കലക്ടർക്ക് കുഴിനഖം; ഡോക്ടറെ വീട്ടിലേക്ക് വിടാൻ ഉത്തരവ്, ഒപി രോഗികൾക്ക് ചികിത്സയില്ല
Mail This Article
തിരുവനന്തപുരം ∙ ജില്ലാ കലക്ടർ ജെറോമിക് ജോർജിന്റെ കാലിലെ കുഴിനഖം പരിശോധിക്കാൻ ജനറൽ ആശുപത്രി ഒപിയിലെ ഡോക്ടറെ ഔദ്യോഗിക വസതിയിലേക്കു വിളിച്ചുവരുത്തിയതിൽ പ്രതിഷേധവുമായി ഡോക്ടർമാർ. ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎയുടെ ജില്ലാ പ്രസിഡന്റ് ഡോ.പി.എസ്.പത്മപ്രസാദ് മന്ത്രി വീണാ ജോർജിനു പരാതി നൽകി.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. കുഴിനഖം ചികിത്സിക്കാൻ ഡോക്ടറെ വിളിക്കണമെന്നു ജെറോമിക് ജോർജ് ഗൺമാനോട് ആവശ്യപ്പെട്ടു. ഗൺമാൻ ഉടൻ ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ബിന്ദു മോഹനെ വിവരം അറിയിച്ചു. തുടർന്ന് അവർ പേരൂർക്കട ആർഎംഒ ഡോ.അനിൽ രാധാകൃഷ്ണനെ വിളിച്ചു.
കലക്ടറുടെ വസതിയിൽ പോയി ചികിത്സിക്കാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഡിഎംഒ ഉടൻ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.പ്രീതി ജയിംസിനെ വിളിച്ചു. കുഴിനഖം ആയതിനാൽ സർജറി വിഭാഗത്തിലെ ഡോക്ടറെ തന്നെ അയയ്ക്കണമെന്നു നിർദേശിച്ചു. ഒപിയിൽ രോഗികളെ പരിശോധിക്കുകയായിരുന്ന സർജറി വിഭാഗം ഡോക്ടർ ഉണ്ണിക്കൃഷ്ണനെ ഉടൻ കലക്ടറുടെ വസതിയിലേക്കു നിയോഗിച്ചു. രോഗികൾ നോക്കി നിൽക്കെ ഡോക്ടർ ഒപിയിൽ നിന്നു പോയി.
കവടിയാറിലെ വസതിയിൽ ഡോക്ടർ എത്തി ഒരു മണിക്കൂറോളം കഴിഞ്ഞാണു കലക്ടർ എത്തിയത്. മരുന്നു വച്ചുകെട്ടണമെന്നു കലക്ടർ നിർദേശിച്ചപ്പോൾ അതിനുള്ള സാമഗ്രികളൊന്നും കൊണ്ടുവന്നില്ലെന്നു പറഞ്ഞ ഡോക്ടർ മരുന്നുകൾ കുറിച്ചുകൊടുത്ത ശേഷം മടങ്ങി. സംഭവം ഇന്നലെയാണ് കെജിഎംഒഎ ഭാരവാഹികൾ അറിഞ്ഞത്.
കലക്ടറുടെ വസതിയിൽ പോയ ഡോക്ടറോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞ അവർ ഡിഎംഒയെ വിളിച്ചു. ആശുപത്രിയിൽ എത്തിയാൽ കലക്ടർക്ക് പ്രത്യേക പരിഗണന നൽകും. അതിനാൽ അദ്ദേഹം വിളിച്ചപ്പോൾ വീട്ടിലേക്കു ഡോക്ടറെ അയയ്ക്കാൻ ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണെന്ന ചോദ്യത്തിന് ഡിഎംഒയ്ക്ക് വ്യക്തമായ മറുപടി ഉണ്ടായിരുന്നില്ല. മൂന്നു മാസം മുൻപ് പേരൂർക്കട ആശുപത്രിയിൽ നിന്നു ഡോക്ടറെ കലക്ടർ വിളിപ്പിച്ചെന്നും പരാതിയുണ്ട്.