ADVERTISEMENT

തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിക്കാൻ കെപിസിസി സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ വെറും 10 സെക്കൻഡ് മാത്രമാണ് പ്രശ്‍നം ഉണ്ടായതെന്നു സൗണ്ട് സെറ്റ് ഉടമ രഞ്ജിത്. പ്രസംഗത്തിനിടെ മൈക്ക് തകരാറിലായതിനു കേസെടുത്ത പൊലീസ്, മൈക്ക് സെറ്റ് കസ്റ്റഡിയിലെടുത്തിരുന്നു. ആരും പരാതിപ്പെടാതെ കേസെടുക്കാൻ മാത്രം ആ വേദിയിൽ മറ്റ് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നു ശ്രദ്ധേയമാണ്.

‘‘വിഐപിയുടെ പ്രസംഗം ഒരു മൈക്ക് ഓപ്പറേറ്ററും മനപ്പൂർവം തടസ്സപ്പെടുത്തില്ല. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടയിൽ വെറും 10 സെക്കൻഡ് മാത്രമായിരുന്നു പ്രശ്നം. അദ്ദേഹം സംസാരിക്കുന്നതിനിടെ തിരക്കിൽ ആളുകൾ കേബിളിൽ തട്ടിയാണു ശബ്ദം തകരാറിലായത്. സാധാരണ എല്ലാ പരിപാടികൾക്കും ‘മൈക്ക് ഹൗളിങ്’ പതിവാണ്. കഴിഞ്ഞദിവസം രാവിലെ കന്റോൺമെന്റ് സിഐ എന്നെ വിളിച്ചിരുന്നു. എന്റെ മൊഴിയെടുത്തു. പരിപാടിക്ക് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും ഹാജരാക്കാൻ ആവശ്യപ്പെട്ടു. അവയെല്ലാം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

Read Also: പാക്ക് ചതിച്ചുവടുകളെ അങ്കമുറകൾ കൊണ്ട് ഞെട്ടിച്ച ഇന്ത്യ; കാർഗിലിലെ മലയാളിപ്പെരുമ

വിദഗ്ധ പരിശോധനയ്ക്കു ശേഷം മൈക്ക് സെറ്റ് തിരിച്ചു തരാമെന്നാണു പൊലീസ് പറയുന്നത്. പരിശോധനയ്ക്കായി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിനു കൈമാറും എന്നാണ് പൊലീസ് അറിയിപ്പ്. അവ എന്നുകിട്ടുമെന്നറിയില്ല. കഴിഞ്ഞ 17 വർഷമായി ഞാൻ ഈ മേഖലയിലുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കമുള്ള വിവിഐപികൾക്കൊക്കെ പരിപാടികളിൽ മൈക്ക് നൽകിയിരുന്നു. രാഹുലിനു സ്ഥിരമായി മൈക്ക് നൽകാറുണ്ട്. ഇതുപോലെ ഹൗളിങ് പതിവാണ്, അസ്വാഭാവികമായി ഒന്നുമില്ല. മുൻപ് ഇത്തരം കേസ് വന്നിട്ടില്ല. ഇങ്ങനെയൊരു അനുഭവം ആദ്യമാണ്’’– രഞ്ജിത് വിശദീകരിച്ചു.

ഉമ്മൻ ചാണ്ടി അനുസ്മരണത്തിന് മൈക്ക് തകരാറിലായതിനു കഴിഞ്ഞ ദിവസമാണു പൊലീസ് കേസെടുത്തത്. പ്രതി ആരെന്നു വ്യക്തമാക്കിയിട്ടില്ല. ആരും പരാതി നൽകാതെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. മുഖ്യമന്ത്രി അനുശോചന പ്രസംഗത്തിനായി ഉപയോഗിച്ചിരുന്ന മൈക്കിൽ ഹൗളിങ് വരുത്തി പ്രസംഗത്തിന് തടസ്സം വരുത്തി. അത് പൊതുസുരക്ഷയെ ബാധിക്കത്തക്ക വിധത്തിൽ പ്രവർത്തിപ്പിച്ച് പ്രതി കേരള പൊലീസ് ആക്ട് 2011, 118 (ഇ) വകുപ്പ് പ്രകാരമുള്ള കുറ്റം ചെയ്തിരിക്കുന്നുവെന്നും എഫ്ഐആറിൽ പറയുന്നു. ബോധപൂർവം പൊതുസുരക്ഷയെ ബാധിക്കുന്ന വിധം പ്രവർത്തിക്കുന്നതിനാണ് 118 (ഇ) വകുപ്പ് ചുമത്തുന്നത്. മുൻപും പല വേദികളിലും മുഖ്യമന്ത്രി പ്രസംഗിച്ചപ്പോൾ മൈക്ക് തകരാറായിട്ടുണ്ടെങ്കിലും പൊതുസുരക്ഷയെ ബാധിക്കുന്ന സംഭവമായി ചിത്രീകരിച്ചു കേസെടുത്തിട്ടില്ല.

English Summary: Sound Set Owner Reveals Details of CM Pinarayi Vijayan's Speech Mishap at commemorate Oommen Chandy programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com