ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രവർത്തകർക്ക് ആവേശം പകരാൻ ഒന്നിച്ചു പ്രചാരണത്തിനിറങ്ങി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. ദേഹാസ്വാസ്ഥ്യം മൂലം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതോടെ, പ്രചാരണത്തിന്റെ നേതൃത്വം ഇരുവരും ഏറ്റെടുത്തു. സംഗം വിഹാറിൽ പാർട്ടി സ്ഥാനാർഥി പൂനം ആസാദിന്റെ പ്രചാരണത്തിനായി എത്തിയ ഇരുവരും കേന്ദ്ര, ഡൽഹി സർക്കാരുകൾക്കെതിരെ ആഞ്ഞടിച്ചു.

മുൻ ക്രിക്കറ്റ് താരവും മുൻ ബിജെപി നേതാവുമായ കീർത്തി ആസാദിന്റെ ഭാര്യയാണു പൂനം. സോണിയ ഇന്ന് നടത്താനിരുന്ന പ്രചാരണ പരിപാടി റദ്ദാക്കി. സോണിയ ഇന്ന് ആശുപത്രി വിട്ടേക്കും.

പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ടി വന്നാൽ താജ് മഹലും വിൽക്കാൻ മടിക്കില്ലെന്നു രാഹുൽ പരിഹസിച്ചു. ഇന്ത്യൻ ജനതയുടെ രക്തത്തിൽ അലിഞ്ഞ ദേശീയതയെ ആർക്കും നീക്കാനാവില്ല.  ഓരോ പ്രസംഗത്തിലും ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാനുള്ള പരാ‍മർശങ്ങളാണ് അദ്ദേഹം നടത്തുന്നത്. 

യുവാക്കൾക്ക് പ്രതിവർഷം 2 കോടി തൊഴിൽ വാഗ്ദാനം ചെയ്ത് 2014 ൽ അധികാരത്തിലേറിയ മോദി ഇപ്പോൾ അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. മനുഷ്യവിഭവശേഷിയിൽ ചൈനയെ നേരിടാൻ കെൽപുള്ള ഏക രാജ്യം ഇന്ത്യയാണ്. അതു സാധ്യമാക്കാൻ പക്ഷേ, യുവാക്കൾക്കു തൊഴിൽ നൽകണം. വാചകക്കസർത്തിൽ മാത്രമാണു മോദിക്കും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിനും താൽപര്യം. ഒന്നിനു പിറകെ ഒന്നായി നുണകൾ പ്രചരിപ്പിക്കുകയാണ് അവർ– രാഹുൽ കുറ്റപ്പെടുത്തി.

തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയുൾപ്പെടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു മൗനം പാലിക്കുന്ന മോദിക്ക് ആത്മപ്രശംസയിൽ മാത്രമാണു ശ്രദ്ധയെന്നു പ്രിയങ്ക പറഞ്ഞു. 

ഡൽഹിയുടെ വികസനത്തിനായി ഒന്നും ചെയ്യാത്ത കേജ്‍രിവാൾ, സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള പരസ്യങ്ങൾക്കായി കോടികൾ ചെലവഴിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. പ്രചാരണ സമ്മേളനങ്ങളിൽ െക.സി. വേണുഗോപാൽ, പി.സി. ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: Delhi Election, Rahul Gandhi & Priyanka Gandhi Campaining For Congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com