ADVERTISEMENT

തിരുവനന്തപുരം∙ അയ്യൻകാളി ഹാളിൽ കെപിസിസി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ, മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കാൻ എഴുന്നേറ്റപ്പോൾ ഉമ്മൻ ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ച് സദസിലുണ്ടായിരുന്ന പാർട്ടി പ്രവർത്തകർ. മുഖ്യമന്ത്രി സംസാരിക്കാനായി എഴുന്നേറ്റതിനു തൊട്ടുപിന്നാലെ ആരോ വിളിച്ചുകൊടുത്ത മുദ്രാവാക്യം മറ്റുള്ളവർ ഏറ്റു വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി മൈക്കിനു മുന്നിൽ ചെന്നുനിന്നിട്ടും മുദ്രാവാക്യം വിളി തുടർന്നതോടെ സമീപത്തുനിന്ന നേതാക്കളിൽ ചിലർ പ്രവർത്തകരോടു നിശബ്ദരാകാൻ ആവശ്യപ്പെട്ടു.

മുദ്രാവാക്യം വിളി തുടർന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഉൾപ്പെടെ ഇടപെട്ടാണ് പ്രവർത്തകരെ നിശബ്ദരാക്കിയത്. വി.ടി.ബൽറാം ഉൾപ്പെടെയുള്ള യുവ നേതാക്കളും വേദിയിൽ എഴുന്നേറ്റുനിന്നു പ്രവർത്തകരോട് നിശബ്ദരാകാൻ ആവശ്യപ്പെട്ടു.

Read more at: ഉമ്മൻ ചാണ്ടി കോൺഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്: മുഖ്യമന്ത്രി

കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അനുസ്മരണ പ്രഭാഷണം പൂർത്തിയായതിനു പിന്നാലെ, അടുത്തതായി മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിക്കുന്നുവെന്ന് അനൗൺസ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് മുദ്രാവാക്യം വിളി ആരംഭിച്ചത്. ‘‘ഉമ്മൻ ചാണ്ടി സിന്ദാബാദ്, കണ്ണേ കരളേ കുഞ്ഞൂഞ്ഞേ, ആരു പറഞ്ഞു മരിച്ചെന്ന്...’ തുടങ്ങിയ മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ ബഹളം വച്ചതോടെയാണ്, മുഖ്യമന്ത്രിക്കു സമീപം നിന്നിരുന്ന നേതാക്കളിൽ ചിലർ ഇടപെട്ടത്. മുദ്രാവാക്യം വിളി നിർത്താൻ ഇവർ ആവശ്യപ്പെട്ടെങ്കിലും പ്രവർത്തകർ ആവേശത്തോടെ ഏറ്റുവിളിച്ചു. തുടർന്ന് വേദിയിലിരുന്ന യുഡിഎഫ് കൺവീനർ എം.എം.ഹസൻ ഉൾപ്പെടെ എഴുന്നേറ്റ് വിലക്കിയതോടെയാണ് പ്രവർത്തകർ നിശബ്ദരായത്. തുടർന്ന് മുഖ്യമന്ത്രി പ്രസംഗം ആരംഭിക്കുകയും ചെയ്തു.

ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

രോഗാവസ്ഥയിലും കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്താനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒന്നിച്ചാണ് നിയമസഭയിലെത്തിയതെങ്കിലും തനിക്കു തുടർച്ചയായി സഭയിലെ അംഗമായി പ്രവർത്തിക്കാൻ കഴിഞ്ഞില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി തുടർച്ചയായി ആ ചുമതല ഭംഗിയായി നിറവേറ്റി. വിവിധ വകുപ്പുകൾ കൈകാര്യം ചെയ്ത് ശോഭിക്കുന്ന ഭരണാധികാരിയെന്നു കേരളത്തിനു മുന്നിൽ തെളിയിച്ചു. രണ്ടു തവണ മുഖ്യമന്ത്രിയായപ്പോഴും ഈ ഭരണപരിചയം അദ്ദേഹത്തിനു ശക്തി പകർന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ
ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽനിന്ന്. ചിത്രം: മനോജ് ചേമഞ്ചേരി ∙ മനോരമ

English Summary: Slogans For Oommen Chandy As CM Pinarayi Vijayan Prepares To Speak In KPCC Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com