ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പ്രതീക്ഷിക്കുന്നത് ‘സർപ്രൈസ് റിസൽറ്റ്’ ആണെന്നാണു ഡൽഹിയുടെ ചുമതലയുള്ള പി.സി.ചാക്കോ പ്രചാരണവേളയിൽ പറഞ്ഞത്. എന്നാൽ പുറത്തുവന്ന ഇപ്പോഴത്തെ ഫലം കോൺഗ്രസിനെ അമ്പരപ്പിക്കുകയല്ല, അടിമുടി ഞെട്ടിക്കുകയാണ്. മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന്റെ നേതൃത്വത്തിൽ 15 വർഷം ഇന്ദ്രപ്രസ്ഥം ഭരിച്ച കോൺഗ്രസിന് നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുകയെന്ന ആഗ്രഹം പോയിട്ട് സാന്നിധ്യം അറിയിക്കാൻ പോലുമായില്ല. ‍ഈ ക്ഷീണം അത്ര പെട്ടെന്നൊന്നും മറികടക്കാൻ പാർട്ടിക്കു സാധിക്കുകയില്ലെന്നു രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ കോൺഗ്രസ് ക്യാംപുകളിൽ ആവേശം വിതറി ഒരു സീറ്റിൽ പാർട്ടി ലീഡ് ചെയ്തിരുന്നു. ആ ലീഡ് വിജയത്തിലെത്തിക്കാൻ കോൺഗ്രസിനായില്ല. ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ തോൽപ്പിച്ച് രാഷ്ട്രീയ അരങ്ങേറ്റം ഉഷാറാക്കിയ ഇപ്പോഴത്തെ മുഖ്യമന്ത്രി അരവിന്ദ് ‍കേജ്‌‌രിവാളിനെ ഉലയ്ക്കാൻ പോലും കോൺഗ്രസിനു കഴിഞ്ഞില്ലെന്നു ചുരുക്കം. കോൺഗ്രസിന്റെ വോട്ടുകണക്കും പരിതാപകരമാണ്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്സൈറ്റ് അനുസരിച്ച് ഇന്ത്യൻ നാഷനൽ കോൺഗ്രസിനു കിട്ടിയത് 4.23% വോട്ട് ‌മാത്രം. ഭരണത്തുടർച്ച ഉറപ്പാക്കിയ എഎപി 53.27% വോട്ടാണ് (അന്തിമ കണക്കിൽ മാറ്റം വരാം).

rahul-priyanka-delhi-election
രാഹുലും പ്രിയങ്കയും ഡൽഹി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ (ഫയൽ ചിത്രം)

ഒരു സീറ്റെങ്കിലും നേടി സാന്നിധ്യം അറിയിക്കാനുള്ള കോൺഗ്രസിന്റെ ശ്രമം ദയനീയമായി പരാജയപ്പെട്ടു. നില മെച്ചപ്പെടുത്തിയ ബിജെപിക്ക് 38.98% വോട്ടുവിഹിതമുണ്ട്. 2015 ലും കോൺഗ്രസിനു സീറ്റു നേടാനായില്ല. 2013 ൽ ഉണ്ടായിരുന്നത് എട്ടു സീറ്റുകൾ. ഒരു മണ്ഡലത്തിൽ പോലും കോൺഗ്രസിന് ഇക്കുറി വിമത സ്ഥാനാർഥികളില്ലായിരുന്നു. 15 സീറ്റുകളിൽ വ്യക്തമായ മുൻതൂക്കമുണ്ട് എന്നായിരുന്നു കണക്കുകൂട്ടൽ. കോൺഗ്രസ് അധ്യക്ഷ സോണിയ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കേരളത്തിൽ നിന്ന് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല ഉൾപ്പെടെ വിവിധ സംസ്ഥാന നേതാക്കളും പ്രചാരണത്തിനിറങ്ങി. ലോക്സഭാ സമ്മേളനം നടക്കുന്നതിനാൽ കേരള എംപിമാരും പ്രചാരണത്തിൽ സജീവമായിരുന്നു.

ഡൽഹിയുടെ സമഗ്ര വികസനം, മലിനീകരണം ഇല്ലാതാക്കൽ, ഗതാഗതക്കുരുക്കിനു ശാശ്വത പരിഹാരം എന്നിവയ്ക്കായിരുന്നു പ്രകടന പത്രികയിൽ മുൻഗണന. 5000 രൂപ പെൻഷൻ, തൊഴിൽ രഹിതർക്ക് വേതനം തുടങ്ങിയ വാഗ്ദാനങ്ങളുമുണ്ടായി. പക്ഷേ അതിലൊന്നും വോട്ടർമാർ കൊത്തിയില്ലെന്നു മാത്രം. പാർട്ടിക്കുള്ളിൽ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഭംഗിയായില്ലെന്ന വിമർശനം ശരിവയ്ക്കുന്നതാണു കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിതിന്റെ പ്രതികരണം. ‘പ്രചാരണത്തില്‍ കോണ്‍ഗ്രസിന്റേത് വളരെ മോശം പ്രകടനമായിരുന്നു. ഫലം ദയനീയമായിരിക്കുമെന്നു കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ അറിയാമായിരുന്നു. ഏതാനും നേതാക്കള്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്തം. തിരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടായാൽ പുതിയ വ്യാഖ്യാനങ്ങള്‍ ഉണ്ടാകും.’– ഫലം പുറത്തുവരുന്നതിന് മുന്‍പ് സന്ദീപ് മാധ്യമങ്ങളോടു പറഞ്ഞു. പാർട്ടിക്ക് ഇവിടെ പ്രതീക്ഷിക്കാന്‍ ഒന്നുമില്ലെന്നു കോണ്‍ഗ്രസ് എംപി പ്രണീത് കുമാറും വ്യക്തമാക്കി.

ഇന്ത്യയുടെ ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം 1951ലായിരുന്നു ഡൽഹി നിയമസഭയിലേക്കുള്ള ആദ്യ തിരഞ്ഞെടുപ്പും. 36 ഏകാംഗ മണ്ഡലങ്ങളും 6 ദ്വയാംഗ മണ്ഡലങ്ങളും. ദ്വയാംഗ മണ്ഡലത്തിൽ മത്സരിക്കാൻ രണ്ടു സ്ഥാനാർഥികളുണ്ടാകും; ഒരു പൊതുസ്ഥാനാർഥിയും ഒരു സംവരണ വിഭാഗം സ്ഥാനാർഥിയും. അങ്ങനെ ആദ്യ നിയമസഭയിൽ എത്തിയത് 48 പേർ. മത്സരിച്ച 47ൽ 39 സീറ്റുകളിലും കോൺഗ്രസ് ജയിച്ചു. 52.09% വോട്ടും സ്വന്തമാക്കി. കോൺഗ്രസ് നേതാവ് ബ്രഹ്മ പ്രകാശായിരുന്നു ആദ്യ മുഖ്യമന്ത്രി. 31 സീറ്റിൽ മത്സരിച്ച ഭാരതീയ ജനസംഘം (ബിജെഎസ്) ജയിച്ചത് 5 സീറ്റുകളിൽ മാത്രം.

1956 ൽ ഡൽഹിയെ കേന്ദ്രഭരണ പ്രദേശമാക്കി ഉത്തരവിറങ്ങി. ഡൽഹി നിയമസഭ പിരിച്ചുവിട്ട് ഭരണം രാഷ്ട്രപതിക്കു കീഴിലാക്കി. 1957 ൽ ഡൽഹി മുനിസിപ്പൽ കോര്‍പറേഷൻ രൂപീകരിക്കപ്പെട്ടു. 1966 ൽ കോർപറേഷൻ ഭരണത്തിനായി ഡൽഹി മെട്രോപൊളിറ്റൻ കൗൺസിലിന് രൂപംകൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട 56 പേരും നാമനിര്‍ദേശം ചെയ്യപ്പെട്ട 5 പേരുമായിരുന്നു കൗൺസിലിൽ. 1990 വരെ ഈ രീതിയിലായിരുന്നു ഡൽഹി ഭരണം. 1972 ലും 1983 ലും കോൺഗ്രസും 1977 ൽ ജനതാ പാർട്ടിയും കോർപറേഷനിൽ ഭൂരിപക്ഷം നേടി. 1991ൽ ഡൽഹി ദേശീയ തലസ്ഥാന പ്രദേശമായി. 1993 ൽ ഡൽഹി നിയമസഭയിലേക്ക് ആദ്യ തിരഞ്ഞെടുപ്പും നടന്നു.

57 ജനറൽ സീറ്റുകളും 13 എസ്‌സി സംവരണ സീറ്റുകളുമായി ആകെ 70 മണ്ഡലത്തിലേക്കായിരുന്നു വോട്ടെടുപ്പ്. 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തി. 14 സീറ്റുമായി കോൺഗ്രസ് രണ്ടാമതും. 42.82% വോട്ടാണ് ബിജെപിക്ക് ലഭിച്ചത്, കോൺഗ്രസിന് 34.48ഉം. 1998ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു ജയം– 52 സീറ്റ്. 2003ലും 2008ലും കോൺഗ്രസ് വിജയം തുടർന്നു. 15 വർഷം ഷീല ദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. 2013ലായിരുന്നു അരവിന്ദ് കേജ്‌രി‌വാളിന്റെ നേതൃത്വത്തിൽ ആം ആദ്മി പാർട്ടിയുടെ രംഗപ്രവേശം. ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച 70 ല്‍ 28 സീറ്റും സ്വന്തമാക്കി. എട്ടു സീറ്റ് നേടിയ കോൺഗ്രസുമായി ചേര്‍ന്ന് മന്ത്രിസഭ. ബിജെപി 31 സീറ്റാണ് നേടിയത്.

എന്നാൽ ലോക്‌പാൽ ബിൽ പാസ്സാക്കുന്നതിൽ കോൺഗ്രസ് പിന്തുണ നൽകാത്തതിനെത്തുടർന്ന് സഖ്യത്തിൽ വിള്ളൽ വീണു, കേജ്‌രിവാൾ രാജിവച്ചു. നിയമസഭ പിരിച്ചുവിട്ടതിനെത്തുടർന്ന് 2015ൽ വീണ്ടും തിരഞ്ഞെടുപ്പ്. 67 സീറ്റുമായി എഎപി തിരിച്ചെത്തി. ബിജെപിക്കു ലഭിച്ചത് 3 സീറ്റ്. കോൺഗ്രസിനു പൂജ്യവും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ഏഴു സീറ്റുകളിലും വിജയം ബിജെപിക്കായിരുന്നു. ആ പ്രതീക്ഷയോടെയാണ് പാർട്ടി ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാൽ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഡൽഹി വോട്ടുചെയ്യുന്ന രീതി തികച്ചും വ്യത്യസ്തമാണെന്നു കണക്കുകളിൽ വ്യക്തം.

1991 ലോക്സഭ തിരഞ്ഞെടുപ്പിൽ ഡൽഹിയിൽ രണ്ടു സീറ്റുകളിലായിരുന്നു കോൺഗ്രസ് ജയിച്ചത്; ബിജെപി അഞ്ചിലും. 1993 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 49 സീറ്റുമായി ബിജെപി അധികാരത്തിലെത്തി. 1996 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 2, ബിജെപി 5 എന്നിങ്ങനെയായിരുന്നു സീറ്റുനില. 1998ൽ കോൺഗ്രസ് ഒരു സീറ്റിലേക്കു ചുരുങ്ങി; ബിജെപിക്ക് ആറും. എന്നാൽ അതേവർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 52 സീറ്റുമായി കോൺഗ്രസ് അധികാരം പിടിച്ചു. ബിജെപി നേടിയത് 15 സീറ്റ്. 1999ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും ബിജെപിക്കായിരുന്നു. 2003 ൽ ഡൽഹിയിൽ അധികാരത്തിൽ എത്തിയതാകട്ടെ കോൺഗ്രസും– 47 സീറ്റ്.

2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറു സീറ്റ് കോൺഗ്രസ് നേടിയപ്പോൾ ബിജെപിക്കു ലഭിച്ചത് ഒന്ന്. 2008 ൽ പക്ഷേ കോൺഗ്രസ് തന്നെ നിയമസഭയിലേക്ക് ജയിച്ചു– 43 സീറ്റ്. 23 സീറ്റ് ബിജെപിയും സ്വന്തമാക്കി. 2009ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും കോൺഗ്രസിനായിരുന്നു. 2013ൽ നിയമസഭയിലേക്ക് ജയിച്ചുകയറിയതാകട്ടെ 28 സീറ്റുമായി എഎപിയും. 31 സീറ്റ് ബിജെപി നേടി; 8 സീറ്റ് കോൺഗ്രസും. 2015ലാകട്ടെ എഎപി നേടിയത് 67 സീറ്റ്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഏഴ് സീറ്റും സ്വന്തമാക്കി ബിജെപിയുടെ മറുപടി. പക്ഷേ ലോക്സഭയിലെ മാനദണ്ഡമല്ല നിയമസഭയിലെന്നു ഡൽഹിയിലെ വോട്ടർമാർ വീണ്ടും ഓർമിപ്പിച്ചു. ഫലം ബിജെപിക്ക് നേരിയ ആശ്വാസമായപ്പോൾ പൂജ്യത്തിൽനിന്നു വട്ടപ്പൂജ്യത്തിന്റെ നിലയില്ലാക്കയത്തിലേക്കു വീണ കോൺഗ്രസ് പകച്ചുനിൽക്കുകയാണ്.

English Summary: Delhi assembly election results 2020: Congress falters again, yet to open its account

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com