ADVERTISEMENT

ന്യൂഡൽഹി ∙ കരസേന, റിപ്പബ്ലിക് ദിനങ്ങളിൽ നടന്ന പരേഡുകളിൽ താരങ്ങളായി മലയാളികൾ. കഴിഞ്ഞ 15നു നടന്ന സേനാദിനത്തിലെ പരേഡിൽ മികച്ച മാർച്ചിങ് സംഘമായി തിരഞ്ഞെടുക്കപ്പെട്ട ബംഗാൾ എൻജിനീയർ ഗ്രൂപ്പിനെ (ബംഗാൾ സാപ്പേഴ്സ്) പരിശീലിപ്പിച്ചത് കോഴിക്കോട് കരിക്കിലോട് സ്വദേശി സുബേദാർ പി.പി.അഖിലേഷാണ്.

ഡൽഹിയിൽ നടന്ന ചടങ്ങിൽ അഖിലേഷും സംഘത്തിന്റെ കമാൻഡർ മേജർ പീയുഷ് ശർമയും ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി. അഖിലേഷ് പരിശീലിപ്പിക്കുന്ന സംഘം തുടർച്ചയായ രണ്ടാം വട്ടമാണു സേനാദിന പരേഡിലെ മികച്ച മാർച്ചിങ് സംഘമായി തിരഞ്ഞെടുക്കപ്പെടുന്നത്. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിന പരേഡിൽ പുരുഷൻമാരുടെ കരസേനാ സംഘത്തെ നയിച്ച വനിത ഒാഫിസർ ക്യാപ്റ്റൻ ടാനിയ ഷേർഗില്ലിനെ പരിശീലിപ്പിച്ചതും അഖിലേഷ് ആയിരുന്നു. 

pp-akhilesh
സുബേദാർ പി.പി. അഖിലേഷ്.

2008ലെ മുംബൈ ഭീകരാക്രമണത്തിൽ താജ് ഹോട്ടലിൽ ഭീകരരെ തുരത്തിയ സേനാ കമാൻഡോ സംഘത്തിൽ അഖിലേഷും അംഗമായിരുന്നു. അന്ന് വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണിക്കൃഷ്ണനൊപ്പമാണ് അഖിലേഷ് സേനാ നടപടിയിൽ പങ്കെടുത്തത്. 

റിപ്പബ്ലിക് ദിന പരേഡിൽ നാവികസേന ടാബ്ലോയ്ക്ക് നേതൃത്വം നൽകിയത് കോട്ടയം കാഞ്ഞിരപ്പള്ളി കൂട്ടിക്കൽ ഞാവക്കാട്ട് വീട്ടിൽ ലഫ്. കമാൻഡർ റൂബെൻ സാനു. 1971ൽ ബംഗ്ലദേശിന്റെ മോചനത്തിനു വഴിയൊരുക്കി പാക്കിസ്ഥാനുമേൽ‌ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ അൻപതാം വാർഷികത്തോടനുബന്ധിച്ചുള്ള ടാബ്ലോയാണ് ഒരുക്കിയത്. റൂബെന്റെ നേതൃത്വത്തിലുള്ള സംഘമാണു രാഷ്ട്രപതിയുടെ സല്യൂട്ട് സ്വീകരിച്ച് ടാബ്ലോയ്ക്കു മുന്നിൽനിന്നത്. 

1200-ruben-sanu
ലഫ്. കമാൻഡർ റൂബെൻ സാനു.

English Summary : Kerala men presence in Republic/ Army day parade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com