ADVERTISEMENT

ന്യൂഡൽഹി∙ ഡൽഹിയിലെ ആം ആദ്മി പാർട്ടി വിജയത്തിനു പിന്നാലെ ബിജെപിയെ പരാജയപ്പെടുത്തിയ ഡൽഹി വോട്ടർമാർക്ക് കോൺഗ്രസ് നേതാവ് പി. ചിദംബരം ‘സല്യൂട്ട്’ നൽ‌കിയതിനെതിരെ കോൺഗ്രസ് വക്താവ് രംഗത്ത്. കോൺഗ്രസ് മത്സരിച്ച എല്ലാ സീറ്റുകളിലും തോറ്റ തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെയായിരുന്നു ട്വിറ്ററിൽ ചിദംബരത്തിന്റെ പ്രതികരണം. എന്നാൽ ചിദംബരത്തിന്റെ നിലപാടിനെതിരെ എതിർ ശബ്ദമുയർത്തിയിരിക്കുകയാണ് കോൺഗ്രസ് വക്താവ് ശർമിഷ്ഠ മുഖര്‍ജി.  മുന്‍ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ മകളാണ് ശർമിഷ്ഠ. 

‘ആം ആദ്മി പാർട്ടി വിജയിച്ചു. ബിജെപിയുടെ ധ്രുവീകരണമുണ്ടാക്കുന്നതും അപകടകരവുമായ അജണ്ടയെ ഇന്ത്യയിലെ എല്ലാ പാർട്ടികളിലും ഉൾപ്പെടുന്ന ഡൽഹിയിലെ ജനങ്ങൾ പരാജയപ്പെടുത്തി. 2021 ലും 2022 ലും തിരഞ്ഞെടുപ്പ് നടക്കുന്ന എല്ലാ സംസ്ഥാനങ്ങൾക്കും ഇതൊരു മാതൃകയാണ്. ഡല്‍ഹിയിലെ ജനങ്ങളെ സല്യൂട്ട് ചെയ്യുന്നു– ചിദംബരം ട്വിറ്ററിൽ കുറിച്ചു. എന്നാൽ ചിദംബരത്തിന്റെ പ്രതികരണത്തിനു രൂക്ഷഭാഷയിലാണ് ട്വീറ്റുകളിലൂടെ ശർമിഷ്ഠ മറുപടി നൽ‌കിയിരിക്കുന്നത്.

എല്ലാ ബഹുമാനത്തോടും കൂടി ചോദിക്കട്ടെ, ബിജെപിയെ തോൽപിക്കേണ്ട ജോലി കോൺഗ്രസ് മറ്റു പാർട്ടികൾക്കു കൊടുത്തോ?. അല്ലെങ്കിൽ പിന്നെ എന്തിനാണ് നമ്മൾ ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ അഹങ്കരിക്കുന്നത്. കോൺഗ്രസിന്റെ പരാജയം ശ്രദ്ധിക്കാതെയാണ് ഇതു ചെയ്യുന്നത്. ഇനി ഉത്തരം അതെ എന്നാണെങ്കിൽ കോൺഗ്രസ് യൂണിറ്റുകൾ പ്രവർത്തനം നിർത്തുന്നതാണു നല്ലത്– ശർമിഷ്ഠ പ്രതികരിച്ചു.

ഡൽഹിയിൽ നമ്മൾ വീണ്ടും പിന്നോട്ടുപോയി. ഇനി പ്രവർത്തനമാണു വേണ്ടത്. മുകള്‍ തട്ടിൽ തീരുമാനം എടുക്കുന്നതു വൈകൽ, സംസ്ഥാന തലത്തിൽ തന്ത്രങ്ങളോ ഐക്യമോ ഇല്ലാത്തത്, താഴെത്തട്ടുമായി ബന്ധമില്ലാത്തത്, പ്രവർത്തകരെ നിരുൽസാഹപ്പെടുത്തുന്നത് തുടങ്ങി കാരണങ്ങൾ നിരവധിയുണ്ട്. പാർട്ടിയുടെ ഭാഗമാണെന്നിരിക്കെ, ഞാനും ഉത്തരവാദിത്തം ഏൽക്കുന്നു.

ബിജെപിയുടേതു ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെങ്കിൽ കോൺഗ്രസിന്റേത് ‘സ്മാർട് രാഷ്ട്രീയമാണ്’. നമ്മൾ എന്താണു ചെയ്യുന്നത്– ശർമിഷ്ഠ പ്രതികരിച്ചു. 2015ലെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ശർമിഷ്ഠ പരാജയപ്പെട്ടിരുന്നു. മത്സരിച്ച 70 സീറ്റിൽ 62 ലും വിജയിച്ചാണ് ഡൽഹിയിൽ ആം ആദ്മി പാർട്ടി തുടർച്ചയായ മൂന്നാം തവണയും അധികാരത്തിലെത്തിയത്.

English Summary: Sharmistha Mukherjee slams P. Chidambaram on twitter post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com