ADVERTISEMENT

അമൃത്‍സർ ∙ ഭരണത്തുടർച്ച ഉണ്ടാകുമെന്നു കോൺഗ്രസ് പ്രതീക്ഷിക്കുന്ന പഞ്ചാബിൽ തിരിച്ചടിയേൽക്കാൻ സാധ്യതയെന്നു റിപ്പോർട്ട്. വോട്ടിങ് ശതമാനം കുറഞ്ഞതാണു ഫലപ്രവചനം സങ്കീർണവും അനിശ്ചിതത്വം നിറഞ്ഞതുമാക്കിയത് എന്നാണു വിലയിരുത്തൽ. ആഭ്യന്തര കണക്കെടുപ്പുപ്രകാരം, ആകെയുള്ള 117 സീറ്റുകളിൽ 40 എണ്ണത്തിൽ മാത്രമേ കോൺഗ്രസിന് ഉറച്ച വിജയപ്രതീക്ഷയുള്ളൂ എന്നു ദേശീയമാധ്യമമായ ന്യൂസ്18 റിപ്പോർട്ട് ചെയ്യുന്നു.

മണ്ഡലം തിരിച്ചുള്ള കണക്കെടുപ്പാണു പാർട്ടി നടത്തിയത്. ഈ കണക്കുകൾ സംസ്ഥാന-കേന്ദ്ര നേതാക്കൾ വിശകലനം ചെയ്തെന്നും റിപ്പോർട്ടിൽ പറയുന്നു. മികച്ച വിജയത്തോടെയുള്ള ഭരണത്തുടർച്ച ഇല്ലാതിരുന്നാൽ പാർട്ടിക്കുള്ളിൽ അപസ്വരങ്ങൾക്കും വിമതരുടെ പടപ്പുറപ്പാടിനും കാരണമാകുമെന്നാണു നേതൃത്വത്തിന്റെ ആശങ്ക. വിജയം ഉറപ്പാണെന്നാണു പുറമേക്കു കോൺഗ്രസ് നേതാക്കൾ പറയുന്നതെങ്കിലും പരസ്പരം കുറ്റപ്പെടുത്താൻ ശ്രമിക്കുന്നതിന്റെ സൂചനകളുമുണ്ട്. 

പഞ്ചാബ് പിസിസി അധ്യക്ഷൻ നവ്‌ജ്യോത് സിങ് സിദ്ദുവിനെതിരെ അമൃത്‌സർ എംപി ഗുർജീത് ഔജ്‌ല പരസ്യപ്രസ്താവനയുമായി രംഗത്തെത്തി. അമൃത്‌സറിലെ പ്രാദേശിക നേതൃത്വത്തോടു നിസ്സംഗതയോടെയാണു സിദ്ദു പെരുമാറിയത് എന്നാണ് ആരോപണം. തിരഞ്ഞെടുപ്പിനുശേഷം സജീവ രാഷ്ട്രീയം വിടുമെന്നു പ്രഖ്യാപിച്ച മുൻ പിസിസി അധ്യക്ഷൻ സുനിൽ ഝക്കറിന്റെ നിലപാടും ശ്രദ്ധേയമാണ്. തിരഞ്ഞെടുപ്പുഫലം എന്തായാലും, പാർട്ടിയുടെ ഭാവി തീരുമാനിക്കുന്നതിൽ സിദ്ദുവിന്റെ പങ്ക് പ്രധാനമാണെന്നാണു നിരീക്ഷകർ പറയുന്നത്.

മുൻ തിരഞ്ഞെടുപ്പിനേക്കാൾ പോളിങ് ശതമാനത്തിൽ 5.45% ഇടിവാണ് ഇത്തവണയുണ്ടായത്. രണ്ടു പതിറ്റാണ്ടിനിടയിലെ കുറഞ്ഞ പോളിങ് ശതമാനമാണിതെന്നു കണക്കുകൾ വ്യക്തമാക്കുന്നു. 2017ൽ 77.40 ശതമാനമായിരുന്നു വോട്ടിങ് നിരക്ക്; ഇത്തവണ രേഖപ്പെടുത്തിയത് 71.95 ശതമാനം. 2002ൽ ഇത് 65.14 ശതമാനമായിരുന്നു; അന്ന് എസ്എഡി-ബിജെപി സഖ്യവുമായുള്ള കടുത്ത മത്സരത്തിൽ കോൺഗ്രസാണ് അധികാരത്തിലെത്തിയത്. കുറഞ്ഞ വോട്ടിങ് ശതമാനം മറ്റേതൊരു പാർട്ടിയെക്കാളും, ആം ആദ്മിയുടെ അധികാരമോഹത്തെയാണ് അസ്വസ്ഥപ്പെടുത്തുന്നതെന്നും നിരീക്ഷണമുണ്ട്.

English Summary: Punjab Elections 2022: Congress's Internal Assessment Hints at Poor Outcome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com