ADVERTISEMENT

ന്യൂഡൽഹി ∙ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ മരണപ്പെട്ട  ഹെലികോപ്റ്റർ അപകടത്തിന്റെ അന്വേഷണത്തിൽ റഷ്യന്‍ സംഘത്തെയും ഉൾപ്പെടുത്തും. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറിൽനിന്ന് (എഫ്ഡിആർ) വിവരങ്ങൾ വീണ്ടെടുക്കാനാണ് ഹെലികോപ്റ്ററിന്റെ  നിര്‍മാതാക്കളായ റഷ്യന്‍ കമ്പനിയുടെ സഹായം തേടുന്നത്. അപകടത്തിൽപ്പെട്ട മി 17 വി 5 കോപ്റ്റർ റഷ്യയിലെ കാസന്‍ ഹെലികോപ്റ്റേഴ്സാണ് നിർമിക്കുന്നത്.

കോപ്റ്ററിന്റെ അപകട കാരണങ്ങളിലേക്കു വഴി തുറക്കുന്നതിൽ ബ്ലാക്ക് ബോക്സ് നിർണായകമാകും. ഫ്ലൈറ്റ് ഡേറ്റ റിക്കോർഡറും കോക്പിറ്റ് വോയ്സ് റിക്കോർഡറും (സിവിആർ) ആണ് ബ്ലാക്ക് ബോക്സ്. അപകടമുണ്ടായ സ്ഥലത്ത് നടത്തിയ തിരച്ചിലിൽ ഇവ രണ്ടും ഇന്നലെ കണ്ടെത്തിയിരുന്നു. എഫ്ഡിആർ ബെംഗളുരുവിലെ വ്യോമസേന കേന്ദ്രത്തിലെത്തിച്ചു പരിശോധന തുടങ്ങി. ഇരു ഉപകരണങ്ങളും റെക്കോർഡ് ചെയ്യുന്ന വിവരങ്ങൾ അതിനുള്ളിലെ പെൻഡ്രൈവ് പോലുള്ള വസ്തുവിലാണ് സൂക്ഷിക്കുന്നത്.

തീപിടിത്തത്തിൽ ഇതു നശിച്ചിട്ടുണ്ടെങ്കിൽ അവയിലെ വിവരങ്ങൾ വീണ്ടെടുക്കാനാണ് റഷ്യൻ സാങ്കേതിക വിദഗ്ധരുടെ സഹായം തേടുക. തീപിടിത്തത്തിൽ കേടുപാട് പറ്റിയിട്ടില്ലെങ്കിൽ ഉപകരണങ്ങൾ സേനയിലെ സാങ്കേതിക വിദഗ്ധർക്കു നേരിട്ടു പരിശോധിക്കാൻ സാധിക്കും. സാങ്കേതിക തകരാറാണോ പൈലറ്റിന്റെ കാഴ്ച മറഞ്ഞതു മൂലം മലയുടെ വശത്തോ മരങ്ങളിലോ ഇടിച്ചതാണോ അപകട കാരണമെന്ന് ഈ ഉപകരണങ്ങളുടെ പരിശോധനയിൽ വ്യക്തമാകും. 

അപകടത്തെക്കുറിച്ചുള്ള സൈന്യത്തിന്റെയും തമിഴ്നാട് പൊലീസിന്റെയും അന്വേഷണം തുടരുകയാണ്. തുടര്‍ച്ചയായ രണ്ടാം ദിവസവും വ്യോമസേനാ മേധാവി എയര്‍മാര്‍ഷല്‍ മാനവേന്ദ്ര സിങ് അപകട സ്ഥലത്തെത്തി തെളിവെടുത്തു. തമിഴ്നാട് ഡിജിപി സി.ശൈലന്ദ്ര ബാബു കൂനൂരില്‍ ക്യാംപ് ചെയ്താണു പൊലീസ് അന്വേഷണം ഏകോപിപ്പിക്കുന്നത്. എഡിഎസ്പി മുത്തുമാണിക്യത്തിന്റെ നേതൃത്വത്തിലുള്ള സംഘം, രക്ഷാപ്രവര്‍ത്തനം നടത്തിയ 26 നാട്ടുകാരുടെ മൊഴി ഇതിനകം രേഖപ്പെടുത്തി. ഇവരെ ഡിജിപി നേരിട്ടെത്തി അഭിനന്ദിച്ചു.

അപകടത്തിനു മുൻ‍പുള്ള ദൃശ്യങ്ങള്‍ പകര്‍ത്തിയ വിനോദസഞ്ചാരികളെ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഹെലികോപ്റ്ററിനെ അവസാന സെക്കന്‍ഡുകളില്‍ കണ്ടവരെന്ന നിലയ്ക്ക് ഇവര്‍ക്കു നിര്‍ണായക വിവരങ്ങള്‍ നല്‍കാനാവുമെന്നാണു പൊലീസിന്റെ വിലയിരുത്തല്‍. ഹെലികോപ്റ്ററിന്റെ ചിതറിത്തെറിച്ച ഭാഗങ്ങള്‍ക്കായുള്ള തിരച്ചിൽ ഡ്രോണ്‍ ക്യാമറ ഉപയോഗിച്ച് പ്രദേശമാകെ തുടരുകയാണ്. 

English Summary: Probe Underway To Unearth Reason For IAF Chopper Crash

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com