
ഓരോ വർഷവും ഏറ്റവും കൂടുതൽ താൽക്കാലിക നിയമനം നടക്കുന്നത് പൊതുവിദ്യാഭ്യാസ വകുപ്പിലാണ്. ഇവ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 2 അധ്യയനവർഷവും എംപ്ലോയ്മെന്റ് ഡയറക്ടർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് കത്തയച്ചെങ്കിലും നടപടിയുണ്ടായില്ല. പൊതുവിദ്യാഭ്യാസ വകുപ്പും എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ ഉൾപ്പെടുന്ന തൊഴിൽ വകുപ്പും മന്ത്രി വി.ശിവൻകുട്ടിയുടെ തന്നെ കീഴിലായിട്ടും ഇതാണു സ്ഥിതി. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നിയമനമാണെങ്കിൽ സംവരണക്രമവും പാലിക്കപ്പെടുമായിരുന്നു; സ്കൂളുകൾ നേരിട്ടു നടത്തുമ്പോൾ അതും അട്ടിമറിക്കപ്പെടുന്നു.
കാലതാമസമുണ്ടാകില്ല
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയുള്ള നിയമനം ഒഴിവാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിരത്തുന്ന പ്രധാന ന്യായം കാലതാമസമാണ്. എന്നാൽ എക്സ്ചേഞ്ചുകളുടെ പ്രവർത്തനം ഓൺലൈനായതോടെ ഈ പ്രശ്നമില്ല.
സ്കൂളുകൾക്ക് ഒഴിവുകൾ ഇ–മെയിലായി ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ റിപ്പോർട്ട് ചെയ്യാം. അവിടെ റജിസ്റ്റർ ചെയ്തിട്ടുള്ളതിൽ അർഹരുടെ പട്ടിക ഒരാഴ്ചയ്ക്കകം ഇ–മെയിലിൽ ലഭിക്കും. അഭിമുഖം നടത്തി, സംവരണം പാലിച്ച് നിയമനം നടത്താം.
ഓരോ ഒഴിവിലും 12 പേരുടെ പട്ടികയാണു ജില്ലാ അടിസ്ഥാനത്തിൽ നൽകുന്നത്. സ്കൂൾ സ്ഥിതി ചെയ്യുന്ന താലൂക്കിലെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ റജിസ്റ്റർ ചെയ്തവരും ഈ പട്ടികയിൽ ഉൾപ്പെടുമെന്നതിനാൽ പ്രാദേശികമായിത്തന്നെ ഉദ്യോഗാർഥികളെ കണ്ടെത്താനുമാകും.