ADVERTISEMENT

ന്യൂ‍ഡൽഹി∙ ഹെലികോപ്റ്റർ ദുരന്തത്തിൽ മരിക്കുന്നതിനു തലേദിവസം സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശം പുറത്തുവിട്ടു. 1971ലെ ഇന്ത്യാ-പാക്ക് യുദ്ധത്തിന്റെ 50–ാം വാർഷിഘോഷത്തിന്റെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ സംഘടിപ്പിച്ച ‘സ്വർണിം വിജയ് പർവ്’ പരിപാടിയിലാണ് വിഡിയോ പ്രദർശിപ്പിച്ചത്. ഡിസംബർ 7നാണ് വിഡിയോ റെക്കോർഡ് ചെയ്തത്. 8ന് കൂനൂരിൽ നടന്ന ഹെലികോപ്റ്റർ ദുരന്തത്തിലാണ് ബിപിൻ റാവത്തും ഭാര്യ മധുലികയും ഉൾപ്പെടെ 13 പേർ മരിച്ചത്.

യുദ്ധത്തിൽ വീരമൃത്യുവരിച്ച സായുധ സേനാംഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിച്ചാണ് ബിപിൻ റാവത്തിന്റെ വിഡിയോ. ‘സ്വർണിം വിജയ് പർവ്വിനോടനുബന്ധിച്ച് സായുധ സേനാംഗങ്ങൾക്ക് അഭിവാദ്യങ്ങൾ. 1971ലെ യുദ്ധത്തിൽ ഇന്ത്യ നേടിയ ചരിത്ര വിജയത്തിന് 50 വർഷം തികയുന്ന സ്മരണയ്ക്കായാണ് വിജയ് പർവ് ആഘോഷിക്കുന്നത്. യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച സായുധ സേനാംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇന്ത്യന്‍ സായുധസേനയിലെ ധീരഹൃദയരുടെ ത്യാഗത്തിന് ‌ആദരവ് അര്‍പ്പിക്കുന്നു.’ – ജനറൽ റാവത്ത് സന്ദേശത്തിൽ പറഞ്ഞു.

ഉദ്ഘാടന പരിപാടിയില്‍ പങ്കെടുത്ത പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ജനറല്‍ ബിപിന്‍ റാവത്തിന്റെ പോരാട്ടവീര്യത്തെ അനുസ്മരിച്ചു. അദ്ദേഹത്തിന്റെ അസാന്നിധ്യം തന്നെ ബാധിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. പരിപാടിയിൽ, 1971ലെ യുദ്ധത്തിൽ ഉപയോഗിച്ച പ്രധാന ആയുധങ്ങളും ഉപകരണങ്ങളും പ്രദർശിപ്പിച്ചു. ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഡിസംബർ 13ന് നടക്കും. രാജ്‌നാഥ് സിങ്ങും ബംഗ്ലദേശിൽ നിന്നടക്കം നിരവധി പ്രമുഖരും പങ്കെടുക്കും.

English Summary: Video: General Bipin Rawat's Pre-Recorded Message On 'Swarnim Vijay Parv'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com