ADVERTISEMENT

സെന്റ് ജോൺസ് (ന്യൂഫൗണ്ട്‌ലാൻഡ്, കാനഡ)∙ ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ അപ്രത്യക്ഷമായ ടൈറ്റൻ എന്ന സമുദ്രപേടകത്തിനായി വ്യാപക തിരച്ചിൽ പുരോഗമിക്കവെ, രക്ഷാപ്രവർത്തകർക്ക് പ്രതീക്ഷ നൽകി ചില ശബ്ദവീചികൾ. കടലിനടിയിലെ രക്ഷാപ്രവർത്തനത്തിനിടെ, അര മണിക്കൂറിന്റെ ഇടവേളയിൽ വലിയ ശബ്ദം കേട്ടതായി യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഈ ശബ്ദം നിരീക്ഷിക്കാനായി നാലു മണിക്കൂറിനുശേഷം പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. തുടർന്നും ശബ്ദം കേട്ടതായി സിഎൻഎൻ ഉൾപ്പെടെയുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

യുഎസ് വിദഗ്ധർ ഈ ശബ്ദം വിശകലനം ചെയ്യുകയാണ്. ശബ്ദം കേട്ട ഭാഗം കേന്ദ്രീകരിച്ച് രക്ഷാപ്രവർത്തനം ഊർജിതമാക്കിയതായി അധികൃതർ അറിയിച്ചു. സമുദ്ര പേടകത്തിനായുള്ള തിരച്ചിൽ ഇന്ന് മൂന്നാം ദിവസത്തിലേക്കു കടന്നിരുന്നു. ഞായറാഴ്ചയാണ്, യാത്രയാരംഭിച്ച് രണ്ടു മണിക്കൂറിനുള്ളിൽ സമുദ്രപേടകവുമായുള്ള ബന്ധം നഷ്ടമായത്.

സമുദ്ര പേടകത്തിനുള്ളിലെ ഓക്സിജന്റെ അളവ് കുറഞ്ഞുവരികയും, സമുദ്ര പേടകം എവിടെയാണെന്നതു സംബന്ധിച്ച് യാതൊരു സൂചനകളും ലഭിക്കാതെ രക്ഷാപ്രവർത്തകർക്കിടയിൽ നിരാശ വ്യാപിക്കുകയും ചെയ്ത ഘട്ടത്തിലാണ് പ്രതീക്ഷ നൽകി ശബ്ദവീചികൾ പുറത്തുവന്നത്. ഇതോടെ, സമുദ്രപേടകത്തിലെ സഞ്ചാരികളെ ജീവനോടെ കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് രക്ഷാപ്രവർത്തകരും യാത്രക്കാരുടെ കുടുംബാംഗങ്ങളും.

അറ്റ്ലാന്റിക് സമുദ്രത്തിൽ 1912ൽ തകർന്ന ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ 5 പേരുമായി ഇന്ത്യൻ സമയം ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഓഷൻഗേറ്റ് കമ്പനിയുടെ ‘ടൈറ്റൻ’ എന്ന സമുദ്രപേടകം കടലിലിറങ്ങിയത്. സമുദ്രപേടകത്തിൽ 96 മണിക്കൂർ സമയത്തേക്കുള്ള ഓക്സിജൻ ഉണ്ടെന്നാണ് വിലയിരുത്തൽ‌. ഓക്സിജൻ ഉപയോഗം കൂടിയാൽ ഈ സമയദൈർഘ്യം കുറയും. മുങ്ങിക്കപ്പൽ ഇതുവരെ കണ്ടെത്താനായിട്ടില്ല എന്നത് ആശങ്ക വർധിപ്പിക്കുന്നു.

വ്യാഴാഴ്ചയോടെയെങ്കിലും സമുദ്രപേടകം കണ്ടെത്തിയില്ലെങ്കിൽ പ്രതീക്ഷകൾ അസ്തമിക്കുമെന്നിരിക്കെയാണ്, പ്രതീക്ഷയായി അജ്ഞാത ശബ്ദം പുറത്തുവന്നത്. ദുബായിൽ താമസിക്കുന്ന ബ്രിട്ടിഷ് വ്യവസായിയും ആക്‌ഷൻ ഏവിയേഷൻ കമ്പനിയുടെ ചെയർമാനുമായ ഹാമിഷ് ഹാർഡിങ്, പാക്കിസ്ഥാനിലെ കറാച്ചി ആസ്ഥാനമായ ബഹുരാഷ്ട്രക്കമ്പനി എൻഗ്രോയുടെ വൈസ് ചെയർമാനും ശതകോടീശ്വരനുമായ ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ, പേടകത്തിന്റെ പൈലറ്റ് ഫ്രഞ്ച് പൗരനായ പോൾ ഹെൻ‌റി നാർസലേ, ഓഷൻഗേറ്റ് കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ സ്റ്റോക്ടൻ റഷ് എന്നിവരാണ് സമുദ്ര പേടകത്തിലുള്ളത്.

2009ൽ സ്റ്റോക്ടൻ റഷ് സ്ഥാപിച്ച ഓഷൻഗേറ്റ് കമ്പനി 2021 മുതൽ ടൈറ്റാനിക് പര്യവേക്ഷണം നടത്തുന്നുണ്ട്. ടൈറ്റാനിക് അവശിഷ്ടങ്ങൾ കാണാൻ ഒരാൾക്ക് 2 കോടി രൂപയാണു ടിക്കറ്റ് നിരക്ക്.

English Summary: Missing Titanic submersible live updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com