എറണാകുളത്തു രക്തപതാക പാറിച്ച കമ്യൂണിസ്റ്റ്; വിട, വിശ്വനാഥ മേനോൻ
Mail This Article
കൊച്ചി ∙ തിരഞ്ഞെടുപ്പിൽ എറണാകുളത്തു വല്ലപ്പോഴുമൊക്കെ രക്തപതാകകൾ ഉയർന്നു പറന്നതു വി. വിശ്വനാഥ മേനോൻ മത്സരിച്ചപ്പോഴായിരുന്നു. പഠനകാലത്തേ കമ്യൂണിസ്റ്റായ അമ്പാടി വിശ്വം എറണാകുളത്തു കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ കുറച്ചൊന്നുമല്ല അധ്വാനിച്ചത്. എംജി റോഡിൽ ജോസ് ജംക്‌ഷനിലായിരുന്നു വീട്. അച്്ഛൻ അറിയപ്പെടുന്ന വക്കീൽ. വീട്ടിൽനിന്നു ചോറു മോഷ്ടിച്ച് പാർട്ടി ഒാഫിസിൽ പട്ടിണികിടക്കുന്ന സഖാക്കൾക്കു കൊണ്ടുപോയി കൊടുക്കും.
വാഹന സൗകര്യമോ പണമോ പാർട്ടിക്കില്ലാത്ത കാലത്തു സഖാക്കളുടെ പട്ടിണിയിൽ വിശ്വവും പങ്കാളിയായിട്ടുണ്ട്. തൊഴിലാളി സംഘടനാ പ്രവർത്തകൻ, തൊഴിലാളികൾക്കു വേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകൻ.. അങ്ങനെ നഗരത്തിൽ നിറഞ്ഞുനിൽക്കുന്ന വിശ്വനാഥ മേനോൻ എറണാകുളം മുനിസിപ്പാലിറ്റിയിലേക്കു മത്സരിക്കുന്നു. എതിരാളി സ്വന്തം അധ്യാപകനായ വരദരാജ അയ്യർ. അയ്യരുടെ പ്രചാരണം ഇങ്ങനെ– ‘ ആ വിശ്വനാണ് എതിരെ. ഞാൻ യോഗ്യനാണെങ്കിൽ എനിക്ക് വോട്ടുചെയ്യുക. അല്ലെന്നു തോന്നുന്നെങ്കിൽ അവരെ ജയിപ്പിക്കുക’. വോട്ടർമാർക്കു തോന്നി ചെറുപ്പക്കാരനായ വിശ്വനാണു യോഗ്യനെന്ന്.
1967 ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്കും തോന്നി വിശ്വം യോഗ്യനെന്ന്. എറണാകുളത്തെ ആദ്യ സിപിഎം എംപി. ഇതുവരെയും അങ്ങനെതന്നെ. 13–ാം വയസ്സിൽ കമ്യൂണിസ്റ്റായതാണു വിശ്വം. 18–ാം വയസ്സിൽ ഇടപ്പള്ളി പൊലീസ് സ്റ്റേഷൻ ആക്രമണത്തിൽ പങ്കാളി. അടിയുറച്ച കമ്യൂണിസ്റ്റായിരുന്നെങ്കിലും പാർലമെന്ററി രാഷ്ട്രീയം മേനോന് അതിലേറെ ഇഷ്ടമായിരുന്നു. മുനിസിപ്പാലിറ്റി മുതൽ ലോക്സഭയിലേക്കു വരെ മത്സരിച്ചു. ആറു പതിറ്റാണ്ടോളം ഉയർത്തിപ്പിടിച്ച ചെങ്കൊടിക്കും ഉയിരുപോലെ സ്നേഹിച്ച പാർട്ടിക്കുമെതിരെ 2003ൽ മേനോൻ മത്സരിച്ചു; 76–ാം വയസ്സിൽ കമ്യൂണിസ്റ്റ് വിമതരുടെ സ്ഥാനാർഥിയായി, ബിജെപി പിന്തുണയോടെ. അതു ശരിയെന്ന് അന്നു പറഞ്ഞു, പിന്നെ ശരിയായിരുന്നില്ലെന്നു തോന്നി. പാർട്ടിക്കെതിരെ മത്സരിച്ചതിനു പാർട്ടി പുറത്താക്കി. അതു വേണ്ടിയിരുന്നില്ലെന്നു പിന്നെ തോന്നിയപ്പോൾ പാർട്ടി മേനോനെ തിരിച്ചെടുത്തു. 6 പതിറ്റാണ്ട് ഉയർത്തിപ്പിടിച്ച ചെങ്കൊടി പുതച്ചുതന്നെ മേനോന്റെ മടക്കം.
1960-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എ.എൽ. ജേക്കബിനോട് എതിരിട്ടതു വിശ്വനാഥ മേനോൻ പലപ്പോഴും ഒാർത്തെടുത്തു പറഞ്ഞിട്ടുണ്ട്. അടുത്ത കുടുംബസുഹൃത്തും അച്‌ഛന്റെ ശിഷ്യനുമാണ് എ.എൽ. ജേക്കബ്. വിമോചനസമരത്തിന്റെ ചൂടാറും മുൻപു നടന്ന തിരഞ്ഞെടുപ്പിൽ കമ്യൂണിസ്‌റ്റ് സ്‌ഥാനാർഥിക്കു പ്രചാരണം നടത്താൻപോലും കഴിയാത്ത അവസ്‌ഥ. പ്രസംഗിക്കാൻ ചെല്ലുന്നിടത്തെല്ലാം കൂക്കിവിളിയും പാട്ടകൊട്ടലും. കടവന്ത്രയിൽ ഒരു ദിവസം വൈകിട്ടു കോർണർ യോഗം നടക്കുകയാണ്. വിശ്വനാഥ മേനോൻ എത്തുമ്പോൾ ലോക്കൽ നേതാക്കളിലൊരാളായ രവിയാണു പ്രസംഗിക്കുന്നത്. ഒരക്ഷരം കേൾക്കാനാകാത്തവിധം ചെണ്ടയും പാട്ടയും കൊട്ടി എതിരാളികൾ നിറഞ്ഞാടുന്നു. സ്‌റ്റേജിൽ കയറിയ മേനോൻ ഉച്ചത്തിൽ പ്രഖ്യാപിച്ചു- ‘ഞാൻ ജയിക്കാൻ വേണ്ടിയൊന്നുമല്ല മത്സരിക്കുന്നത്. അടിച്ചൊതുക്കാൻ വേണ്ടിയാണ്. മര്യാദയ്ക്കല്ലെങ്കിൽ എല്ലാത്തിനെയും അടിച്ചു ശരിപ്പെടുത്തും’. സ്‌ഥാനാർഥി തന്നെ ഇത്രയും കടുപ്പിച്ചു പറഞ്ഞ സ്‌ഥിതിക്കു രംഗം വഷളായേക്കുമെന്നു തോന്നിയ എതിരാളികൾ സ്‌ഥലം കാലിയാക്കി. പിന്നീടു കാര്യമായ ശല്യമൊന്നുമുണ്ടായില്ലത്രേ..
വീട്ടിൽ നോട്ടിസ് കൊടുത്തപ്പോൾ, അടയ്ക്കാ മുറിക്കുന്ന പേനാക്കത്തിയെടുത്തു നോട്ടിസിൽ കുത്തിയിറക്കി, താൻ കമ്യൂണിസ്റ്റു വിരോധിയാണെന്നു പറഞ്ഞ വീട്ടുകാരനോടു വിശ്വം പറഞ്ഞു– ‘ എന്റെ നെഞ്ചിലാണു കുത്തിയതെങ്കിലും എനിക്കു വിഷമമില്ല, എന്നാൽ സഖാക്കൾ തനിച്ചു വരുമ്പോൾ ഇങ്ങനെയൊന്നും ചെയ്തേക്കല്ലേ....’. സ്വേച്ഛാധിപത്യത്തിനെതിരായ പോരാളിയായിരുന്നു എന്നും വിശ്വനാഥ മേനോൻ. ബ്രിട്ടിഷുകാരുടെയും രാജാവിന്റെയും സംസ്ഥാന സർക്കാരിന്റെയും ഭരണത്തോടു മാത്രമല്ല, സിപിഎമ്മിലെ മോശം പ്രവണതകളോടും പോരാടിയിട്ടുണ്ട്.
അമ്പാടി നാരായണ മേനോന്റെയും വടക്കൂട്ട‌് ലക്ഷ‌്മിക്കുട്ടിയമ്മയുടെയും പുത്രനായി 1927 ജനുവരി 15 ന‌് എറണാകുളത്താണു വിശ്വനാഥ മേനോന്റെ ജനനം. വിദ്യാർഥിയായിരിക്കെ സ്വാതന്ത്ര്യ സമരത്തിൽ സജീവമായി. അഖില കൊച്ചി വിദ്യാർഥി ഫെഡറേഷന്റെ ജനറൽ സെക്രട്ടറിയായിരുന്നു. 1946 ൽ ജവഹർലാൽ നെഹ‌്റുവിനെ അറസ‌്റ്റ‌് ചെയ‌്തതിൽ പ്രതിഷേധിച്ച‌് എറണാകുളത്ത‌് വിദ്യാർഥികൾ നടത്തിയ പ്രകടനത്തിനും ഉത്തരവാദിത്ത ഭരണ ദിനാചരണത്തിനും നേതൃത്വം നൽകി, അറസ‌്റ്റിലായി. 1947 ൽ മഹാരാജാസ‌് കോളജ‌് വിദ്യാർഥിയായിരിക്കെയാണ് അമ്പാടി വിശ്വം എന്ന േപരു പ്രശസ്തമായത്. സ്വാതന്ത്ര്യദിനത്തിൽ മഹാരാജാസ‌് കോളജിൽ ദേശീയപതാകയ‌്ക്കൊപ്പം കൊച്ചി മഹാരാജാവിന്റെ പതാക കൂടി ഉയർത്തണം എന്ന സർക്കാർ ഉത്തരവിനെ വെല്ലുവിളിച്ച‌് കൊച്ചി രാജാവിന്റെ പതാക വലിച്ചു കീറി കത്തിച്ചു. പിന്നീട്, അസംബ്ലി കയ്യേറ്റ കേസിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 1949ൽ പുണെ ലോ കോളജിൽ ചേർന്നു. പിന്നീട‌് മുംബൈ ലോ കോളജിലേക്കു മാറി.
കമ്യൂണിസ‌്റ്റ‌് പാർട്ടിയും വിദ്യാർഥി ഫെഡറേഷനും നിരോധിച്ചതിനെതിരെ വിദ്യാർഥി ജാഥ നയിച്ചു. തുടർന്ന‌് ഒളിവിൽ പോയി. 1945 ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1950 ഫെബ്രുവരി 28 ന‌് ഇടപ്പളളി പൊലീസ‌് സ‌്റ്റേഷൻ ആക്രമണക്കേസിൽ പ്രതിയായി. അക്കൊല്ലം ജൂലൈ 12 ന‌് ന്യൂഡൽഹിയിൽ അറസ‌്റ്റിലായി. പിന്നീടു ജയിലിൽ ഏകാന്തവാസം. കേസിൽ നിരപരാധിയാണെന്നു കണ്ടു കോടതി വിട്ടയച്ചു. 1956 ൽ എറണാകുളം മുനിസിപ്പൽ കൗൺസിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1964 ൽ പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിലെത്തി. 1964 ൽ ചൈനീസ‌് ചാരനെന്ന പേരിൽ അറസ‌്റ്റ‌് ചെയ്യപ്പെട്ടു. 18 മാസം ജയിലിൽ കഴിഞ്ഞു.