ADVERTISEMENT

കൈവിട്ടുപോയേക്കാമെന്ന് പ്രചാരണവേളയിൽ ഭയന്നെങ്കിലും ഭരണത്തുടർച്ച നേടി യുപിയിൽ തലയുയർത്തി നിൽക്കുകയാണു ബിജെപി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് യുപിയിൽനിന്നും ദേശീയ നേതാവിലേക്കു വളർന്നിരിക്കുന്നു. യുപി ഫലം, വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ആത്മവിശ്വാസത്തോടെ മുന്നോട്ടുപോകാൻ ബിജെപിയെ സഹായിക്കും. സമാജ്‌വാദി പാർട്ടി ഉയർത്തിയ കടുത്ത പോരാട്ടം മറികടന്നാണു ബിജെപിയുടെ തേരോട്ടമെന്നതും ശ്രദ്ധേയമാണ്. യുപിയില്‍ 5 വര്‍ഷം അധികാരത്തിലിരുന്ന ശേഷം ആദ്യമായി ഭരണത്തുടര്‍ച്ച നേടുന്ന മുഖ്യമന്ത്രി കൂടിയാണ് യോഗി ആദിത്യനാഥ്.

ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ കഴിഞ്ഞ ഡിസംബറിൽ അഖിലേഷ് യാദവ് തന്റെ ‘സമാജ്‌വാദി പാർട്ടി വിജയ് രഥയാത്ര’യുടെ ഭാഗമായി യുപി–മധ്യപ്രദേശ് അതിർത്തിയിലുള്ള ബുന്ദേൽഖണ്ഡ് മേഖലയിൽ നടത്തിയ പര്യടനങ്ങളിൽ തടിച്ചു കൂടിയത് വൻ ജനക്കൂട്ടമായിരുന്നു. ലാപ്ടോപ് പോലും പ്രവർത്തിപ്പിക്കാൻ അറിയാത്തവർക്ക് എങ്ങനെ ചെറുപ്പക്കാരുടെ അഭിരുചികൾക്കനുസരിച്ച് പ്രവർത്തിക്കാൻ കഴിയും എന്നായിരുന്നു യോഗി ആദിത്യനാഥിനെ ലക്ഷ്യമിട്ട് എസ്‌പി അധ്യക്ഷന്റെ ചോദ്യം. ഝാൻസിയിലെ യോഗത്തിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തെക്കണ്ട് ഡൽഹിയിലെ രാഷ്ട്രീയ വ‌ൃത്തങ്ങളിൽ ഉയർന്ന അമ്പരപ്പും അദ്ഭുതവും തന്നെയാണ്, യുപി കടുത്ത പോരാട്ടത്തിലേക്ക് പോകുന്നുവെന്ന സൂചനകൾ ആദ്യമായി നൽകിയത്. 

വെല്ലുവിളി മുന്നിൽ കണ്ടു

കർഷക സമരമുണ്ടാക്കിയ മുറിവുകളും ഭരണവിരുദ്ധ വികാരവും കോവിഡിന്റെ രണ്ടാംഘട്ടം കൈകാര്യം ചെയ്തതിലെ പാളിച്ചകളും പാർട്ടിക്കുള്ളിലെ പടലപിണക്കങ്ങളും തിരിച്ചടിച്ചേക്കുമെന്നും, അഖിലേഷ് യാദവിന്റെ മുന്നേറ്റം തള്ളിക്കളയേണ്ടതില്ല എന്നും ബിജെപി–ആർഎസ്എസ് നേത‍ൃത്വം മുൻകൂട്ടി കണ്ടതിന്റെ ഫലമാണ് യുപിയിലെ ബിജെപിയുടെ ഭരണത്തുടര്‍ച്ച. എസ്‌പി അധ്യക്ഷൻ ബുന്ദേൽഖണ്ഡിൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിനകംതന്നെ ആ പ്രദേശങ്ങളിൽ രണ്ട് റാലികൾ നടത്തിക്കഴിഞ്ഞിരുന്നു. 19 നിയമസഭാ സീറ്റുകളും നാല് ലോക്സഭാ സീറ്റുകളുമുള്ള ഇവിടെ യോഗി അതിനകം മൂന്ന് സന്ദർശനങ്ങളും നടത്തി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാകട്ടെ, കുറെയായി ആ മേഖലയിലെ സ്ഥിരം സന്ദർശകയുമായിരുന്നു. 

up-lucknow
ലക്നൗവിലെ കാഴ്‌ച. ചിത്രം: PTI

അഖിലേഷിന് ഒരു മുഴം മുൻപേ എറിയാൻ ബിജെപിക്കായി എന്നതു കൊണ്ടാണ് ഡിസംബറിൽ എസ്‌പി അധ്യക്ഷൻ എത്തുന്നതിന് തലേമാസം മോദി അവിടെ എത്തിയത്. അതിനും മുൻപ് ബിജെപി പ്രതിരോധത്തിൽ നിൽക്കുന്ന മറ്റു വിഷയങ്ങളിൽ തീരുമാനങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു ആർഎസ്എസ് ദൗത്യം. അതവർ കൃത്യമായി നടപ്പാക്കുകയും മോദിയും യോഗിയും ആഭ്യന്തര മന്ത്രി അമിത് ഷായും പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്‌ഡയുമടക്കമുള്ള മുൻനിര മുഴുവനായി യുപിയിൽ പ്രചാരണത്തിനിറങ്ങുകയും ചെയ്തതോടെ ഭരണത്തുടർച്ച എന്ന യുപിയിലെ അപൂർവമായ കാര്യം സംഭവിക്കുകയായിരുന്നു. 

മോദി മാത്രം 27 റാലികൾ നടത്തുകയും വോട്ടെടുപ്പിന് മുൻപ് തന്റെ മണ്ഡലമായ വാരാണസിയിൽ രണ്ടു ദിവസം താമസിച്ച് പ്രചരണത്തിന് നേതൃത്വം നൽകുകയും റോഡ് ഷോ നടത്തുകയും ചെയ്തു. സംസ്ഥാനത്തെ 75 ജില്ലകളിലുമെത്തിയ മുഖ്യമന്ത്രി ആദിത്യനാഥ്, റാലികളും റോഡ് ഷോകളുമായി 203 എണ്ണത്തിലാണ് പങ്കെടുത്തത്. 2017 നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ഹിന്ദു സമുദായത്തിലുള്ളവർ ‘ഭീഷണി’ മൂലം ഒഴിഞ്ഞു പോകുന്നു എന്ന പ്രചാരണമുയർന്ന ഖൈരാനയിൽ നിന്നാണ് അമിത് ഷാ തന്റെ പ്രചാരണത്തിന് തുടക്കം കുറിച്ചത്. 54 റാലികളിലും റോഡ് ഷോകളിലുമാണ് അമിത് ഷാ പങ്കെടുത്തത്. പ്രതിരോധ മന്ത്രിയും യുപിക്കാരനുമായ രാജ്‌നാഥ് സിങ് 43 റാലികളിലും, നഡ്‌ഡ 41 റാലികളിലും പങ്കെടുത്തിരുന്നു. 

പടലപിണക്കം, ഭരണവിരുദ്ധ വികാരം

ഗംഗയിലൂടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങളായിരുന്നു ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തിന്റെ പരാജയത്തെ സൂചിപ്പിക്കാനായി രാജ്യാന്തര മാധ്യമങ്ങളടക്കം നൽകിയിരുന്നത്. സംസ്ഥാന സർക്കാരിനെതിരെ ഉയർന്നിരിക്കുന്ന ജനവികാരം മൂലം യോഗിയെ മാറ്റുന്നതിനു ബിജെപി നേതൃത്വം തയാറാകുമോയെന്നും ചർച്ചകൾ ഉയർന്നു. ആർഎസ്എസ് നേതൃത്വമായിരുന്നു എല്ലാത്തിനും മുന്നില്‍. മുതിർന്ന ഭാരവാഹികളായ ദത്താത്രേയ ഹൊസബാലെയും കൃഷ്ണ ഗോപാലുമായിരുന്നു ചുമതലയിൽ. മൂന്നു തവണയാണ് ആർഎസ്എസ് ജനറൽ സെക്രട്ടറിയായ ഹൊസബാലെ ലക്നൗവിലെത്തിയത്.

keshav-prasad-maurya
കേശവ് പ്രസാദ് മൗര്യ.

മുഖ്യമന്ത്രിയുമായി അത്ര രസത്തിലല്ലാതിരുന്ന ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ ആര്‍എസ്എസ് നേതൃത്വം അനുനയിപ്പിച്ചത് യോഗിക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലെത്തി ഭക്ഷണം കഴിച്ചാണ്. സംസ്ഥാന സർക്കാരിലെ പ്രമുഖരുമായും പാർട്ടിയിലെ ഉന്നതരുമായുമെല്ലാം സംസാരിച്ച ആർഎസ്എസ് നേതൃത്വം യോഗിയെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിതന്നെ തിരഞ്ഞെടുപ്പിനെ നേരിടാൻ തീരുമാനിച്ചു. ഇതിനു പുറമെ കോവിഡ് പ്രതിസന്ധികളെ നേരിടാനുള്ള സൗജന്യ റേഷന്‍ പരിപാടി, കേന്ദ്ര സർക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികൾ എന്നിവയ്ക്ക് നല്ല പ്രചാരവും നൽകി.

ഭരണവിരുദ്ധ വികാരം എത്രത്താളം ബാധിക്കുമെന്നു മനസ്സിലാക്കിയായിരുന്നു ആർഎസ്എസ് നേതൃത്വത്തിന്റെ ഇടപെടൽ. ഇതോടു കൂടിയാണ് പ്രധാനമന്ത്രി മോദി തന്നെ പ്രചാരണത്തിന്റെ നേത‍ൃത്വവും ഏറ്റെടുത്തത്. കർഷക സമരത്തിനിടെയുണ്ടായ ലഖിംപ‍ുർ സംഭവം കാര്യങ്ങൾ വീണ്ടും വഷളാക്കിയിരുന്നു. ആർഎസ്എസിന്റെ പോഷക സംഘടനകളായ ബിഎംഎസിനും ഭാരതീയ കിസാൻ സംഘിനും കർഷക ബിൽ അടക്കമുള്ള വിഷയങ്ങളിൽ എതിരഭിപ്രായങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പരസ്യ പ്രതിഷേധത്തിന് ഇറങ്ങിയിരുന്നില്ല. എന്നാൽ ലഖിംപുർ സംഭവത്തോടെ തങ്ങളുടെ അടിത്തറയും തകരുമെന്ന് ഈ സംഘടനകൾക്കു ബോധ്യമായി. ഇതോടെയാണു കർഷക ബില്ലുകൾ പിൻവലിക്കേണ്ടതിന്റെ ആവശ്യം പ്രധാനമന്ത്രിയെ ആർഎസ്എസ് ബോധ്യപ്പെടുത്തിയത്.

amit-shah
അമിത് ഷാ.

മോദിയുടെ ഈ തീരുമാനവും പൂർവാഞ്ചൽ ഹൈവേ ഉദ്ഘാടനം പോലുള്ള പൊതുപരിപാടികളും മൂലം അദ്ദേഹം തന്നെയാണ് യുപി തിരഞ്ഞെടുപ്പ് ബിജെപിക്ക് വേണ്ടി നയിക്കുന്നത് എന്ന പ്രതീതിയുണ്ടാക്കി. കർഷക സമരത്തോടെ ബിജെപിയുമായി ഇട‍ഞ്ഞ ജാട്ട് സമുദായക്കാരെ അനുനയിപ്പിക്കുക എന്ന ദൗത്യം അമിത് ഷായാണ് ഏറ്റെടുത്തത്. കർഷക ബില്ലുകൾ പിന്‍വലിച്ചതിനു പിന്നാലെ കഴിഞ്ഞ ജനുവരിയൽ സമുദായത്തിലെ നേതാക്കളുമായി ഷാ കൂടിക്കാഴ്ച നടത്തി. ബിജെപിയും ജാട്ട് സമുദായവും എക്കാലത്തും ഒന്നിച്ചു നിന്നവരാണെന്നും അതിന് ഇനിയും മാറ്റം വരാൻ പാടില്ലെന്നുമുള്ള അമിത് ഷായുടെ അനുനയ നീക്കം കുറെയൊക്കെ ഫലം കണ്ടെന്നാണു തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. 

അയോധ്യ, കാശി, മധുര പിന്നെ മോദിയും

ഹിന്ദു വോട്ടുകൾ പ്രമുഖ പാർട്ടികളൊക്കെ ലക്ഷ്യമിട്ടു എന്നു മാത്രമല്ല, ഹിന്ദു‌വിരുദ്ധ പ്രതിഛായ ഉണ്ടാകാതിരിക്കാനും ശ്രദ്ധിച്ചു. ‘ലവ് ജിഹാദ്’ വിഷയം, അയോധ്യയിൽ രാമായൺ സർവകലാശാല, സന്യാസിമാരെ സഹായിക്കാനായി പ്രത്യേക ബോർഡ് തുടങ്ങിയവ ബിജെപിയുടെ പ്രകടന പത്രികയിൽ ഇടംപിടിച്ചപ്പോൾ ഇതിന്റെ അനുരണനങ്ങൾ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചു. ജിന്നയെ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയായി കണക്കാക്കണമെന്ന അഖിലേഷ് യാദവിന്റെ വാക്കുകൾ‌ ബിജെപിയുടെ പ്രചാരണ യോഗങ്ങളിൽ ശക്തമായി ഉയർത്തപ്പെട്ടു. ‘ചൗധരി ചരൺ സിങ്ങിന്റെ കൊച്ചുമകൻ എസ്‌പി ക്യാംപിൽ എത്തിപ്പെട്ടതോടെ ഇനി അസം ഖാനും മറ്റും പറയുന്നത് കേൾക്കേണ്ടി വരുമല്ലോ’ എന്ന വാക്കുകൾ ബിജെപി നേതൃത്വത്തിൽനിന്ന് ജാട്ട് നേതാക്കളുടെ നേരെ ഉയർന്നു.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം ഉണ്ടായതെങ്കിലും അയോധ്യയിൽ രാമക്ഷേത്രം കൊണ്ടുവരാൻ മോദി–യോഗി നേതൃത്വത്തിനായി എന്ന പ്രചരണം മുൻപുതന്നെ താഴെത്തട്ടു മുതൽ നടക്കുന്നുണ്ട്. അയോധ്യയിൽ രാമക്ഷേത്രമെന്നതു ദശകങ്ങളായുള്ള ബിജെപിയുടെ മുദ്രാവാക്യമാണെങ്കിലും അത് നേടിയെടുത്തെന്ന തരത്തിലായിരുന്നു ഇത്തവണ പ്രചാരണം. ‌താൻ അധികാരത്തിൽ വന്നാൽ ബിജെപി സർക്കാർ നടത്തുന്നതിലും വേഗത്തിൽ രാമക്ഷേത്ര നിർമാണം പൂർ‌ത്തിയാക്കുമെന്ന് അഖിലേഷും പറഞ്ഞു.

തന്റെ മണ്ഡലം കൂടിയായ വാരാണസിയിൽ ഇക്കഴിഞ്ഞ ഡിസംബറിലാണ് മോദി 700 കോടിയുടെ കാശി വിശ്വനാഥ് ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഇതൊന്നും തിര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ചെയ്യുന്നതല്ലെന്നു പ്രമുഖരുമായി നടത്തിയ കൂടിക്കാഴ്ചയിൽ മോദി അവകാശപ്പെട്ടു. അയോധ്യ, കാശി മാതൃകയിൽ മധുരയും വികസിപ്പിക്കണമെന്നാണ് ബിജെപി അനുയായികൾ പറയുന്നത്. മധുരയുടെ വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇത്തവണ പ്രചാരണത്തിന്റെ ഭാഗമായി. അയോധ്യ, കാശി, മധുര ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നേതാവും നടനുമായ മനോജ് തിവാരി തിരഞ്ഞെടുപ്പ് പ്രചാരണഗാനവും പുറത്തിറക്കി.

manoj-tiwari
മനോജ് തിവാരി

പ്രശ്നങ്ങളെ കുറെയാക്കെ ഇത്തരം പ്രചാരണങ്ങളിലൂടെ മറികടക്കാൻ ബിജെപിക്കായി എന്നു തന്നെയാണ് ഫലം തെളിയിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 312 സീറ്റായിരുന്നു ബിജെപിയുടെ സമ്പാദ്യം. അത്രയില്ലെങ്കിലും മികച്ച വിജയം തന്നെയാണു ബിജെപി സ്വന്തമാക്കിയത്. അധികാരത്തിലെത്തുമെന്ന അവകാശവാദം നടന്നില്ലെങ്കിലും നില വളരെയധികം മെച്ചപ്പെടുത്താനായി എന്ന ആശ്വാസമാണ് എസ്‍പിക്ക്. കഴിഞ്ഞ തവണ വെറും 47 സീറ്റുകളായിരുന്നിടത്തു നിന്നാണ് ഇത്തവണ 100 കടന്ന പ്രകടനം. സ്വാമി പ്രസാദ് മൗര്യ അടക്കമുള്ള പ്രമുഖ ഒബിസി നേതാക്കൾ തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് പാർട്ടി വിട്ടതിന്റെ ക്ഷീണവും അതിജീവിക്കാൻ ബിജെപിക്കായി.

യുപി അതിനിർണായകം

ഇത്തവണ അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ 2024–ൽ നടക്കാൻ പോകുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായാണ് കണക്കാക്കുന്നത്. അതിൽതന്നെ 80 സീറ്റുകളുള്ള യുപി നിർണായകമാണ്. യുപിയിൽ പരാജയപ്പെട്ടാൽ ലോക്സഭാ തിരഞ്ഞെടുപ്പിലും അത് പ്രതിഫലിക്കും എന്നതിൽ സംശയമില്ല. അടുത്ത തവണയും അധികാരത്തിൽ വരിക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. യുപിയില്‍ തുടർഭരണമുണ്ടാകുന്നു എന്നത് ബിജെപിക്കും മോദി–യോഗി സർക്കാരുകൾക്കുമുള്ള അംഗീകാരമാണെന്നും ഇതു തന്നെയായിരിക്കും 2024ന്റെ ഫലമെന്നും പാർട്ടിക്കും വ്യാഖ്യാനിക്കാനാകും.

yogi-adityanath
യോഗി ആദിത്യനാഥ്

അടുത്തുവരുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പാണ് മറ്റൊന്ന്. ജൂലൈയില്‍ റാം നാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനം ഒഴിയുമ്പോൾ തങ്ങളുടെ പ്രതിനിധിയെ അവിടേക്ക് വീണ്ടും എത്തിക്കുന്നതിൽ യുപി ഫലം ബിജെപിക്ക് അതിനിർണായകമാണ്. കാരണം യുപിയിലെ എംഎല്‍എമാരുടെ വോട്ടിനാണ് ഏറ്റവും കൂടുതൽ മൂല്യമുള്ളത്. അതുകൊണ്ടുതന്നെ എത്ര സീറ്റുകളിൽ വിജയിക്കുമെന്നതു രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടിങ്ങുമായും ബന്ധപ്പെട്ടു കിടക്കുന്നു. ലോക്സഭ, രാജ്യസഭ എംപിമാരും സംസ്ഥാന നിയമസഭകളിലെ എംഎൽഎമാരും ചേർന്നാണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. യുപിയിൽ ഭരണം പിടിക്കുകയും വൈഎസ്ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ ചെറു പാർട്ടികൾ കൂടി സഹായത്തിനെത്തുകയും ചെയ്താൽ ഈ കടമ്പ ബിജെപിക്ക് അനായാസമായി മറികടക്കാനാകും.

English Summary: How did BJP Won the UP Elections 2022? What Were the Key Strategies?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com