ADVERTISEMENT

കോട്ടയം ∙ അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിയെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പരാമര്‍ശത്തിനെതിരെ സിപിഎം നേതാവ് കെ.അനില്‍കുമാര്‍. സതീശന്റെ നീക്കം പുതുപ്പള്ളിയെ അയോധ്യയാക്കാനാണ്. തിരഞ്ഞെടുപ്പില്‍ സൂത്രത്തില്‍ ജയിക്കാനാണു നീക്കം. ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസാണ് സതീശനെന്നും ഫെയ്സ്ബുക് കുറിപ്പിൽ അനില്‍കുമാര്‍ കുറ്റപ്പെടുത്തി.

എറണാകുളം ഡിസിസിയുടെ ഉമ്മന്‍ ചാണ്ടി അനുസ്മരണത്തിലാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കണമെന്ന പരാമര്‍ശം സതീശന്‍ നടത്തിയത്. മതമേലധ്യക്ഷരുടെ സാന്നിധ്യത്തില്‍ നടന്ന പരിപാടിയിലെ പരാമര്‍ശം വാർത്തയും ചർച്ചയുമായി. പുതുപ്പള്ളി പള്ളിയിൽ ദിവസവും നൂറുകണക്കിന് ആളുകൾ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിക്കുന്ന പശ്ചാത്തലത്തിലായിരുന്നു സതീശന്റെ അഭിപ്രായപ്രകടനം.

വി.ഡി.സതീശനെതിരായ കെ.അനിൽകുമാറിന്റെ കുറിപ്പിൽനിന്ന്: 

എറണാകുളം ഡിസിസിയുടെ അനുശോചന യോഗത്തിൽ പങ്കെടുത്ത് പ്രതിപക്ഷ നേതാവായ അങ്ങുതന്നെയാണു വിശുദ്ധപദവിയുടെ ചർച്ചയ്ക്കു തുടക്കമിട്ടത്. എന്നു മുതലാണു താങ്കൾക്ക് ഉമ്മൻ ചാണ്ടി വിശുദ്ധനായത്. 2016ൽ യുഡിഎഫ് തോറ്റു. അന്നേവരെ നേതാവായിരുന്ന ഉമ്മൻ ചാണ്ടിയെ മാറ്റി പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയെ അവരോധിച്ചപ്പോൾ താങ്കൾക്ക് ഉമ്മൻ ചാണ്ടി വിശുദ്ധനായിരുന്നോ. അതിനു ശേഷം മരിക്കുന്നതുവരെ സാധാരണ എംഎൽഎ മാത്രമായി ഉമ്മൻ ചാണ്ടിയെ പരിമിതപ്പെടുത്തിയതിൽ താങ്കൾ കേരളത്തോട് മാപ്പു പറയുന്നുണ്ടോ? അതിനു ശേഷം ജസ്റ്റിസ് ശിവരാജൻ സോളർ കമ്മിഷൻ റിപ്പോർട്ട് സമർപ്പിച്ചു. അതു പുറത്തു വന്ന ദിവസം താങ്കളുടെ പ്രതികരണം കേട്ടു. ഉമ്മൻ ചാണ്ടി വിശുദ്ധനെന്നു താങ്കൾ പറഞ്ഞില്ല. താങ്കൾ ഉമ്മൻ ചാണ്ടിയെ തള്ളിപ്പറഞ്ഞ യൂദാസ് ആയിരുന്നോ അന്ന്?

തീർന്നില്ല, 2021ൽ കോൺഗ്രസും യുഡിഎഫും നിയമസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും തോറ്റു. വീണ്ടും പ്രതിപക്ഷ നേതൃപദവി. പുണ്യാളൻ നമ്മെ നയിക്കും എന്നു താങ്കൾ പറഞ്ഞില്ല. പുണ്യാളനെയും ചെന്നിത്തലയെയും ഒരുമിച്ച് വെട്ടിവീഴ്ത്തി താങ്കൾ പ്രതിപക്ഷ നേതൃസ്ഥാനം നേടി. നന്ന്. മരണം വരെ ഉമ്മൻ ചാണ്ടിയെ നിങ്ങൾ തഴഞ്ഞില്ലേ. കെ.സുധാകരന്റെ കൂടെ കൂടി മുൻ തലമുറയിലെ നേതാക്കളെ അവഗണിക്കുന്നതിനെതിരെ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഹൈക്കമാൻഡിന്റെ മുന്നിലേക്ക് പോയപ്പോഴും നിങ്ങൾക്ക് പുണ്യാളബോധം ഉണ്ടായില്ല. അവസാനം എ ഗ്രൂപ്പുകാർ ഡൽഹിക്കു പോകാൻ വീണ്ടും തീരുമാനിച്ചപ്പോഴാണ് ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഇപ്പോൾ തിരഞ്ഞെടുപ്പായി. സൂത്രത്തിൽ ജയിക്കണം. അതിനായി ഒരു കെട്ടുകഥ: മിത്തുകളുടെ നിർമിതി. സവർക്കറുടെ ചിത്രത്തിനു മുന്നിൽ വിളക്ക് കൊളുത്താൻ മടിയില്ലാത്ത താങ്കൾക്ക് വിശ്വാസികളെ എങ്ങനെ ചൂഷണം ചെയ്യണമെന്നറിയാം. 

English Summary: CPM Leader K Anil Kumar's Fiery Response to Opposition Leader VD Satheeshan's Controversial Saint Declaration Remark on Oommen Chandy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com