ADVERTISEMENT

കോട്ടയം∙ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിത്വം സംബന്ധിച്ച അഭ്യൂഹങ്ങൾക്കു മറുപടിയുമായി അന്തരിച്ച മുൻ മുഖ്യമന്ത്രിയുടെ മകൾ അച്ചു ഉമ്മൻ. സജീവ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും എന്നും ഉമ്മൻ ചാണ്ടിയുടെ മകളായി മാത്രം അറിയപ്പെടാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മൻ മാധ്യമങ്ങളോടു പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളും ചോദ്യങ്ങളും വളരെ നേരത്തേയായിപ്പോയി എന്ന് ചൂണ്ടിക്കാട്ടിയ അച്ചു ഉമ്മൻ, ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്താനാണ് ഇപ്പോൾ മാധ്യമങ്ങൾക്കു മുന്നിൽ വന്നതെന്നും വ്യക്തമാക്കി. ചാണ്ടി ഉമ്മൻ യോഗ്യനായ സ്ഥാനാർഥിയാണെന്നും, എന്നാൽ ആരെ മത്സരിപ്പിക്കണമെന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസ് പാർട്ടിയാണെന്നും അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി.

‘‘അപ്പയെ അടക്കിയിരിക്കുന്ന സ്ഥലത്തേക്കുള്ള ജനത്തിരക്ക് ഇപ്പോഴും കുറഞ്ഞിട്ടില്ല. അതുപോലെ തന്നെ ആളുകൾ ഇവിടെയും വരുന്നുണ്ട്. അപ്പ ഇവിടെയാണ് ആളുകളെ കണ്ടിരുന്നത്. ഇവിടെ വന്ന് അപ്പയുടെ സാന്നിധ്യം അനുഭവിക്കാനായിരിക്കും എല്ലാവരും വരുന്നത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഈ ചോദ്യങ്ങളും ചർച്ചകളുമെല്ലാം വളരെ നേരത്തെയാണെന്ന് എനിക്ക് തോന്നുന്നു. സത്യം പറഞ്ഞാൽ ഈ ചർച്ചകൾ ഒഴിവാക്കേണ്ടതായിരുന്നു. പക്ഷേ ചില പ്രസ്താവനകളും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും കണ്ടപ്പോൾ അതിൽ ഒരു വ്യക്തത വരുത്തേണ്ടത് ആവശ്യമാണെന്ന് തോന്നി. അതുകൊണ്ടാണ് ഇപ്പോൾ പ്രതികരിക്കാമെന്നു കരുതിയത്.’

ചാണ്ടി ഉമ്മൻ യോഗ്യതയുള്ള സ്ഥാനാർഥി തന്നെയാണെന്ന്, ഒരു ചോദ്യത്തോട് പ്രതികരിക്കവെ അച്ചു ഉമ്മൻ ചൂണ്ടിക്കാട്ടി. പക്ഷേ ഈ യോഗ്യതയും ആരാണ് സ്ഥാനാർഥിയാകേണ്ടതെന്ന് തീരുമാനിക്കേണ്ടതും കോൺഗ്രസ് പാർട്ടിയാണ്. ആര് സ്ഥാനാർഥിയാകണം, ആകണ്ട എന്നു പറയാൻ ഞാൻ ആരുമല്ല. പക്ഷേ, ഞാൻ ഈ രംഗത്തേക്ക്, പൊതുപ്രവർത്തന രംഗത്തേക്ക് വരാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമായി പറയുകയാണ് എന്റെ ലക്ഷ്യം.’

‘‘ഞാൻ ജീവിച്ചതും, എവിടെയപ്പോയാലും എന്റെ വിലാസവും ഉമ്മൻ ചാണ്ടിയുടെ മകൾ എന്നതാണ്. അച്ചു ഉമ്മൻ എന്നതിലും ഉപരിയായിട്ട് ഉമ്മൻ ചാണ്ടിയുടെ മകൾ എന്നാണ് എന്റെ പേര്. അവസാനം വരെ അദ്ദേഹത്തിന്റെ മകൾ എന്ന ലേബലിൽത്തന്നെ ജീവിച്ച് മരിക്കാനാണ് എന്റെ ആഗ്രഹം.’ – അച്ചു ഉമ്മൻ പറഞ്ഞു. പുതുപ്പള്ളിയിലെ സ്ഥാനാർഥി ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്ന് മതി എന്ന് കോൺഗ്രസ് പാർട്ടി ഒരു തീരുമാനമെടുത്താൽ അത് കുടുംബത്തിനു കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണെന്നും അച്ചു ഉമ്മൻ പ്രതികരിച്ചു.

‘‘അപ്പയ്ക്ക് ജനങ്ങളിൽനിന്ന് കിട്ടിയ ആ സ്നേഹം, അത് വീണ്ടും വീണ്ടും ഓരോരുത്തരിലൂടെ ഞങ്ങൾ അറിയുകയാണ്. ഓരോരുത്തരും വരുമ്പോൾ ഓരോരോ കഥകളാണ് പറയുന്നത്. ആ കഥകളൊക്കെ കേട്ട് ഞങ്ങൾ അപ്പയെ ഓർത്തുകൊണ്ടിരിക്കുകയാണ്. ഈ സമയത്ത് രാഷ്ട്രീയപരമായ ചോദ്യങ്ങളും ചർച്ചകളും ഒഴിവാക്കണമെന്നാണ് എന്റെ ആഗ്രഹം. അപ്പ 53 വർഷം പുതുപ്പള്ളിയുടെ എംഎൽഎ ആയിരുന്ന വ്യക്തിയാണ്. ഞങ്ങൾ കുടുംബക്കാരേപ്പോലെ തന്നെ പുതുപ്പള്ളിയിലെ ഓരോ വ്യക്തിക്കും ഉമ്മൻ ചാണ്ടിയെ വളരെ നന്നായിട്ട് അറിയാം. പാർട്ടി തിരഞ്ഞെടുക്കുന്നത് ആരെയായാലും ആ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന ഒരാളായിരിക്കും എന്ന് ഉറപ്പാണ്.’ – അച്ചു ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിക്ക് ചികിത്സ ലഭ്യമാക്കാൻ വൈകി എന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളോടും അച്ചു ഉമ്മൻ പ്രതികരിച്ചു. ‘‘ആരോപണങ്ങൾ ഒരുപാട് ഉണ്ടാകുമല്ലോ. ഈ നിൽക്കുന്നതെല്ലാം എന്റെ ബന്ധുക്കളാണ്. ഇതൊന്നും നമ്മൾ ഇവിടെ സംസാരിക്കേണ്ട കാര്യമില്ല. അദ്ദേഹം ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എസ്‌സിജിയിൽ ചികിത്സ തേടിയിരുന്നു. അനാരോഗ്യം ഓരോ ഘട്ടത്തിലായി ബാധിക്കുകയായിരുന്നു.’ – അച്ചു ഉമ്മൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് ഒഴിവു വന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മന്റെ പ്രതികരണം. ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിൽനിന്നു തന്നെ പുതുപ്പള്ളിയിൽ സ്ഥാനാർഥി ഉണ്ടാകുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞിരുന്നു. പിന്നീട് അദ്ദേഹം തന്നെ ‘സ്ഥാർഥിത്വം സംബന്ധിച്ച് ഉമ്മൻ ചാണ്ടിയുടെ കുടുംബവുമായി ആലോചിക്കുന്നുണ്ട്’ എന്നാണ് താൻ ഉദ്ദേശിച്ചതെന്ന് തിരുത്തുകയും ചെയ്തു.

English Summary: Oommen Chandy's daughter Achu Oommen about Controversy over Puthuppally's candidature

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com