ഡോളർ കടത്തിൽ തനിക്കെതിരെ തെളിവില്ലെന്ന് ശിവശങ്കർ: തള്ളി കസ്റ്റംസ്
Mail This Article
തിരുവനന്തപുരം∙ വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ എം. ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന അഡീഷണൽ സിജെഎം കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ഡോളർ കടത്തുമായി തനിക്ക് യാതൊരു പങ്കില്ലെന്നും തനിക്കെതിരെ ഒരു തെളിവും ഹാജരാക്കാൻ ആയിട്ടില്ലെന്നുമാണ് ശിവശങ്കറിന്റെ വാദം.
കസ്റ്റഡിയിൽ വച്ച് പ്രതികൾ നൽകിയ മൊഴികൾ മാത്രമാണ് തനിക്കെതിരെയുള്ളത്. കള്ളക്കടത്ത് റാക്കറ്റിലെ പ്രധാന കണ്ണിയാണ് ശിവശങ്കറെന്നും ഡോളർ കടത്തിൽ ശിവശങ്കറിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കേസിലും കള്ളപ്പണം വെളുപ്പിച്ചെന്ന എൻഫോഴ്സ്മെന്റ് കേസിലും ശിവശങ്കറിന് ജാമ്യം ലഭിച്ചിട്ടുണ്ട്. ഡോളർ കടത്തിലും ജാമ്യം ലഭിച്ചാൽ ശിവശങ്കറിന് ജയിൽ മോചിതനാകാം.
സ്വപ്നയുടെയും സരിത്തിന്റെയും മൊഴികൾ അടിസ്ഥാനമാക്കി കസ്റ്റംസ് നടത്തിയ അന്വേഷണങ്ങൾക്കൊടുവിലാണു ശിവശങ്കറിനെയും ഡോളർ കടത്ത് കേസിൽ പ്രതി ചേർക്കാൻ തീരുമാനിച്ചത്. ദുബായിൽ വിദ്യാഭ്യാസമേഖലയിൽ പ്രവർത്തിക്കുന്ന ഡോ.കിരണിനെ ദുബായിൽനിന്നു വരുത്തി കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു.
ഷാർജയിൽ വിദ്യാഭ്യാസമേഖലയിൽ പണം നിക്ഷേപിക്കുന്നതിനു സംസ്ഥാനത്തെ ചില ഉന്നതർ ഡോളർ കടത്തിയെന്നും ഇൗ പണം ദുബായിൽ ഏറ്റുവാങ്ങിയതു കിരൺ, ലഫീർ മുഹമ്മദ് എന്നിവരാണെന്നുമായിരുന്നു സ്വപ്നയുടെയും സരിത്തിന്റെയും മൊഴി. നേരത്തേ ഐടി മിഷനിൽ ജോലിചെയ്തിരുന്ന കിരണിനെ സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ഉൾപ്പെടെ ഉന്നതർക്കു പരിചയപ്പെടുത്തിയത് എം.ശിവശങ്കർ ആണെന്ന മൊഴിയും ചോദ്യം ചെയ്യലിൽ ലഭിച്ചിരുന്നു.
English Summary: Sivasankar’s bail plea to be heard on today