ADVERTISEMENT

ന്യൂയോർക്ക് ∙ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകുന്നതിനിടെ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്രപേടകത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ടൈറ്റന്റെ അന്തർഭാഗത്തെ കുറിച്ചും സംഘത്തിനു നൽകുന്ന പരിശീലനത്തെ കുറിച്ചുമുള്ള വിവരങ്ങൾ പുറത്തു വന്നു. സമുദ്രാന്തർഭാഗത്തേക്ക് എത്തുമ്പോൾ ഉണ്ടാകുന്ന തണുപ്പിനെ പ്രതിരോധിക്കുന്നതിനായി ചൂട് നിലനിർത്തുന്ന ഭിത്തി, ടോയ്‌ലറ്റ് സൗകര്യം, വിഡിയോ ഗെയിം കൺട്രോളർ എന്നിവ ടൈറ്റനിലുണ്ട്.

ഗെയിം കൺട്രോളർ വഴിയാണ് ടൈറ്റന്റെ പ്രവർത്തനം. അഞ്ച് യാത്രക്കാരുമായി കടലിന്റെ അടിത്തട്ടിലേക്കു നീങ്ങിയ ടൈറ്റൻ രണ്ടു മണിക്കൂറിനുള്ളിൽ അപ്രത്യക്ഷമാവുകയായിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടിലേക്ക് ഇറങ്ങുന്നതിനു മുൻപുതന്നെ പേടകത്തിനകത്ത് ഇവരെ പൂട്ടിയിട്ടിരുന്നു. 

ടൈറ്റൻ എന്ന സമുദ്രപേടകം

ലോകത്തിൽ തന്നെ സ്വകാര്യ ഉടമസ്ഥതയിലുള്ള ഏക സമുദ്രപേടകമാണ് ടൈറ്റൻ. മറൈൻ കമ്പനിയായ ഓഷൻഗേറ്റ് എക്സിപിഡിഷൻസിന്റെ ഉടമസ്ഥതയിലാണ് ടൈറ്റൻ സമുദ്രപേടകം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ ഏറ്റവും അടുത്തു കാണാമെന്നതാണ് ഈ സമുദ്രപര്യവേഷണത്തിന്റെ പ്രധാന ആകർഷണം

ടൈറ്റാനിക്കിന്റെ അവശിഷ്ടം (Photo: WHOI Archives/Woods Hole Oceanographic Institution/Handout via REUTERS)
ടൈറ്റാനിക്കിന്റെ അവശിഷ്ടം (Photo: WHOI Archives/Woods Hole Oceanographic Institution/Handout via REUTERS)

2015ലാണ് ഓഷൻഗേറ്റ് ആദ്യമായി ‘സൈക്ലോപ്സ്’ എന്ന സമുദ്രപേടകം പരീക്ഷിച്ചത്. തുടർന്നാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി വിനോദ സഞ്ചാരികൾക്കു അവസരം നൽകാൻ ടൈറ്റൻ നിർമിച്ചത്. സാധാരണ മനുഷ്യന് കാണാൻ കഴിയാത്ത സമുദ്രാന്തർഭാഗത്തെ വിസ്മയം നിങ്ങൾക്കു കാണാനുള്ള അവസരം ടൈറ്റൻ ഒരുക്കുമെന്നാണ് ഈ യാത്രയെ കുറിച്ച് ഓഷൻഗേറ്റിന്റെ അവകാശവാദം.

Read more at: ഇടിക്കുന്ന ശബ്ദം സോനാറിൽ!, അപ്രത്യക്ഷമായ ടൈറ്റനിൽ നിന്നോ?, പ്രതീക്ഷയിൽ ലോകം...

കമ്പനി പറയുന്നതനുസരിച്ച് ടൈറ്റന് ഏകദേശം 10,432 കിലോഗ്രാം ഭാരമുണ്ട്. 6.7 മീറ്ററാണ് നീളം. കാർബൺ, ഫൈബർ, ടൈറ്റാനിയം എന്നിവ ഉപയോഗിച്ചാണ് ടൈറ്റന്റെ നിർമാണം. പേടകത്തിന്റെ ഇരുഭാഗത്തുമായി ടൈറ്റാനിയം കവചങ്ങളും എയറോസ്പേസും ഉണ്ട്. സമുദ്രാന്തർഭാഗത്ത് 13,123 അടി താഴ്ചയിൽ ടൈറ്റൻ സഞ്ചരിക്കും. അതായത് ഏകദേശം 4000 മീറ്റർ താഴ്ചയിൽ. യുഎസ് അന്തർവാഹിനി യുഎസ്എസ് ഡോൾഫിൻ പോലും 900 മീറ്റർ താഴ്ചയിലാണ് സഞ്ചരിക്കുക. 

അറ്റ്ലാന്റിക് സമുദ്രത്തിനടിയിൽ 3,800 മീറ്റർ താഴ്ചയിലാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ ഉള്ളത്. അന്തർവാഹിനികളെ അപേക്ഷിച്ച് സമുദ്രപേടകങ്ങൾക്കു ചില പരിമിതികളുണ്ട്. ഇവ വിക്ഷേപിക്കാനും വീണ്ടെടുക്കാനും മറ്റൊരു കപ്പലിന്റെ സഹായം ആവശ്യമാണെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു. 

2018ൽ ആയിരുന്നു ടൈറ്റന്റെ പരീക്ഷണാടിസ്ഥാനത്തിലുള്ള ആദ്യ സമുദ്രാന്തർ ദൗത്യം. 2021ലായിരുന്നു യാത്രക്കാരുമായി ടൈറ്റന്റെ കന്നിയാത്ര. കഴിഞ്ഞ വര്‍ഷം 10 ഡൈവുകൾ‌ ടൈറ്റൻ നടത്തി. ഇവയൊന്നും ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ തേടിയുള്ള യാത്രയായിരുന്നില്ല. ലോഞ്ചിങ് പ്ലാറ്റ്ഫോമിൽനിന്ന് വേർപ്പെട്ടാൽ മണിക്കൂറിൽ നാലു കിലോമീറ്റർ വേഗത്തിലാണ് ടൈറ്റന്റെ സഞ്ചാരം. ഒരുയാത്രയിൽ ഒരു ദശലക്ഷം ഡോളറാണ് ടൈറ്റന്റെ ഇന്ധന ചെലവെന്ന് ഓഷൻഗേറ്റ് സിഇഒ സ്റ്റോക്ടൺ റഷ് കഴിഞ്ഞവർഷം പറഞ്ഞിരുന്നു. 

ടൈറ്റന്റെ ഉൾവശം

പൈലറ്റ് ഉൾപ്പെടെ അഞ്ചുപേർക്കാണ് ടൈറ്റൻ സമുദ്രപേടകത്തിൽ സഞ്ചരിക്കാനാകുക. പേടകത്തിനുള്ളിലെ സ്ഥിതി തത്സമയം അറിയാൻ റിയൽ ടൈം ട്രാക്കിങ് സംവിധാനം ഉണ്ട്. ശബ്ദതരംഗങ്ങൾ ഉപയോഗിച്ച് വെള്ളത്തിനടിയിലെ കാഴ്ചകൾ കാണാനുള്ള ‘സോനാർ’ സാങ്കേതികവിദ്യയും പേടകത്തിലുണ്ട്. വിഡിയോ, ഫോട്ടോ ചിത്രീകരണത്തിനായി എച്ച്ഡി ക്യാമറകളും യന്ത്രക്കൈയുമുണ്ട്.

Read more at: ഇനി 30 മണിക്കൂറോളം ജീവശ്വാസം മാത്രം, അസാധാരണ തിരച്ചിൽ 

സമുദ്രാന്തർഭാഗത്തേക്കു പോകുമ്പോഴുണ്ടാകുന്ന ശക്തമായ തണുപ്പിനെ അതിജീവിക്കുന്നതിനായി ഭിത്തികൾ ചൂടുള്ളതാണ്. പേടകത്തിനകത്തെ ഭിത്തിയിൽ ലൈറ്റുകൾ ഘടിപ്പിച്ചിരിക്കുന്നു. പേടകത്തിന്റെ മുൻഭാഗത്തായി ഒരു ടോയ്‌ലറ്റുണ്ട്. 96 മണിക്കൂര്‍ ഉപയോഗിക്കാനുള്ള ഓക്സിജനാണു ടൈറ്റനിലുള്ളത്. പേടകത്തിലുള്ളവരുടെ ശ്വാസകോശത്തിന്റെ ആരോഗ്യസ്ഥിതി അനുസരിച്ച് മാറ്റങ്ങൾ സംഭവിക്കാം. 

ടൈറ്റന്റെ പ്രവർത്തനം

titan-file-from-website - 1

സമുദ്രാന്തർഭാഗത്തേക്കു പോകുമ്പോൾ  ജിപിഎസ് സംവിധാനം പ്രവർത്തിക്കില്ല. അതുകൊണ്ടു തന്നെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയാണ് പേടകത്തിലുള്ളവരുമായി ബന്ധപ്പെടുന്നത്. സമുദ്രോപരിതലത്തിൽ നിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച് പൈലറ്റ് പേടകത്തിലെ വിഡിയോ ഗെയിം കൺട്രോളർ പ്രവർത്തിപ്പിക്കും. പൈലറ്റിന് അധികം പരിശീലനം ആവശ്യമില്ലെന്നാണ് കമ്പനി സിഇഒ തന്നെ വ്യക്തമാക്കുന്നത്.  

ടൈറ്റാനിക് പര്യവേഷണം പൂർത്തിയാക്കുന്നതിനായി സാധാരണഗതിയിൽ 8 മണിക്കൂർ സമയമാണ് ആവശ്യമുള്ളത്. 2018ലെ ആദ്യ ദൗത്യത്തിൽ പേടകവുമായുള്ള ബന്ധം രണ്ടു മണിക്കൂറിലധികം വിച്ഛേദിക്കപ്പെട്ടിരുന്നു. 

1) ആഴക്കടലിൽ കാണാതായ ടൈറ്റൻ പേടകം 2) അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ
1) ആഴക്കടലിൽ കാണാതായ ടൈറ്റൻ പേടകം 2) അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ

ടൈറ്റനിലെ സുരക്ഷ

സമുദ്രപേടകത്തെ നിരീക്ഷിക്കുന്നതിനായുള്ള സൗകര്യങ്ങളുണ്ടെന്നാണ് ഓഷൻ ഗേറ്റിന്റെ വെബ്സൈറ്റിൽ പറയുന്നത്. കടലിനടിലെ മർദം മനസ്സിലാക്കുന്നതിനായി സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. പര്യവേഷണത്തിനു മുൻപ് തന്നെ യാത്രക്കാരെ പേടകത്തിനകത്താക്കി പുറത്തുനിന്നു പൂട്ടും. 17 പൂട്ടുകൾ ഉപയോഗിച്ചാണ് പൂട്ടുന്നത്. ഒരുകാരണവശാലും പേടകം അകത്തുനിന്ന് തുറക്കാൻ സാധിക്കില്ല. എന്നാൽ ഈ യാത്രയിൽ പ്രതിസന്ധികൾക്കു സാധ്യതയുണ്ടെന്ന് ടൈറ്റന്റെ പ്രമോഷനൽ വിഡിയോയിൽ ഓഷൻ‌ഗേറ്റ് സോഫ്റ്റ്‌വെയർ സുരക്ഷാ വിദഗ്ധനായ ആരോൺ ന്യൂമാൻ മുന്നറിയിപ്പു നൽകിയിരുന്നു. ‘ഇത് ഡിസ്നിയിലേക്കുള്ള യാത്രയല്ലെന്ന് നിങ്ങൾക്കറിയാം. വലിയ വെല്ലുവിളികൾ ഈ യാത്രയുടെ ഭാഗമാണ്.’– അദ്ദേഹം പറഞ്ഞു. 

ടൈറ്റൻ യാത്രയ്ക്ക് പ്രത്യേക പരിശീലനമില്ല

ടൈറ്റൻ പര്യവേഷണത്തിനായി യാതൊരുവിധത്തിലുള്ള ഡൈവിങ് പരിശീലനവും ആവശ്യമില്ലെന്ന് കമ്പനി അധികൃതർ വ്യക്തമാക്കിയിരുന്നു. യാത്രക്കാർക്കു 18 വയസ്സു പ്രായമുണ്ടായിരിക്കണമെന്നും പരിമിതമായ സ്ഥലങ്ങളിൽ ഇരിക്കാൻ സാധിക്കുന്നവരായിരിക്കണമെന്നും മാത്രമാണ് വ്യവസ്ഥ. യാത്രയ്ക്കു മുൻപ് സുരക്ഷ സംബന്ധിച്ച് ചെറിയ വിവരണവും നൽകും. ഇതിൽ കൂടുതലായി യാതൊരുവിധ സുരക്ഷാ നിർദേശങ്ങളും നൽകാറില്ല. 

English Summary: Titan Sub Mersible Operated With Game Controller

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com