ADVERTISEMENT

കോട്ടയം ∙ ജീവിതം കഷ്ടപ്പാടിന്റെ കയത്തിൽ വീണപ്പോഴും തളരാതെ മുന്നോട്ടു നീങ്ങുന്ന വീട്ടമ്മ, യുഡിഎഫ് സ്ഥാനാർഥിയായി ഇടതുകോട്ടയിൽ വിജയക്കൊടി പാറിച്ചതിനെ കുറിച്ചുള്ള കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പന്മന പഞ്ചായത്ത് ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി ജയിച്ച പി.ശ്രീകലയെക്കുറിച്ചു കോൺഗ്രസ് പ്രവർത്തക ഷംല നൗഷാദ് എഴുതിയ കുറിപ്പുകളും ചിത്രങ്ങളുമാണു ചർച്ചയാകുന്നത്.

പ്രവാസിയായിരിക്കെ സ്ട്രോക്ക് വന്നു കഴിഞ്ഞ 12 വർഷമായി പരസഹായമില്ലാതെ നിത്യവൃത്തി പോലും ചെയ്യാൻ സാധിക്കാത്ത ഭർത്താവിന്റെ ചികിത്സയും രണ്ടു മക്കളുടെ പഠനവും ഉൾപ്പടെയുള്ള കാര്യങ്ങളും ഏറ്റെട‌ുത്ത് കുടുംബത്തെ മുന്നോട്ട് നയിക്കുന്നതു ശ്രീകലയാണ്. ആർ‌എസ്പി സ്ഥാനാർഥിയായാണു മത്സരിച്ചത്. പ്രാരാബ്ധങ്ങുടെ നടുക്കടലിൽ പ്രയാസപ്പെട്ടപ്പോഴും പതറാത്ത ശ്രീകലയ്ക്കു സാധാരണക്കാർക്കും വേദനിക്കുന്ന മനസ്സുകൾക്കും സാന്ത്വനമാകാൻ കഴിയുമെന്നു കുറിപ്പിൽ പറയുന്നു.

ഷംല നൗഷാദിന്റെ കുറിപ്പിൽനിന്ന്:

വീണുപോകുമ്പോൾ ഉറ്റവരെപ്പോലും വിട്ടുകളയുന്ന വർത്തമാനകാലത്ത്, ഈ വിജയ നിമിഷത്തിൽ നാം കണ്ടുപഠിക്കണം, ഈ സ്നേഹത്തെ, ഈ നന്മയെ. നിങ്ങളറിയാൻ ഞാനിതിവിടെ കുറിക്കട്ടെ. പന്മന പഞ്ചായത്ത് ആറാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച പി.ശ്രീകല ചേച്ചിയെക്കുറിച്ച് മുൻപ് എഴുതിയിരുന്നു. ഏറെ പ്രതീക്ഷയോടെ തുടങ്ങിയ ജീവിതം കഷ്ടപ്പാടിന്റെ കയത്തിൽ വീണപ്പോഴും തളരാതെ മുന്നോട്ടു നീങ്ങുന്ന കല ചേച്ചി. പ്രവാസിയായിരുന്ന ഭർത്താവ് കഴിഞ്ഞ 12 വർഷമായി പരസഹായമില്ലാതെ മുന്നോട്ട് പോകാത്ത അവസ്ഥ, രണ്ട് മക്കളുടെ പഠനം, ജീവിത പ്രശ്‍നങ്ങൾ.

ഇതിനിടയിൽ അപ്രതീക്ഷിതമായി ആർഎസ്പിയിലൂടെ തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ 20 വർഷത്തെ ഉരുക്കുകോട്ടയിൽ യുഡിഎഫ് സ്ഥാനാർഥിത്വം. പരീക്ഷിക്കാനും പരിഹസിക്കാനും എതിരാളികൾ മുതിർന്നപ്പോൾ നല്ലസമൂഹം ഒന്നടങ്കം ഒപ്പംനിന്നു, ഈ ഞാനും കല ചേച്ചിയോടൊപ്പം എത്തി. കല ചേച്ചിയുടെ ഈ വിജയം ഏറെ ആഗ്രഹിച്ചിരുന്നു, ഒരു നിയോഗമെന്നപോലെ ഞാൻ ഈ വാർഡിലെ കൗണ്ടിങ് ഏജന്റായി. ആറാം വാർഡിലെ ടേബിളിനു മുന്നിൽ കലചേച്ചിയുടെ തിരഞ്ഞെടുപ്പ് വിധി നിർണയിക്കുന്ന മേശയ്ക്കു മുന്നിൽ പ്രാർഥനയോടെനിന്ന നിമിഷങ്ങൾ.

idukki-udf

പടപടാ ഇടിക്കുന്ന നെഞ്ചിന്റെ ശബ്‌ദവും എന്റെ പരിഭ്രമവും ഒതുക്കിപ്പിടിക്കാൻ ഏറെ പ്രയാസപ്പെട്ടു. വോട്ട് എണ്ണിക്കഴിഞ്ഞപ്പോൾ ഞാൻ ആഗ്രഹിച്ച ആ ഉജ്ജ്വല വിജയം. എത്ര അടക്കിയിട്ടും സന്തോഷം കണ്ണീരായി. പിന്നെ വാർഡിലേക്ക്, അവിടെ പരസഹായമില്ലാതെ നടക്കുവാൻ സാധിക്കാതെ ചേച്ചിയുടെ പ്രിയപ്പെട്ടവൻ വേച്ചുവേച്ചു അടുക്കുമ്പോൾ ഓടിയടുത്ത കല ചേച്ചി. സ്നേഹ ബന്ധങ്ങളിൽ ദൈവം അടയാളപ്പെടുത്തി കൺമുന്നിൽ കണ്ട സുന്ദരനിമിഷം. തന്റെ പ്രിയപ്പെട്ടവന് എന്തു വീഴ്ച വന്നാലും, അഗ്നിസാക്ഷിയായി ദൈവം കൂട്ടിച്ചേർത്ത ബന്ധത്തെ മുറുകെപ്പിപിടിക്കുന്ന കല ചേച്ചിയിൽനിന്നു നമ്മളെല്ലാം ഒരുപാട് പഠിക്കുവാനുണ്ട്.

ചിരിപക്ഷം... വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ കോളജിനു മുൻപിൽ ആഹ്ലാദ പ്രകടനം നടത്തുന്ന യുഡിഎഫ് പ്രവർത്തകർ.  ചിത്രം:ഫഹദ് മുനീർ ∙ മനോരമ
ചിരിപക്ഷം... വോട്ടെണ്ണൽ കേന്ദ്രമായ മലപ്പുറം ഗവ കോളജിനു മുൻപിൽ ആഹ്ലാദ പ്രകടനം നടത്തുന്ന യുഡിഎഫ് പ്രവർത്തകർ. ചിത്രം:ഫഹദ് മുനീർ ∙ മനോരമ

കുറവുകളിലും വീഴ്ചകളിലും കൂടെ ചേർത്തുനിർത്തേണ്ട നല്ല സ്നേഹമാണ് ദാമ്പത്യം. ആ സ്നേഹത്തിന് ഈ ലോകം കണ്ട ഏറ്റവും വലിയ താളമുണ്ട്. അതെ, ഹൃദയമിടിപ്പിന്റെ താളമുണ്ട്, സ്നേഹത്തിന്റെ രാഗമുണ്ട്, കരുതലിന്റെ ശ്രുതിയുണ്ട്, പ്രതിബദ്ധതയുടെ ലയമുണ്ട്, ഇങ്ങനെയുള്ളവരാണു നാടിന് മാതൃക. എന്റെ പ്രിയപ്പെട്ട കല ചേച്ചി, ഈ നന്മയുടെ പരകോടിയിൽ നിൽക്കുന്ന മാതൃകയ്ക്ക്, ഒത്തിരി സ്നേഹത്തോടെ, ഒപ്പം നല്ല ആശംസകളോടെ, സ്വന്തം സഹോദരി.

മുൻ കുറിപ്പിൽനിന്ന്:

ശ്രീകല ചേച്ചി. പ്രയാസങ്ങളെ പുഞ്ചിരികൊണ്ട് തോൽപ്പിച്ചവൾ. പന്മന പഞ്ചായത്ത് ആറാം വാർഡിന്റെ പ്രതിനിധിയാവാൻ കാലം കാത്തുവച്ച സൗഭാഗ്യം, തന്റെ ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ മറച്ചുപിടിച്ചു ക്ലർക്കായി ജോലി ചെയ്ത പാരലൽ കോളജിലെ കുട്ടികളുടെ പ്രിയപ്പെട്ട ശ്രീകല ചേച്ചി. അടുത്തറിഞ്ഞപ്പോൾ ആ പുഞ്ചിരി അതൊരു മുഖപടം മാത്രമാണെന്ന് എനിക്കുതോന്നി, അങ്ങനെ ഞാൻ ചേച്ചിയോട് കാര്യങ്ങൾ തിരക്കി.

ജീവിതചലനത്തെ അപ്പാടെ നിർത്തിയ 2008ലെ ജൂൺ മാസം. പ്രവാസലോകത്തുവച്ച് സ്ട്രോക്ക് വന്നുവീണ ഭർത്താവ്. കഴിഞ്ഞ 12 വർഷമായി പരസഹായം ഇല്ലാതെ നിത്യവൃത്തി പോലും ചെയ്യാൻ സാധിക്കാത്ത ഭർത്താവിന്റെ ചികിത്സയും കാര്യങ്ങളും. രണ്ട് മക്കളുടെ പഠനം ഉൾപ്പടെ കുടുംബത്തെ മുന്നോട്ട് നയിക്കുന്നതിന്റെ കരളലിയിക്കുന്ന വേദനകളും. മുഖത്തെ പുഞ്ചിരി മാറി ചേച്ചിയുടെ കണ്ണിൽനിന്ന് ഒഴുകുന്നത് ഒരു അതിജീവനത്തിന്റെ അടയാളപ്പെടുത്തലായി എനിക്കു തോന്നി.

വേദനകളുടെ വേലിയേറ്റത്തിലും പ്രയാസങ്ങളുടെ പടുകുഴിയിലും പതറാതെ മുന്നേറുന്ന ശ്രീകല ചേച്ചിയല്ലാതെ സാധാരണക്കാരന്റെ പ്രതിനിധിയാകാൻ ഇവിടെയാര്! കഷ്ടപ്പാടിന്റെ കനൽവഴികൾ താണ്ടുന്ന, നീറുന്ന ജീവിത യഥാർഥ്യങ്ങൾ പ്രവർത്തന കരുത്തായി കൂടെകൂടിയ ശ്രീകല ചേച്ചി. പ്രാരാബ്ധങ്ങുടെ നടുക്കടലിൽ പ്രയാസപ്പെട്ടപ്പോഴും പതറാത്ത ശ്രീകല ചേച്ചി. വേദനിക്കുന്ന മനസ്സിന് സാന്ത്വനമാകാൻ ശ്രീകല ചേച്ചിക്കു കഴിയും.

അതിജീവനത്തിന്റെ അനുഭവസമ്പത്തു കൊണ്ട് അവർക്കത് എന്നേ കഴിഞ്ഞിരിക്കുന്നു. സങ്കടക്കടലിലും പതറാതെ, മനസ്സ് കരയുമ്പോഴും വേദന ഉള്ളിലൊതുക്കി മറ്റാരെയും വേദനിപ്പിക്കാതെ, കാറുംകോളും നിറഞ്ഞ അനുഭവങ്ങളുടെ കരുത്തുമായി പൊതുപ്രവർത്തനം നടത്തുന്ന പന്മന പഞ്ചായത്തിലെ വെറ്റമുക്ക് വാർഡിന്റെ പ്രിയപ്പെട്ടവളാകും ശ്രീകല ചേച്ചി. യുഡിഎഫ് സാരഥി പി.ശ്രീകല ചേച്ചിക്കു വിജയാശംസകൾ.

സ്നേഹപൂർവം,

ഷംല നൗഷാദ്.

English Summary: Viral post about UDF candidate P sreekala at Panmana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com