ഗുണ്ടകൾ അഴിഞ്ഞാടി; അമ്പൂരി കണ്ണന്നൂരിൽ പാസ്റ്റർക്ക് വെട്ടേറ്റു, ദമ്പതികൾക്കു ക്രൂരമർദനം, വീടാക്രമിച്ചു
Mail This Article
തിരുവനന്തപുരം ∙ അമ്പൂരി കണ്ണന്നൂരിൽ പാസ്റ്റർക്ക് ഗുണ്ടാസംഘത്തിന്റെ വെട്ടേറ്റു. കൺസ്യൂമർ ഫെഡിലെ ജീവനക്കാരായ ദമ്പതികളടക്കം 5 പേർക്കു ക്രൂരമർദനമേറ്റു. ഒരു വീട് തല്ലിത്തകർക്കുകയും വഴിയാത്രക്കാരിൽനിന്നു പണം പിടിച്ചു പറിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാത്രി 8 മുതൽ 2 മണിക്കൂറോളമാണ് നാലംഗ സംഘം പ്രദേശത്തെ മുൾമുനയിൽ നിർത്തിയത്. അക്രമം അറിയിച്ചെങ്കിലും പൊലീസ് എത്താൻ വൈകി.
സംഘത്തിൽപെട്ട പതിനേഴുകാരൻ ബസിൽ രക്ഷപ്പെടാൻ ശ്രമിക്കവേ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറി. കണ്ണന്നൂർ ആശാഭവനിൽ അഭിൻ റോയ് (20), പൂജപ്പുര സ്വദേശി അഖിൽ ലാൽ (ജിക്കു–22) എന്നിവരെ അറസ്റ്റു ചെയ്തു. മലയിൻകീഴ് സ്വദേശി അഭിലാഷിനെ (തക്കുടു–24) പിടികൂടാനുണ്ട്. ഇവരെല്ലാം മറ്റു ക്രിമിനൽ കേസുകളിലും പ്രതികളാണ്.
പ്രതികൾ ലഹരിക്ക് അടിമകളാണെന്നു നാട്ടുകാർ പറഞ്ഞു. മർദനമേറ്റ 3 പേർ പരാതി നൽകിയിട്ടില്ല. റോഡിൽ ബൈക്കുകളിൽ സഞ്ചരിച്ചവരാണ് ആക്രമണത്തിനിരയായത്. തലയിൽ വെട്ടേറ്റ ആറുകാണി സ്വദേശി പാസ്റ്റർ അരുൾദാസ് (55) നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. മകൻ ആൻസ് ഗ്രാന് (20) മർദനമേറ്റു.
-
Also Read
ക്രൈം കോൺഫറൻസ് വീണ്ടും ചേരും
കൺസ്യൂമർ ഫെഡിന്റെ അമ്പൂരിയിലെ മദ്യഷോപ്പ് അടച്ചു വീട്ടിലേക്ക് പോവുകയായിരുന്ന ജീവനക്കാരി വി.എൽ.സരിതയെയും ഭർത്താവ് രതീഷിനെയുമാണ് സംഘം ആദ്യം ആക്രമിച്ചത്. ആയിരത്തിലേറെ രൂപയും മൊബൈൽ ഫോണും കവർന്നു. സരിതയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയും മുടിയിൽ ചുറ്റിപ്പിടിച്ചു മർദിക്കുകയും ചെയ്തു. പിന്നാലെ വന്ന കൺസ്യൂമർഫെഡ് ജീവനക്കാരായ അഭിലാഷും ബിജിലും മർദനം തടയാൻ ശ്രമിച്ചപ്പോൾ ഇവരെയും ആക്രമിച്ചു.
ബിജിലിന്റെ തലയിൽ വാളുകൊണ്ട് വെട്ടി. ഹെൽമറ്റ് ധരിച്ചിരുന്നതിനാൽ പരുക്കേറ്റില്ല. അഭിലാഷിന്റെ വയറ്റിൽ ചവിട്ടി. ബഹളം ചോദ്യംചെയ്ത സമീപവാസി ജയകുമാറിന്റെ വീട് തല്ലിത്തകർത്തു. സ്കൂട്ടറും അടിച്ചു തകർത്തു. സ്കൂട്ടറിൽ പഴ്സിൽ സൂക്ഷിച്ചിരുന്ന പതിനായിരത്തോളം രൂപയും കൊണ്ടുപോയി. പടക്കമെറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം പിന്നീട് 2 ബൈക്കുകളിലായി രക്ഷപ്പെട്ടു.