ഡൽഹി തോൽവി ചർച്ചയ്ക്ക് ബിജെപി; യോഗം വൈകിട്ടു വരെ നീളുമെന്നു മനോജ് തിവാരി
Mail This Article
ന്യൂഡൽഹി ∙ നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയം വിശദമായി ചർച്ച ചെയ്യാൻ ബിജെപി നാളെ യോഗം ചേരും. പാർട്ടി ആസ്ഥാനത്ത് രാവിലെ 10ന് തുടങ്ങുന്ന യോഗത്തിൽ ഡൽഹി ബിജെപി അധ്യക്ഷൻ മനോജ് തിവാരി അധ്യക്ഷത വഹിക്കും. തിരഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങൾ, സ്ഥാനാർഥികൾ എന്നിവർക്കു പുറമേ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷ്, തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന പ്രകാശ് ജാവഡേക്കർ, സഹ ചുമതലയുണ്ടായിരുന്ന നിത്യാനന്ദ് റായ്, ഡൽഹി ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ശ്യാം ജാജു എന്നിവരും പങ്കെടുക്കും.
ഓരോ ബൂത്തിലെയും കണക്കുകൾ വിശദമായി പരിശോധിക്കുമെന്നും യോഗം ആറു മണിവരെ നീളുമെന്നും മനോജ് തിവാരി പറഞ്ഞു. ഓരോ മണ്ഡലത്തിലെയും തിരഞ്ഞെടുപ്പിന്റെ ചുമതലയുണ്ടായിരുന്നവർ, പ്രധാന പ്രവർത്തകർ, സ്ഥാനാർഥികൾ എന്നിവരുമായുള്ള ചർച്ചകൾ പ്രത്യേകം നടക്കും. ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡ ഇന്നു മനോജ് തിവാരിയുമായി ചർച്ച നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് പാർട്ടിയുടെ എല്ലാ ദേശീയ ജനറൽ സെക്രട്ടറിമാരുടെയും യോഗം നഡ്ഡ വിളിച്ചു ചേർത്ത് പരാജയം ചർച്ച ചെയ്തിരുന്നു. തോൽവിയിൽ നിരാശരാകരുതെന്നും എവിടെയാണു പാളിച്ചകൾ പറ്റിയതെന്നു വിലയിരുത്തി മുന്നോട്ടു പോകണമെന്നും നഡ്ഡ പറഞ്ഞു.
ഡൽഹി ഭരണം ലഭിച്ചില്ലെങ്കിലും ബിജെപിയുടെ ആശയങ്ങൾക്കു പരാജയം സംഭവിച്ചിട്ടില്ല. പാർട്ടിയുടെ വോട്ടു വിഹിതം കൂടിയത് ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ പാർട്ടി എതിരിടുന്ന കോൺഗ്രസിന്റെ വോട്ടുശതമാനം ഗണ്യമായി കുറയുകയും ചെയ്തു. ഇതു വരും കാലത്തേക്കുള്ള ചവിട്ടുപടിയായി കണ്ടു മുന്നോട്ടു പോകണമെന്നും നഡ്ഡ പറഞ്ഞു. മനോജ് തിവാരിയെയും ഈ യോഗത്തിലേക്കു വിളിപ്പിച്ചിരുന്നു. ഡൽഹി ബിജെപി അധ്യക്ഷ സ്ഥാനം താൻ രാജിവച്ചുവെന്ന വാർത്തകൾ ശരിയല്ലെന്നു തിവാരി പറഞ്ഞു.
English Summary: BJP to review Delhi poll result on Friday