ADVERTISEMENT

ഓർമകൾക്ക് വോട്ടു ചെയ്യുന്ന കാലം അമേഠിയും റായ്ബറേലിയും പൂർണമായും മറന്നു കഴിഞ്ഞിരിക്കുന്നു. ഒരു ഓർമ പറയാം, അമേഠി ലോക്സഭാ മണ്ഡലത്തിന്റെ ചരിത്രത്തിൽ ഏറ്റവും ഭൂരിപക്ഷം നേടിയത് ആരായിരുന്നു? രാഹുൽ ഗാന്ധി. രാഹുലിന്റെ വല്യച്ഛനും അച്ഛനും അമ്മയ്ക്കും നൽകിയതിനേക്കാളും വലിയ ചരിത്ര ഭൂരിപക്ഷം നൽകിയാണ് അമേഠി രാഹുലിനെ സ്നേഹിച്ചത്. 2009ൽ യുപിഎ സർക്കാർ തുടർഭരണം നേടുമ്പോൾ രാഹുൽ ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് ആ നാട്ടുകാർ സ്വപ്നം കണ്ടു. അന്നു നൽകിയത് 3.70 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം. 

ഒരു വ്യാഴവട്ടക്കാലം പിന്നിടുമ്പോൾ അതേ അമേഠിയിൽനിന്ന് കോൺഗ്രസ് പൂർണമായും തുടച്ചുനീക്കപ്പെടുന്നുവെന്നതാണു വാർത്ത. 2019ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ തന്നെ അമേഠി കോൺഗ്രസിനെ കൈവിട്ടു തുടങ്ങിയിരുന്നു. ഇപ്പോൾ പൂർണമാകുന്നുവെന്നു മാത്രം. 2019ൽ യുപിയിലെ മറ്റെല്ലാ മണ്ഡലങ്ങളിലും കോൺഗ്രസിനെതിരെ വോട്ടു ചെയ്തപ്പോഴും ആശ്വാസജയം നൽകിയ റായ്ബറേലിയും ഇപ്പോൾ അമേഠിയുടെ വഴിയിലാണ്. 

ലോക്സഭയിൽ സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി മണ്ഡലത്തിലെ മുഴുവൻ നിയമസഭാ മണ്ഡലങ്ങളിലും മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരിക്കുന്നു കോൺഗ്രസ്. കോൺഗ്രസിന്റെ ഇന്നത്തെ രാഷ്ട്രീയ ദൈന്യത വ്യക്തമാക്കുന്ന തോൽവികളാണു ഗാന്ധി കുടുംബത്തിന്റെ ഉറച്ച കോട്ടകളിലേത്. 

ബിജെപി കീഴടക്കുന്ന അമേഠി 

അമേഠിയിൽ ആദ്യമായി കോൺഗ്രസിനു കാലിടറിയതു 1977ലായിരുന്നു. കേരളം പോലെ ചുരുക്കം ചില സംസ്ഥാനങ്ങളിലൊഴികെ, ആഞ്ഞുവീശിയ ഇന്ദിര വിരുദ്ധ തരംഗത്തിൽ നിലംപതിച്ചത് അന്നു കോൺഗ്രസിന്റെ ഭാവിപ്രതീക്ഷയായി കരുതപ്പെട്ട സഞ്ജയ് ഗാന്ധി. 75,000ത്തിൽപരം വോട്ടുകൾക്ക് അമേഠിയിൽ തോറ്റുപോയ സഞ്ജയ് പക്ഷേ, 1980ലെ തിരഞ്ഞെടുപ്പിൽ ഉശിരൻ വിജയം നേടി അമേഠി തങ്ങളുടെ മണ്ണാണ്ണെന്ന് ഉറപ്പിച്ചു. നിഴൽ പ്രധാനമന്ത്രിയെന്ന ദുഷ്പേരുമായി അടിയന്തരാവസ്ഥക്കാലത്തു ചെയ്ത തെറ്റുകളെ, മകനോട് അമ്മയെന്ന പോലെ അമേഠി ക്ഷമിച്ചു. പക്ഷേ വിധി സഞ്ജയ് ഗാന്ധിയുടെ ജീവൻ കവർന്നെടുത്തതോടെ, ആ മണ്ണിലേക്ക് രാജീവ് ഗാന്ധിയെത്തി. 

sanjay-gandhi
സഞ്ജയ് ഗാന്ധി.

ഇടക്കാല തിരഞ്ഞെടുപ്പിൽ 2.37 ലക്ഷം വോട്ടു നേടിയും 1984ൽ 3.14 ലക്ഷം എന്നു റെക്കോർഡ് ഉയർത്തിയും രാജീവ് അമേഠിയുടെ രാജകുമാരനായി. അന്ന് അടിപതറിയത് രാജീവിന്റെ സഹോദരഭാര്യയായ മേനക ഗാന്ധിക്കായിരുന്നു. പിന്നീട് ഓരോ വട്ടവും കുറഞ്ഞ ഭൂരിപക്ഷം ഇടയ്ക്ക് രാഹുലിന്റെ വരവോടെ കോൺഗ്രസ് തിരിച്ചുപിടിച്ചു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അമ്പത്തയ്യായിരത്തിൽപരം വോട്ടുകൾക്ക് രാഹുലിനെ മണ്ഡലം തന്നെ കൈവിട്ടു. 

അമേഠി ലോക്സഭാ മണ്ഡലം ഗാന്ധി കുടുംബത്തെ പുൽകിയ കാലത്തെല്ലാം അവിടെ ആകെയുള്ള അഞ്ചു നിയമസഭാ മണ്ഡലങ്ങളും കോൺഗ്രസിനൊപ്പം ചേർന്നു നിന്നു. ഇന്നിപ്പോൾ, ബിജെപിയുടെ രണ്ടാം തുടർ തരംഗത്തിൽ അമേഠി ലോക്സഭാ മണ്ഡലത്തിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നിലൊഴികെ ബാക്കിയെല്ലായിടത്തും കോൺഗ്രസ് മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. രണ്ടാംസ്ഥാനത്തെത്തിയ ജഗദിഷ്പുർ മണ്ഡലത്തിലാകട്ടെ കിട്ടിയതു 32% വോട്ടും. 

അമേഠിയിലെ അഞ്ചിൽ മൂന്നു മണ്ഡലങ്ങളും ഇപ്പോൾ ബിജെപിക്കൊപ്പമാണ്. അമേഠി നിയമസഭാ മണ്ഡലവും ഗൗരിഗഞ്ചും എസ്പിക്കൊപ്പവും. അമേഠി ലോക്സഭകളിലെ 5 നിയമസഭാ മണ്ഡലങ്ങളിൽ കോൺഗ്രസിനു ലഭിച്ച വോട്ടുശതമാനം ഇങ്ങനെ: തിലോയ് (10%), സലോൺ (5.7%), ജഗദിഷ്പുർ (32%), ഗൗരിഗഞ്ച് (13%), അമേഠി (7.4%). 

എസ്പിക്കൊപ്പം റായ്ബറേലി 

ഫിറോസ് ഗാന്ധിയും ഇന്ദിര ഗാന്ധിയും മുതൽ സോണിയ ഗാന്ധി വരെയുള്ള കോൺഗ്രസ് നേതാക്കളെ കണ്ണടച്ചു ജയിപ്പിച്ചുവിട്ട റായ്ബറേലി രണ്ടു തവണ മാത്രമേ കോൺഗ്രസിതര സ്ഥാനാർഥികളെ വിജയിപ്പിച്ചിട്ടുള്ളു. 1977ൽ രാജ് നരെയ്നെയും 1996, 1998 തിരഞ്ഞെടുപ്പുകളിൽ അശോക് സിങ്ങിനെയും. ഏറ്റവുമൊടുവിൽ തുടർച്ചയായി അഞ്ചുതവണയായി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സോണിയ ഗാന്ധിയാകട്ടെ ഓരോ തവണയും വമ്പൻ ഭൂരിപക്ഷത്തിലാണ് ലോക്സഭയിലെത്തിയത്. 

rahul-gandhi-sonia-gandhi
രാഹുൽ ഗാന്ധി, സോണിയ ഗാന്ധി. ചിത്രം: PTI

മോദി തരംഗം ആഞ്ഞുവീശിയ 2014ൽ 3.52 ലക്ഷം വോട്ടിന്റേതായിരുന്നു ഭൂരിപക്ഷം. ബിജെപി തംരംഗം ആവർത്തിക്കുകയും യുപിയിൽ മറ്റെല്ലാ കോൺഗ്രസ് സ്ഥാനാർഥികളും തകർന്നടിയുകയും ചെയ്ത 2019ലെ തിരഞ്ഞെടുപ്പിലും സോണിയയ്ക്ക് 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ഈ രണ്ടു തിര‍ഞ്ഞെടുപ്പുകളിലും സ്ഥാനാർഥിയെ നിർത്താതെ സമാജ്‍വാദി പാർട്ടി പിന്തുണച്ചതു കൊണ്ടു കൂടിയായിരുന്നു സോണിയയുടെ വമ്പൻവിജയം. ആ ധൈര്യം 2024ലെ തിരഞ്ഞെടുപ്പിൽ ഒരു പക്ഷേ, കോൺഗ്രസിന് റായ്ബറേലിയിൽ ഉണ്ടായേക്കില്ലെന്നു തെളിയിക്കുന്നതാണ് പുതിയ ഫലം. 

റായ്ബറേലിയിലെ അഞ്ചിൽ നാലിടത്തും ഒന്നാമതെത്തിയത് എസ്പിയാണ്. റായ്ബറേലി നിയമസഭാ മണ്ഡലത്തിൽ മാത്രം ബിജെപി വിജയിച്ചു. ഈ മണ്ഡലങ്ങളിലെല്ലാം മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെടാനായിരുന്നു കോൺഗ്രസിന്റെ വിധി. റായ്ബറേലി (6.5%), ബച്‍രാവൻ(27%), ഹർചന്ദ്പുർ (8.05%), സരേനി (19.71%), ഉൻചാഹൻ (4.7%) എന്നിങ്ങനെയാണ് റായ്ബറേലിയിലെ നിയമസഭാ മണ്ഡലങ്ങളിൽ ഈ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വോട്ടുസമ്പാദ്യം. 

English Summary: UP Elections 2022: Congress Loses Strongholds Amethi and Rae Bareli, What is Next?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com