ADVERTISEMENT

ന്യൂഡൽഹി∙ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് കോൺഗ്രസ്. എഐസിസി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. ഡി.കെ.ശിവകുമാർ ഏക ഉപമുഖ്യമന്ത്രിയാകും. പാർലമെന്റ് തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാർ പിസിസി അധ്യക്ഷനായി തുടരുമെന്നും കെ.സി. വേണുഗോപാൽ അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ.

‘‘സിദ്ധരാമയ്യ വളരെ അനുഭവസമ്പത്തുള്ള നേതാവാണ്. വിശ്രമമില്ലാതെ അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രവർത്തിച്ചു. ഡി.കെ.ശിവകുമാർ കർണാടകയിൽ കോൺഗ്രസിന്റെ ഏറ്റവും വലിയ മുതൽക്കൂട്ടാണ്. രണ്ട് പേർക്കും മുഖ്യമന്ത്രിയാകാൻ ആഗ്രഹമുണ്ട്. അവർക്ക് അതിന് യോഗ്യതയുണ്ട്. കോണ്‍ഗ്രസ് സമവായത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടിയാണ്. മുഖ്യമന്ത്രി പദം പങ്കിടില്ല’’– വേണുഗോപാൽ പറഞ്ഞു.

ഭാരത് ജോഡോ യാത്രയുടെ ബാക്കിപത്രമായാണ് കർണാടകയിൽ വിജയം നേടാൻ സാധിച്ചതെന്നും വേണുഗോപാൽ പറഞ്ഞു. രാഹുൽ ഗാന്ധിക്കു നന്ദിപറയുന്നു. സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർക്കു നന്ദി പറയുന്നു. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ് ഏകാധിപത്യത്തിൽ വിശ്വസിക്കുന്ന പാർട്ടിയല്ല. അധികാര വീതംവയ്പിനെക്കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ അധികാരം ജനങ്ങളുമായാണ് പങ്കുവയ്ക്കുന്നതെന്നായിരുന്നു കെ.സി.വേണുഗോപാലിന്റെ മറുപടി.

കർണാടകയിലേത് സാധാരണക്കാരുടെ വിജയമെന്ന് രൺദീപ് സിങ് സുർജേവാല പറഞ്ഞു. രാഹുൽ ഗാന്ധിയുടെ യാത്രയാണ് വലിയ വിജയത്തിന് കാരണമായത്. കോൺഗ്രസിന്റെ മുഴുവൻ നേതാക്കളുമായും ചർച്ച നടത്തിയാണ് കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് തീരുമാനം എടുത്തത്. മുതിർന്ന േനതാക്കളിൽനിന്നും യുവനേതാക്കളിൽനിന്നും അഭിപ്രായം തേടി. കർണാടകയിൽ കോൺഗ്രസ് സുസ്ഥിരവും സുതാര്യവുമായ സർക്കാർ രൂപീകരിക്കും. മറ്റു പാർട്ടി നേതാക്കളെ സത്യപ്രതി‍ജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

English Summary:  Karnataka CM: KC Venugopal's Press Meet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com