ADVERTISEMENT

ചെന്നൈ∙ തമിഴ്നാട്ടില്‍ ഡിഎംകെ, അണ്ണാ ഡിഎംകെ സഖ്യങ്ങളുടെ സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തി. ഇരുപാര്‍ട്ടികളും 180 ല്‍ അധികം മണ്ഡലങ്ങളില്‍ മല്‍സരിക്കാന്‍ കഴിയുന്ന രീതിയിലാണ് ഘടകകക്ഷികള്‍ക്കു സീറ്റ് നല്‍കിയിരിക്കുന്നത്. എത്ര എംഎല്‍എമാരുണ്ടായാലും ഘടക കക്ഷികള്‍ക്കു സര്‍ക്കാരില്‍  പങ്കാളിത്തമുണ്ടാകില്ലെന്നതും തമിഴ്നാട്ടിലെ പ്രത്യേകതയാണ്. ഡിഎംകെ നേതൃത്വം നല്‍കുന്ന യുപിഎ സഖ്യത്തിലെ സീറ്റ് വിഭജനമാണ് ഏറെ മുന്നോട്ടുപോയത്.

രണ്ടാഴ്ച തുടർന്ന ചർച്ചകൾക്കൊടുവിൽ ഡിഎംകെയും കോൺഗ്രസും സീറ്റ് ധാരണയിലെത്തി. കോൺഗ്രസിന് 25 നിയമസഭാ സീറ്റുകളും ഉപതിരഞ്ഞെടുപ്പു നടക്കുന്ന കന്യാകുമാരി ലോക്സഭാ സീറ്റും നൽകും. കോൺഗ്രസ് ആവശ്യപ്പെട്ട രാജ്യസഭാ സീറ്റ് അനുഭാവപൂർവം പരിഗണിക്കും. സംസ്ഥാന ചുമതലയുള്ള എഐസിസി ഭാരവാഹി ദിനേശ് ഗുണ്ടു റാവു, സംസ്ഥാന അധ്യക്ഷൻ കെ.എസ്. അഴഗിരി എന്നിവർ എം.കെ.സ്റ്റാലിന്റെ വീട്ടിലെത്തി നടത്തിയ ചർച്ചയിലാണു ധാരണയായത്. സമീപകാല ചരിത്രത്തിൽ സഖ്യത്തിന്റെ ഭാഗമായി കോൺഗ്രസ് ലഭിച്ച ഏറ്റവും കുറഞ്ഞ സീറ്റാണിത്. 

അതേസമയം, ഡിഎംകെയും സിപിഎമ്മും തമ്മിൽ ധാരണയിലെത്തി. സിപിഐയ്ക്കും സിപിഎമ്മിനും ആറു സീറ്റു വീതം നൽകാനാണ് ധാരണയായത്. മുസ്‌ലിം ലീഗിനു മൂന്നും മനിതനേയ മക്കള്‍ കക്ഷിക്കു രണ്ടും സീറ്റുകള്‍  ലഭിച്ചു. എംഡിഎംകെയുടെ ആറുപേരും  മനിതനേയ മക്കള്‍ കക്ഷിയുടെ ഒരാളും ഡിഎംകെയുടെ ഉദയ സൂര്യന്‍ ചിഹ്നത്തില്‍ മല്‍സരിക്കും. കൗണ്ടര്‍ വിഭാഗത്തിന്റെ പിന്തുണയുള്ള  കൊങ്കുമക്കള്‍ കക്ഷി, തമിഴകവാഴ്‌വേ ഒരുമൈ പാര്‍ട്ടി എന്നിവരുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ 180 അധികം സീറ്റുകളില്‍ ഉദയ സൂര്യന്‍  ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളുണ്ടാവും.

വിജയ്കാന്തിന്റെ ഡിഎംഡികെയാണ് വലിയ വിലപേശല്‍ നടത്തുന്നത്. 23 നിയമസഭാ മണ്ഡലങ്ങളും  ഒരു രാജ്യസഭാ സീറ്റുമാണ് ആവശ്യം. രാജ്യസഭാ സീറ്റ് അംഗീകരിച്ചെങ്കിലും 18 സീറ്റിനപ്പുറം നല്‍കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അണ്ണാ ഡിഎംകെ  മൂന്നാം മുന്നണിയില്‍ നടന്‍ ശരത് കുമാറിന്റെ പാര്‍ട്ടിക്കുള്ള സീറ്റ് വിഭജനം സംബന്ധിച്ചു ചര്‍്ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. 

English Summary : DMK, Congress, CPM seat sharing in Tamil Nadu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com