ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി നേടുകയാണ് കോൺഗ്രസ്. ആം ആദ്മി പാർട്ടിയിലെ പ്രമുഖർ ജയിച്ചു കയറിയപ്പോൾ കോൺഗ്രസിലെ പ്രമുഖർ പരാജയം രുചിച്ചു. ഏറെ പ്രതീക്ഷയോടെ മല്‍സരിച്ച കോണ്‍ഗ്രസിന്‍റെ 63 സ്ഥാനാര്‍ഥികള്‍ക്കും കെട്ടിവച്ച തുക നഷ്ടമായി. അര്‍വിന്ദര്‍ സിങ് ലൗലി, ദേവേന്ദര്‍ യാദവ്, അഭിഷേക് ദത്ത് എന്നിവർക്ക് മാത്രമാണ് കെട്ടിവച്ച പണം തിരികെ പിടിക്കാൻ കഴിഞ്ഞത്. ആംആദ്മി വിട്ട് കോണ്‍ഗ്രസിനൊപ്പം മല്‍സരിച്ച അല്‍ക്ക ലാംബ, ആദർശ് ശാസ്ത്രി എന്നിവർക്കു കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. 

മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളും ഒഖ്‌ല മണ്ഡലത്തിലെ ആം ആദ്മി സ്ഥാനാര്‍ഥി അമാനത്തുള്ള ഖാനും നിഷ്പ്രയാസം വിജയിച്ചപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും പ്രമുഖ വനിതാ  നേതാവ് അതിഷിയും കടുത്ത മല്‍സരത്തിനൊടുവിലാണ് നേരിയ ഭൂരിപക്ഷത്തില്‍ സീറ്റ് നിലനിര്‍ത്തിയത്. 1993 മുതൽ കോൺഗ്രസിനെയോ ബിജെപിയെയോ വിജയിപ്പിച്ച ചരിത്രമായിരുന്നു ചാന്ദ്നി ചൗക്കിന്. ഇതു കഴിഞ്ഞ വട്ടം അൽക്കയാണു തിരുത്തിയത്, എഎപി ടിക്കറ്റിൽ. 1993 മുതൽ 1998 വരെ ബിജെപിയെ വിജയിപ്പിച്ചു വിട്ടപ്പോൾ 1998 മുതൽ 2015 വരെ കോൺഗ്രസിനായിരുന്നു വിജയം. കോൺഗ്രസിൽ നിന്നു എഎപിയിലെത്തിയ അൽക്ക, മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ അടക്കമുള്ളവരുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണു പാർട്ടി വിട്ടത്. പിന്നാലെ കോൺഗ്രസിൽ മടങ്ങിയെത്തി. 

തങ്ങളുടെ കോട്ട പൊളിച്ചയാളെ തകർക്കാൻ കോൺഗ്രസ് പാളയത്തിൽ പയറ്റിയ ആളെയാണ് എഎപി നിർത്തിയത്. 1998, 2003, 2008, 2013 തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചയാളാണു പ്രഹ്ലാദ് സിങ് സാഹ്‌നി. എഎപിയിലെത്തിയതു കഴിഞ്ഞ വർഷം. 2015ൽ 49.35 ശതമാനം വോട്ടു നേടിയാണ് അൽക്ക ലാംബ വിജയിച്ചത്. അന്നു കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന സാഹ്നി മൂന്നാം സ്ഥാനത്തായി. 24.07 ശതമാനം വോട്ട് മാത്രമാണു നേടിയത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ 18,287 വോട്ടുകൾക്കാണ്  അൽക്ക ലാംബ എഎപിയുടെ പ്രഹ്ലാദ് സിങ് സാഹ്‌നിയോട് പരാജയപ്പെട്ടത്. 

മുൻ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ കൊച്ചുമകനായ ആദർശ് ശാസ്ത്രിയും കഴിഞ്ഞ തവണ ആം ആദ്മി പാർട്ടി ടിക്കറ്റിൽ നിന്ന് മത്സരിച്ച് ജയിച്ചയാളാണ്. എന്നാൽ ഇത്തവണ സീറ്റു നിഷേധിക്കപ്പെട്ടതിനാൽ ആം ആദ്മിയോട് പിരിഞ്ഞ് കോൺഗ്രസിൽ ചേർന്ന് ദ്വാരക മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. എഎപിയുടെ വിനയ് മിശ്രയാണ് ഇവിടെ വിജയിച്ചത്. 

English Summary :Congress Bags Less Than 5% Votes in Delhi Assembly Polls, 63 Candidates Lose Deposits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com