ADVERTISEMENT

തിരുവനന്തപുരം∙ കഴിഞ്ഞ ദിവസം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ തന്റെ പഴയ പ്രസംഗം കുത്തിപ്പൊക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എം.പി. വ്യത്യസ്ത സാഹചര്യങ്ങളിൽ പറഞ്ഞ വ്യത്യസ്ത അഭിപ്രായങ്ങൾ ഇപ്പോൾ കുത്തിപ്പൊക്കുന്നത് ചീപ്പായ ഏർപ്പാടാണെന്ന് മുരളീധരൻ വ്യക്തമാക്കി. സൈബർ ആക്രമണത്തിന്റെ വൃത്തികെട്ട മുഖമാണ് ഇതെന്നും മുരളീധരൻ പറഞ്ഞു. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാൻ പോകരുതെന്നാണ് തന്റെ നിലപാടെന്നും മുരളീധരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ മരണത്തിനു പിന്നാലെ കെ.മുരളീധരന്റെ പഴയ ചില പ്രസംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കോൺഗ്രസ് വിട്ട് ഡിഐസി രൂപീകരിച്ച കാലത്ത് മുരളീധരൻ നടത്തിയ ചില വിവാദ പരാമർശങ്ങളാണ് ഇത്തരത്തിൽ പ്രചരിച്ചത്. ഇതിനെതിരെയാണ് മുരളീധരന്റെ വിമർശനം.

‘‘പാർട്ടി വേറിട്ട കാലത്ത് എന്തെല്ലാം നടന്നിട്ടുണ്ട്? അതൊക്കെ ഇപ്പോൾ ഉന്നയിക്കുന്ന നടപടി വളരെ ചീപ്പാണ്. ആ സിനിമാ നടന്റെ കാര്യം തന്നെ നോക്കൂ. മരിച്ചു കിടക്കുന്നയാളെയാണ് അപമാനിച്ചത്. സൈബർ ആക്രമണങ്ങളുടെ വൃത്തികെട്ട മുഖങ്ങളാണ് ഇതെല്ലാം. അതിനെക്കുറിച്ചൊന്നും മറുപടി പറയേണ്ട കാര്യവുമില്ല.’

‘‘വ്യത്യസ്ത പാർട്ടികളിൽ നിന്ന കാലത്തൊക്കെ പലതും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുകാണും. അതൊക്കെ ആജീവനാന്തം നിലനിൽക്കുന്നതാണോ? ഞാൻ കോൺഗ്രസിൽ തിരിച്ചുവന്നതിനു ശേഷം ഞങ്ങൾ തമ്മിൽ എത്ര സൗഹൃദത്തിൽ പ്രവർത്തിച്ചിട്ടുണ്ട്. വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത അഭിപ്രായം അദ്ദേഹം ഞങ്ങളെക്കുറിച്ചും പറഞ്ഞിട്ടുണ്ടാകും. ഓരോ കാലത്തും പ്രസംഗിക്കുന്നത് കുറ്റിയിട്ടതുപോലെ സ്ഥിരമായി നിൽക്കുമോ? അങ്ങനെ ഒരേ അഭിപ്രായത്തിൽത്തന്നെ ആരാണ് നിന്നിട്ടുള്ളത്?’ – മുരളീധരൻ ചോദിച്ചു.

‘‘വ്യത്യസ്ത അഭിപ്രായങ്ങൾ വ്യത്യസ്ത സാഹചര്യങ്ങളിൽ ഉണ്ടാകും. പക്ഷേ, അതൊക്കെ എടുത്തു കാണിക്കുന്നത് ആരായാലും ചീപ്പായിട്ടുള്ള ഏർപ്പാടാണ്.  ആ ഭാഗത്തേക്ക് ശ്രദ്ധിക്കാൻ പോകരുത്. ഇക്കാര്യത്തിൽ എന്റെ സമീപനം അതാണ്.’ – മുരളീധരൻ പറഞ്ഞു.

English Summary: K Muraleedharan Speaks On His Old Statements Against Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com